പാലക്കാട് : മിഷൻ സ്കൂൾ ജങ്ഷനുസമീപം പൊതുമരാമത്ത് റോഡിൽ അഴുക്കുചാലിന്റെ സ്ലാബ് തകർന്നുകിടക്കുന്നത് യാത്രക്കാർക്കും വാഹനയാത്രികർക്കും ബുദ്ധിമുട്ടാകുന്നു. ബി.ഇ.എം. സ്കൂൾ ജങ്ഷനുസമീപമുള്ള റോഡിന്റെ വളവിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്ലാബ് തകർന്നുകിടക്കുന്നത്.

To advertise here,

റോഡിന്റെ തിരിയുന്ന ഭാഗത്തായാണ് തകർന്നിരിക്കുന്നത്. തകർന്നഭാഗത്ത് വാഹനങ്ങൾ കയറാതിരിക്കാൻ നിലവിൽ ട്രാഫിക് കോണുകളും റിബണും സ്ഥാപിച്ചിട്ടുണ്ട്.

ഒറ്റപ്പാലം, ഷൊർണൂർ ഭാഗങ്ങളിൽ നിന്ന് ടൗൺ ബസ്‌സ്റ്റാൻഡിലേക്ക് പോകുന്ന വാഹനങ്ങൾ സ്ലാബ് തകർന്നഭാഗം ഒഴിവാക്കാൻ റോഡിന്റെ വലതുവശം ചേർന്നാണ് കടന്നുപോകുന്നത്. ഇത് സ്റ്റേഡിയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ആവശ്യത്തിന് സ്ഥലം ലഭിക്കുന്നതിന് ‌തടസ്സമാകും. പെരുങ്ങോട്ടുക്കുറുശ്ശി, പിരായിരി ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയം സ്റ്റാൻഡിലേക്ക് പോകുന്ന വാഹനങ്ങൾ ആളുകളെ കയറ്റാനായി ഈ ഭാഗത്താണ് നിർത്തുന്നത്.

ഇവിടെനിന്ന് വാഹനം മുന്നോട്ട് എടുക്കുമ്പോഴും ഡ്രൈവർമാർ പ്രയാസപ്പെടുന്നുണ്ട്. ബി.എസ്.എൻ.എൽ.ന്റെ ആൾത്തുളയാണ് തകർന്നിരിക്കുന്നത്.

ഇത് ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ അധികൃതർക്ക് കത്ത് നൽകിയതായി പൊതുമരാമത്ത് അധികൃതർ അറിയിച്ചു.