തൃപ്പൂണിത്തുറ : നഗരത്തിൽ പ്രധാന റോഡരികിൽ വാഹനങ്ങളിലായുള്ള അനധികൃത കച്ചവടങ്ങൾ കാൽനടയാത്രികർക്കും വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനയാത്ര തടസ്സപ്പെടുത്തിയാണ് വഴിയോരക്കച്ചവടം. യാത്രാ തടസ്സങ്ങൾ സൃഷ്ടിച്ചുള്ള വഴിയോരക്കച്ചവടങ്ങൾ പാടില്ല എന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കൂടിയാണിത്. എന്നിട്ടും നഗരസഭാധികൃതരോ പോലീസോ നടപടി എടുക്കുന്നില്ല. തൃപ്പൂണിത്തുറയിൽ സ്റ്റാച്യു ജങ്ഷൻ, കിഴക്കേക്കോട്ട ജങ്ഷൻ, സ്റ്റാച്യു-കിഴക്കേക്കോട്ട റോഡ്, താലൂക്കാശുപത്രി ജങ്ഷൻ, കണ്ണൻകുളങ്ങര റോഡ്, പൂർണത്രയീശ ക്ഷേത്രപരിസരം തുടങ്ങിയ ഭാഗങ്ങളിലൊക്കെ അനധികൃത വഴിയോരക്കച്ചവടങ്ങൾ സ്ഥിരമായുണ്ട്.

To advertise here,

പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയൊക്കെയാണ് ഇവിടെ വാഹനങ്ങളിൽ വിൽപ്പന നടത്തുന്നത്.

സാധനങ്ങൾ വാങ്ങാനായി കാർയാത്രികർ ഉൾപ്പെടെയുള്ളവർ ഈ തട്ടുകളുടെമുന്നിൽ റോഡിൽതന്നെ വാഹനങ്ങൾ നിർത്തിയിടുമ്പോൾ മറ്റ് വാഹനയാത്രികർ മുന്നോട്ടുപോകാനാവാതെ ഗതാഗതക്കുരുക്കിലകപ്പെടുന്നു. തിരക്കേറിയ സ്റ്റാച്യു-കിഴക്കേക്കോട്ട റോഡിൽ ടെമ്പോവാനിലും പെട്ടി ഓട്ടോയിലുമാണ് കച്ചവടം. വാഹനങ്ങൾക്ക് അരികുചേർക്കാൻ പോലും സ്ഥലമില്ല. ആളുകൾക്ക് നടക്കാനും ഇടമില്ല. നടപ്പാതകളാകട്ടെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് ഇളകിയാടുന്നു. സ്ഥിരം കച്ചവടക്കാർ നടപ്പാതകളിൽ സാധനങ്ങൾ നിരത്തി യാത്ര തടസ്സപ്പെടുത്തുന്ന ഇടങ്ങളും ഉണ്ട്.

സ്റ്റാച്യു-ലായം റോഡ്, താലൂക്കാശുപത്രി-കണ്ണൻകുളങ്ങര റോഡ് ഭാഗങ്ങളിൽ അനധികൃത വാഹന പാർക്കിങും ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

നിരന്തരം വലുതും ചെറുതുമായ വാഹനങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന റോഡിലാണ് ഈ അവസ്ഥ. പരാതികൾ ഉയർന്നിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.