കോയമ്പത്തൂർ : ചൊവ്വാഴ്ച നടന്ന കോയമ്പത്തൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ നാടകീയരംഗങ്ങൾ. തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷധമറിയിച്ച് അണ്ണാ ഡി.എം.കെ. അംഗങ്ങൾ റാന്തൽവിളക്കുകളുമായാണ് കൗൺസിൽയോഗത്തിനെത്തിയത്.

To advertise here,

രാവിലെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മേയർ രങ്കനായകിയെയും കമ്മിഷണർ കട്ട രവി തേജയെയും സസ്പെൻഷനിലുള്ള 44-ാം വാർഡ് കോൺഗ്രസ് കൗൺസിലർ ഗായത്രി തടയാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. തുടർന്ന്, ഗായത്രി യോഗഹാളിലേക്കുള്ള വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇത് അവഗണിച്ച് മേയറും കമ്മിഷണറും യോഗഹാളിലേക്ക് കയറി. മേയറുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചയുടൻ അണ്ണാ ഡി.എം.കെ. അംഗങ്ങളായ പ്രഭാകരനും രമേശും തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധമറിയിക്കാൻ റാന്തലുമായി ഹാളിലെത്തുകയായിരുന്നു. പുതിയസർക്കാർ അധികാരത്തിൽവന്നശേഷം കോർപറേഷനിലെ പല പണിയും വേണ്ടരീതിയിൽ നടക്കുന്നില്ലെന്നും പലയിടത്തും തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും ആക്ഷേപമുന്നയിച്ചു. ഡി.എം.കെ. അംഗങ്ങളും ഇതിനെ പിന്തുണച്ചു. കറന്റ് കട്ട് കാരണം നിയമസഭയുടെ പ്രവർത്തനങ്ങൾവരെ മുടങ്ങിയതായി കൗൺസിലർമാർ ആരോപിച്ചു. വികസനപ്രവൃത്തികളുമായി ബന്ധപ്പെട്ട 91 പ്രമേയങ്ങൾ പെട്ടെന്ന് പാസാക്കാനുള്ള മേയറുടെ നീക്കം ഭരണകക്ഷിയിലെ അംഗങ്ങൾതന്നെ എതിർത്തതോടെ പ്രമേയം വായിക്കാൻ ഒരുമണിക്കൂർ അനുവദിച്ചു. പിന്നീട് പ്രമേയങ്ങളെല്ലാം പാസാക്കുകയും ചെയ്തു. എന്നാൽ, ഈ നടപടിയിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ. അംഗങ്ങൾ ഇറങ്ങിപ്പോയി.