കൊപ്പം : യു.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളിലേക്ക് ഫണ്ട് അനുവദിക്കുന്നതിൽ വിവേചനം കാണിക്കയാണെന്നാരോപിച്ച് കൊപ്പംപഞ്ചായത്ത് ഓഫീസിനുമുന്നിൽ യു.ഡി.എഫ്. ജനപ്രതിനിധികളുടെ കുത്തിയിരിപ്പുസമരം. പഞ്ചായത്തോഫീസ് ഉപരോധിച്ച അംഗങ്ങളെ നീക്കാൻ ശ്രമിക്കുന്നതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. തുടർന്ന്, അംഗങ്ങളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് പഞ്ചായത്തോഫീസ് തുറക്കാനായത്.

To advertise here,

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് യു.ഡി.എഫിലെ 10 ജനപ്രതിനിധികൾ ഓഫീസിനുമുന്നിൽ സമരം ആരംഭിച്ചത്. ഓഫീസ് തുറക്കാൻ അനുവദിച്ചില്ല. എൽ.ഡി.എഫ്. അംഗങ്ങളുടെ വാർഡുകളിലേക്ക് അനുവദിച്ച തുകയുടെ പകുതിപോലും യു.ഡി.എഫ്. അംഗങ്ങളുടെ വാർഡുകൾക്ക് അനുവദിച്ചില്ലെന്നും തകർന്ന റോഡുകളുടെ തകർച്ച പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നുമായിരുന്നു ആക്ഷേപം.

യു.ഡി.എഫ്. പ്രവർത്തകരും ഓഫീസിനുമുന്നിൽ തടിച്ചുകൂടി. പോലീസെത്തി സമരക്കാരെ നീക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചു. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിനും കൈയേറ്റത്തിനും ഇടവരുത്തി. മുതിർന്ന നേതാക്കളുമായി പോലീസ് ചർച്ച നടത്തിയെങ്കിലും പ്രവർത്തകർ പ്രതിഷേധവുമായി ഓഫീസിനുമുന്നിൽ തുടർന്നു. 11 മണിയോടെ മുഴുവൻ പ്രവർത്തകരെയും ജനപ്രതിനിധികളെയും ഓഫീസിനുമുന്നിൽനിന്ന്‌ മാറ്റിയാണ് പഞ്ചായത്തോഫീസ് തുറക്കാനായത്.

തുടർന്ന് യു.ഡി.എഫ്‌. നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. സമരത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അജയ്‌ഘോഷ്, എം.സി. അബ്ദുൾ അസീസ്, ഇ. മുസ്തഫ, കമ്മുക്കുട്ടി എടത്തോൾ, ടി. റിയാസുദ്ദീൻ, ടി.കെ. ഷുക്കൂർ, രവി സരോവരം, എ.കെ. മുസ്തഫ, സി.പി. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.