ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്

To advertise here,

മണ്ണാർക്കാട് : അറുപത്തഞ്ചാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മണ്ണാർക്കാട് സ്വദേശിയായ ബി.എസ്.എഫ്. ജവാന് 200 മീറ്ററിൽ മീറ്റ് റെക്കോഡോടെ സ്വർണം. തെന്നാരി പയ്യുണ്ട വീട്ടിൽ ജിഷ്ണുപ്രസാദാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. 20.62 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2024-ൽ തമിഴ്‌നാട് സ്വദേശിയായ നിതിന്റെ പേരിലുള്ള 20.66 ആയിരുന്നു മീറ്റ് റെക്കോഡ്. ഓൾ ഇന്ത്യ പോലീസ് കൺട്രോൾ ബോർഡിനുവേണ്ടിയായിരുന്നു ജിഷ്ണു മത്സരിച്ചത്.

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ബി.എസ്.എഫ്. കോൺസ്റ്റബിളായി ജോലിചെയ്യുന്ന ജിഷ്ണു 2021-ലാണ് ജോലിക്ക് കയറിയത്. അന്നുമുതൽ ദേശീയതലത്തിലും കേരളത്തിനായും നിരവധിതവണ ട്രാക്കിലിറങ്ങുകയും മെഡലുകൾ സ്വന്തമാക്കുകയുംചെയ്തു. സെപ്റ്റംബർ 10-ന് ഡൽഹിയിൽ നടന്ന ഫൈനൽ ഇന്ത്യൻ അത്‌ലറ്റിക്സ് സീരീസിൽ 200 മീറ്ററിൽ 20.63 സെക്കൻഡോടെ രണ്ടാംസ്ഥാനം നേടിയിരുന്നു. അതുവരെയുള്ള വേഗമേറിയ ഇന്ത്യൻ താരങ്ങളിൽ ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കാനുമായി. 2026 മേയിൽ ഫെഡറേഷൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി 200 മീറ്ററിൽ വെള്ളിമെഡൽ നേടി. ജൂലായിൽ ഇന്റർസ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും കേരളത്തിനായി 200 മീറ്ററിൽ വെങ്കലം നേടി.

ഏഷ്യൻ ഗെയിംസിന് യോഗ്യതനേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ പറ്റിയില്ലെന്ന് ജിഷ്ണു പറഞ്ഞു. നിലവിൽ, കേരള സീനിയർ സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിൽ 100, 200 മീറ്ററുകളിലെ സംസ്ഥാന റെക്കോഡും ജിഷ്ണുവിന്റെ പേരിലാണ്. 100 മീറ്ററിൽ 10.42 സെക്കൻഡും 200 മീറ്ററിൽ 21.38 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തത്. നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസിലായിരുന്നു പത്തുവരെ പഠിച്ചത്.

തോട്ടര ഹയർസെക്കൻഡറിയിൽ പ്ലസ്ടുവും പൂർത്തിയാക്കി. തുടർന്ന് അട്ടപ്പാടി പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സ്പൂർത്തിയാക്കി. കൃഷ്ണകുമാർ-മാലതി ദമ്പതിമാരുടെ മകനാണ്. ഭാര്യ: അനുപമ. സഹോദരങ്ങൾ: ജിഷ, ജിതിൻ.