ആലത്തൂർ : സംസ്ഥാനത്ത് ഒന്നാംവിള നെല്ലുസംഭരണത്തിന് രണ്ടുമില്ലുകൾമാത്രം. രണ്ടു മില്ലുകളും പാലക്കാട് ജില്ലയിൽ സംഭരണം തുടങ്ങിയെങ്കിലും കൊയ്ത്ത് ആരംഭിച്ച എല്ലായിടത്തുനിന്നും നെല്ലെടുക്കാൻ ഇവർക്കാകില്ല. മിക്കദിവസവും മഴയുള്ളതിനാൽ നെല്ല് സൂക്ഷിച്ചുവെക്കാൻ കർഷകർ പ്രയാസപ്പെടുകയാണ്. വീടുകളുടെ മുറ്റത്തും സിറ്റൗട്ടിലും ഹാളിലുംവരെ നെല്ല് സൂക്ഷിച്ചിരിക്കുന്ന കാഴ്ചയാണ്. കളമുള്ളവർക്കും സൂക്ഷിപ്പുകേന്ദ്രങ്ങളുള്ളവർക്കുമാത്രമാണ് ഇതൊന്നും പ്രശ്നമല്ലാത്തത്. പ്രാദേശികമായി യന്ത്രസഹായത്തോടെ നെല്ല് കാറ്റത്തിട്ട് ഉണക്കി ചാക്കിലാക്കി സൂക്ഷിക്കുന്ന അരിമില്ലുകളുള്ളതും കർഷകർക്ക് ആശ്രയമാണ്. ഉണക്കിയ നെല്ല് ചാക്കിലാക്കി പാറപ്പുറത്തും പാതയോരത്തും ടാർപ്പായ മൂടി സൂക്ഷിച്ചിരിക്കുന്നവരുമുണ്ട്. ഇങ്ങനെ സൂക്ഷിക്കുന്ന നെല്ലിന് മയിലും കാട്ടുപന്നിയും എലിയും ഭീഷണിയാകുന്നുണ്ട്.
17 മില്ലുകൾ സന്നദ്ധത അറിയിച്ചു
17 മില്ലുകൾകൂടി സപ്ലൈകോയെ നെല്ലുസംഭരണസന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ മില്ലുകൾ മുൻകാലങ്ങളിലെ കരാർപ്രകാരം സംഭരിച്ച നെല്ല് അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറിയതിന്റെയും കൈമാറാൻ അവശേഷിക്കുന്നതിന്റെയും കണക്കെടുപ്പ് (സ്റ്റോക്ക് ക്ലിയറൻസ്) പൂർത്തിയാക്കിയശേഷമേ കരാർ ഒപ്പിടാനാകൂ. ഇത്തരം മില്ലുകൾക്ക് നെല്ലെടുപ്പിൽ പങ്കെടുക്കാൻ, നിബന്ധനകൾക്കു വിധേയമായി സപ്ലൈകോ പ്രത്യേകാനുമതി നൽകിയിരുന്നു. കേന്ദ്ര മാനദണ്ഡപ്രകാരം ഇതിന് അംഗീകാരം ലഭിച്ചാലേ ഇത്തരം മില്ലുകളെ സഹകരിപ്പിക്കാനാകൂ.
കേരള റൈസ് മിൽ അസോസിയേഷനിൽ അംഗത്വമുള്ള ഭൂരിപക്ഷം മില്ലുടമകളും സംഭരണപ്രക്രിയയുമായി പൂർണ സഹകരണത്തിലല്ല. 2021-ൽ നെല്ലിലെ അരിയുടെ അനുപാതത്തിലെ കുറവിന് നഷ്ടപരിഹാരമായി മില്ലുകൾക്ക് നൽകാമെന്ന് മുൻസർക്കാരും നിലവിലെ സർക്കാരും സമ്മതിച്ച 63 കോടിരൂപ ഇനിയും കിട്ടാത്തതാണ് പ്രധാന പ്രശ്നം. കൈകാര്യച്ചെലവ് വർധനയടക്കമുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നു.
നെല്ല് പുറത്ത് വിറ്റഴിക്കുന്നു
സംഭരണകാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നെല്ല് പൊതുവിപണിയിൽ വിൽക്കുകയാണ് കർഷകർ. ആലത്തൂർ സഹകരണബാങ്ക് ജ്യോതിമട്ട കിലോഗ്രാമിന് 34 രൂപയ്ക്കും കാഞ്ചന 29 രൂപയ്ക്കും ഉമ 28 രൂപയ്ക്കും സംഭരിച്ച് വില റൊക്കം കൊടുക്കുന്നത് കർഷകർക്ക് ആശ്വാസമായി. സ്വകാര്യമില്ലുകളുടെ ഏജന്റുമാർ വില ഇടിച്ച് നെല്ലെടുക്കുന്നത് തടയാൻ ആലത്തൂർ സഹകരണബാങ്കിന്റെ ഇടപെടൽ സഹായകരമായി. ഉയർന്ന വില കൊടുക്കാൻ അവരും നിർബന്ധിതരായി. സപ്ലൈകോ സംഭരണവില 30 രൂപയിൽനിന്ന് ഉയർത്തുന്ന കാര്യത്തിലും തീരുമാനമായില്ല.
Published: 13 Oct 2026, 03:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented