പഴനി : പെരിയനായകിയമ്മൻ, തിരു ആവിനൻകുടി, പഴനിമല ക്ഷേത്രങ്ങളിൽ കാപ്പ് കെട്ടുന്ന ചടങ്ങോടെ നവരാത്രി ഉത്സവം തുടങ്ങി. കാപ്പ് കെട്ടുന്ന ചടങ്ങിന്റെ ഭാഗമായി രാവിലെ പഴനി പെരിയനായകിയമ്മൻ ക്ഷേത്രത്തിൽ ഗണപതിപൂജ, പുണ്യാഹവാചനം തുടങ്ങി വിശേഷാൽ പൂജകളും ശിവൻ, നടരാജർ, സോമസ്കന്ദർ, പെരിയനായകിയമ്മൻ, മൂലവർവള്ളി, ദേവസേന മുത്തുക്കുമാരസ്വാമി, ഗണപതി, മയിൽ, സ്വർണക്കുതിര, സ്വർണമയിൽ തുടങ്ങിയ വാഹനങ്ങൾക്കും ദ്വാരപാലകർക്കും കാപ്പ് കെട്ടുന്ന ചടങ്ങും ദീപാരാധനയും നടന്നു.

To advertise here,

ഉച്ചകാലപൂജയിൽ പഴനിമല ക്ഷേത്രത്തിൽ വിശേഷാൽപൂജകൾക്കുശേഷം കാപ്പുകെട്ടുന്ന ചടങ്ങും ദീപാരാധനയും നടന്നു. പഴനി തിരുആവിനൻകുടി, കുഴന്തൈ വേലായുധസ്വാമി ക്ഷേത്രത്തിലും കാപ്പ് കെട്ടുന്ന ചടങ്ങും ദീപാരാധനയും നടന്നു.

നവരാത്രി ഉത്സവം 20വരെ പത്തുദിവസങ്ങളിലായി നടക്കും. ഉത്സവത്തിന്റെ അവസാനദിവസമായ 20-ന് ഉച്ചയ്ക്ക് പഴനിമല ക്ഷേത്രത്തിൽനിന്നു പരാശക്തിവേൽ വന്നികാസുരവധ ചടങ്ങിനായി പുറപ്പെടും.

അവിടെനിന്നു പഴനി തിരു ആവിനൻകുടി ക്ഷേത്രത്തിലേക്കും പിന്നീട് പഴനി പെരിയനായകിയമ്മൻ ക്ഷേത്രത്തിലേക്കും എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് സ്വർണക്കുതിര വാഹനത്തിൽ മുത്തുകുമാരസ്വാമി പരാശക്തി വേലുടൻ വന്നികാസുരനെ വധം ചെയ്യുന്നതിനായി കോതമംഗലത്തിലേക്ക് പുറപ്പാട് നടക്കുന്നതിനാൽ പഴനിമല ക്ഷേത്രം, തിരുആവിനൻകുടി ക്ഷേത്രം, പെരിയ നായകിയമ്മൻ ക്ഷേത്രങ്ങളിൽ നട അടയ്ക്കും. ഈസമയത്ത് ഭക്തർക്ക് ദർശനത്തിന് അനുമതി ഉണ്ടാവല്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.