കൊച്ചി : റോഡ് വികസനത്തിനായി സ്വന്തം സ്ഥലം വിട്ടുനൽകിയപ്പോൾ കോർപ്പറേഷൻ പണിതുനൽകിയ കടമുറികളിൽനിന്ന്, കോർപ്പറേഷൻ തന്നെ കുടിയൊഴിപ്പിക്കാൻ നീക്കം നടത്തുന്നുവെന്ന പരാതിയുമായി വ്യാപാരികൾ. കടകൾ ഒഴിഞ്ഞുപോകാൻ നിർദേശം ലഭിച്ചതോടെ ജീവിതമാർഗം അടയുമെന്ന ആശങ്കയിലാണ് കടയുടമകളും വ്യാപാരികളും.

To advertise here,

വൈറ്റില-ജനതാ റോഡിൽ ടോക് എച്ച് സ്കൂളിലേക്ക് തിരിയുന്ന റോഡിന് എതിർവശത്തായി അമ്പേലിപ്പാടം ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന മുപ്പതോളം കടമുറികൾക്കും നാലുവീടുകൾക്കും നേരേയാണ് കോർപ്പറേഷൻ നടപടി. 2001-ൽ സഹോദരൻ അയ്യപ്പൻ റോഡിന് വീതി കൂട്ടുന്നതിനായി തങ്ങളുടെ സ്ഥലം ഉടമകൾ വിട്ടുനൽകുകയായിരുന്നു. ഇതിനുപകരമായി തൊട്ടടുത്തുള്ള കനാലിന് (തോടിന്) മുകളിൽ സ്ലാബ് പാകി അതിനുമുകളിലാണ് അന്നത്തെ കോർപ്പറേഷനും ജി.സി.ഡി.എ.യും ചേർന്ന് പുതിയ കടമുറികളും താമസിക്കാൻ മുറികളും നിർമിച്ച് വ്യാപാരികൾക്ക് കൈമാറിയത്.

നീരൊഴുക്കുള്ള കനാലിനുമുകളിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവിന്റെയും മറ്റും പേരുപറഞ്ഞ് കടകൾ ഒഴിഞ്ഞുതരണമെന്നാണ് കോർപ്പറേഷൻ നിലവിൽ ആവശ്യപ്പെടുന്നത്. കടമുറികൾ പൊളിച്ചുമാറ്റിയാൽ ഇതിന് പുറകുവശത്തുള്ള സ്വകാര്യവസ്തുക്കൾക്ക് റോഡ് ഫ്രണ്ടേജ് ലഭിക്കുമെന്നും ഇതിനായി പ്രാദേശിക ജനപ്രതിനിധി ഉൾപ്പെടെയുള്ള ചിലർ സമ്മർദം ചെലുത്തുന്നുണ്ടെന്നുമാണ് വ്യാപാരികളുടെ പ്രധാന ആരോപണം.

അതേസമയം, കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരേ വ്യാപാരികൾക്ക് അനുകൂലമായി താത്കാലിക സ്റ്റേ നിലനിൽക്കുന്നുണ്ട്.

റോഡ് വികസനത്തിനായി സ്ഥലം നൽകിയ തങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരമോ, പകരം പുനരധിവാസത്തിന് സൗകര്യമോ വേണം. തങ്ങൾക്ക് പകരം കെട്ടിടം ഉടൻ നൽകണം.

നിലവിലെ കെട്ടിടം പൊളിക്കുന്നതിന് എതിർപ്പില്ലെന്നും വികസനത്തിന് എതിരല്ലെന്നും കടയുടമകളിൽ ഒരാളായ ടി.എ. ജോർജ് വ്യക്തമാക്കി.

ബദൽ മാർഗങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് മേയർ

:മുൻകാലങ്ങളിൽ ഉണ്ടായ അപാകതകൾ ആവർത്തിക്കാനാവില്ലെന്ന് മേയർ വി.കെ. മിനിമോൾ. കനാലിനുമുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടത്തിലെ താമസക്കാർക്ക് പുനരധിവാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. കനാലിനുമുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കഴിയുന്ന വ്യാപാരികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി മൂന്ന് ബദൽ മാർഗങ്ങൾ അവരെ അറിയിച്ചിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി. മെട്രോ റെയിൽ കടന്നുപോകുമ്പോഴും മറ്റും കെട്ടിടങ്ങൾ വല്ലാതെ കുലുങ്ങുന്നുണ്ട്. കനാലിലെ വെള്ളം കാരണം തൂണുകൾ തുരുമ്പെടുക്കാനും സാധ്യതയുണ്ട്. ഏതെങ്കിലും ദിവസം അപകടം ഉണ്ടാകും മുൻപ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. വൈറ്റിലയിൽ പുതിയതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ഷോപ്പിങ് കോംപ്ലക്സിൽ വ്യാപാരികൾക്ക് കടമുറികൾ നൽകുകയോ മറ്റ് ബദലുകൾ കണ്ടെത്തുകയോ ചെയ്യാം. നാലുകുടുബങ്ങളാണ് താമസത്തിൽ ഉള്ളത്. അവരെ തുരുത്തി ഫ്ലാറ്റുകളിൽ ഉൾക്കൊള്ളിക്കാം. ലൈഫ് മിഷൻ പദ്ധതിയിലൂടെ ഒൻപതര ലക്ഷം രൂപ വീടിനുനൽകാൻ സാധിക്കും. എന്നാൽ അതിൽ കൂടുതലുള്ള തുക ലഭ്യമാക്കാൻ സി.എസ്.ആർ. ഫണ്ടിലൂടെയും സ്ഥലവും വാങ്ങുന്നതിന് ഔദ്യോഗിക ഉത്തരവുകൾക്കായി ശ്രമിക്കുക എന്നിവയാണ് കോർപ്പറേഷൻ മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ. “അന്നത്തെ റോഡ് നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയപ്പോൾ പുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞിരുന്നവരെ കനാലിന് മുകളിൽ നിർമിച്ച കെട്ടിടത്തിലേക്ക് പുനരധിവസിപ്പിച്ചു. മുകളിലെ മുറികളിൽ പകുതിയും തകർച്ചയുടെ വക്കിലാണ്. ഈ പദ്ധതികളുമായി മുന്നോട്ടുപോകാതെ നീട്ടിക്കൊണ്ടുപോവുകയാണെങ്കിൽ, പെട്ടെന്ന് ഒരുദിവസം ഇത് പൊളിഞ്ഞുവീണാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും”- മേയർ പറഞ്ഞു.