​ചെന്നൈ : കൃഷ്ണ നദീജലം വിട്ടുകിട്ടുന്നതിനെക്കുറിച്ചും കാവേരിയും ഗോദാവരിയും തമ്മിൽ സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി ജോസഫ് വിജയ്‌യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമ്മിൽ ചർച്ച നടത്തി. വിജയവാഡയിലെ ക്യാമ്പ് ഓഫീസിലായിരുന്നു ചർച്ച.

To advertise here,

തെലുങ്കു-ഗംഗ പദ്ധതിപ്രകാരം ആന്ധ്രപ്രദേശ് വർഷവും 12 ടി.എം.സി. അടി വെള്ളം തമിഴ്‌നാടിന് വിട്ടുതരണം. എന്നാൽ, ഈ വർഷം വളരെകുറച്ച് വെള്ളംമാത്രമാണ് വിട്ടുനൽകിയത്.

ഇതുമൂലം ചെന്നൈ നഗരത്തിലെ ജലസംഭരണികളിലെ ജലശേഖരം 34 ശതമാനമായി കുറഞ്ഞു. ഈ മാസംതന്നെ രണ്ട് ടി.എം.സി. അടി വെള്ളം വിട്ടുതരണമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് ആവശ്യപ്പെട്ടു. അതോടൊപ്പം ഗോദാവരി-കൃഷ്ണ-കാവേരി നദികൾ തമ്മിൽ സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി.

നദീജല സംയോജനപദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുത്ത് നടത്തണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഈ വർഷം കർണാടകയും തമിഴ്‌നാടിന് വെള്ളം വിട്ടു നൽകിയില്ലെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് ചർച്ചയിൽ വ്യക്തമാക്കി.

ചന്ദ്രബാബു നായിഡുവുമായുള്ള ചർച്ചയ്ക്കുമുൻപ് കനകദുർഗ അമ്മൻ ക്ഷേത്രത്തിൽ വിജയ് ദർശനം നടത്തിയിരുന്നു. ആന്ധ്രപ്രദേശ് സന്ദർശനത്തിൽ മന്ത്രിമാരായ ആദവ് അർജുന, എൻ. ആനന്ദ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.