അനങ്ങനടി : ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ കിഴൂർമുതൽ ചെർപ്പുളശ്ശേരിവരെയുള്ള അപകടക്കുഴികൾ അടച്ചുതുടങ്ങി. ഒന്നാംഘട്ടപണികൾ കഴിഞ്ഞ ഭാഗമാണിത്. അവസാനഘട്ട ടാറിങ്ങ് പണി നിലച്ചതോടെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിരുന്നു. നല്ല പാതയാണെന്നു കരുതി വാഹനങ്ങൾ വേഗത്തിലാണ് ഇതുവഴി യാത്രചെയ്യുന്നത്. ഇതോടെ വാഹനങ്ങൾ പാതയിലെ ഇടയ്ക്കുള്ള വലിയ കുഴികളിൽപ്പെടുകയും അപകടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.

To advertise here,

നാട്ടുകാരുടെയും വാഹനയാത്രികരുടെയും പരാതിയെത്തുടർന്നാണ് കെ.ആർ.എഫ്.ബി. കുഴികൾ താത്കാലികമായി അടച്ചുതുടങ്ങിയത്.

നിലവിൽ കിഴൂർമുതൽ ചെർപ്പുളശ്ശേരിവരെയുള്ള ആറുകിലോമീറ്റർ ദൂരം മറ്റൊരു കരാറുകാരനാണ് പണിതത്. ഒന്നാംഘട്ടപണികൾ പൂർത്തിയായെങ്കിലും പിന്നീട് പണി നിലയ്ക്കുകയായിരുന്നു. ഇതോടെ റോഡിൽ കുഴികളും നിറഞ്ഞു.

മഴപെയ്തതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണം ഇരുചക്രവാഹനയാത്രികർ കൂടുതലായും കുഴിയിൽ വീഴുന്ന സ്ഥിതിയായിരുന്നു. കാർ, ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഒറ്റപ്പാലം-ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള ഒട്ടേറെ സ്വകാര്യബസുകളും സ്കൂൾബസുകളും ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്ന പാതയാണിത്. നിലവിൽ പുതിയ കരാറുകാരനെ കണ്ടെത്തിയതിനുശേഷമാകും റോഡ് നവീകരിക്കുകയെന്ന് അധികൃതർ പറഞ്ഞു.