പാലക്കാട് : വ്യായാമപ്രിയർക്ക് സന്തോഷിക്കാം. ചെറിയ കോട്ടമൈതാനത്തെ ഓപ്പൺ ജിംനേഷ്യം നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വീണ്ടും തുറക്കുന്നു. നഗരത്തിലെ ഒട്ടേറെപേർ ദിവസേന ആശ്രയിക്കുന്ന ജിംനേഷ്യം നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചു 5.50 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.

To advertise here,

പഴയ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കൊപ്പം നിരവധി പുതിയ അത്യാധുനിക ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

എം.ബി. രാജേഷ് എം.പി.യായിരുന്ന കാലത്താണ് കോട്ടമൈതാനത്ത് ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കപ്പെട്ടത്. എം.പി. ഫണ്ടിൽനിന്നും തുകയനുവദിച്ചായിരുന്നു നിർമാണം. തുടർന്ന് ജിംനേഷ്യം ഒട്ടേറെപ്പേർ പ്രയോജനപ്പെടുത്തിയിരുന്നു. കോട്ടമൈതാനത്തും പരിസരത്തും രാവിലെയും വൈകീട്ടുമായി വ്യായാമത്തിനിറങ്ങുന്നവർ ജിംനേഷ്യത്തിലെത്തിയിരുന്നു. എന്നാൽ കാലക്രമേണ ഇവിടുത്തെ ഉപകരണങ്ങൾക്ക് നശിക്കാൻ തുടങ്ങി. തുറസായ സ്ഥലത്തായതിനാൽ വെയിലും മഴയുമേറ്റ് ഉപകരണങ്ങൾ കേടുവന്നു. ഇടയ്ക്ക്‌ ചെറിയ കേടുപാടുകൾ നഗരസഭയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇപ്പോൾ ജിംനേഷ്യം പൂർണമായും മോടിപിടിപ്പിച്ചിരിക്കുകയാണ്.

ചെസ്റ്റ് പ്രെസ് ഡബിൾ, സ്കൈ വാക്കർ, സ്കൈ വാക്കർ സിംഗിൾ, സിംഗിൾ സിറ്റ് അപ്പ് ബോർഡ്, മങ്കി ബാർ, ട്രിപ്പിൾ ട്വിസ്റ്റർ, ബാക്ക് എക്സ്റ്റൻഷൻ, ട്വിസ്റ്റർ സ്റ്റാൻഡിങ് ആൻഡ് സീറ്റിങ്, സ്റ്റെയർ സ്റ്റെപ്പർ, ഹിപ്പ് ഫ്ലെക്സർ, ലെഗ് എക്സ്റ്റൻഷൻ, ലെഗ് പ്രെസ്ഡബിൾ, എയർ വാക്കർ എന്നീ ഉപകരണങ്ങളാണ് പുതുതായി സ്ഥാപിച്ചത്. നവീകരിച്ച ജിംനേഷ്യം ശനിയാഴ്ച രാവിലെ എട്ടിന് പാലക്കാട് നഗരസഭാധ്യക്ഷൻ പി. സ്മിതേഷ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കായി ദിവസവും രാവിലെ അഞ്ചുമുതൽ ഒൻപത് വരെയും വൈകീട്ട് അഞ്ചുമുതൽ എട്ട് വരെയുമാണ് ജിംനേഷ്യം തുറന്നു പ്രവർത്തിക്കും.