പാവറട്ടി : സെന്ററിലെ ഗതാഗതപരിഷ്കരണം പൂർണ ഫലപ്രാപ്തിയിലെത്താൻ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആവശ്യമായ വീതിയിൽ റോഡ് വികസിപ്പിക്കണം.

To advertise here,

ഗതാഗതപരിഷ്കരണത്തിന് തടസ്സമാകുന്ന കാലപ്പഴക്കംചെന്നതും റോഡ് വീതികൂട്ടലിന് തടസ്സമായി നിൽക്കുന്നതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാലേ സെന്ററിൽ വികസനമുണ്ടാകൂ.

കുണ്ടുവക്കടവ് റോഡിലെ കെട്ടിടവും സെന്ററിലെ ട്രേഡിങ് കമ്പനി കെട്ടിടവുമാണ് പൊളിച്ചുനീക്കാൻ പരിഗണനയിലുള്ളത്. കുണ്ടുവക്കടവ് റോഡിലെ കെട്ടിടത്തിന്റെ മൂല്യനിർണയം നടത്തി തുടർനടപടികൾ വേഗത്തിലാക്കുന്നുണ്ട്.

ട്രേഡിങ് കമ്പനി കെട്ടിടം പൊളിച്ചുനീക്കുന്നതിന് കൂടുതൽ ചെലവ് വരുന്നതിനാൽ മൂല്യനിർണയം നടത്തി തുക അനുവദിക്കുന്നതിനായി സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഗതാഗതപരിഷ്കരണത്തിലെ അപാകങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നിരുന്നു.  

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലെ വിവിധ തീരുമാനങ്ങൾ

പാലുവായ് റോഡ് ജങ്ഷനിൽ പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം ഉടൻ നിർമിക്കും

ബസ്‌സ്റ്റാൻഡിൽ ചിറ്റാട്ടുകര ഭാഗത്തേക്കുള്ള ബസുകൾ പിന്നിലേക്കു മാറ്റി നിർത്താൻ തീരുമാനിച്ചു

ചിറ്റാട്ടുകര റോഡിലേക്കിറങ്ങുന്ന ഭാഗത്ത് റോഡിന്റെ ഉയരവ്യത്യാസം കാരണം വാഹനങ്ങളുടെ അടിഭാഗം തട്ടുന്ന പ്രശ്നം പരിഹരിക്കാൻ നടപടിയുണ്ടാകും

ബസ്‌സ്റ്റാൻഡിൽ പുതുതായി നിർമിച്ച കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലൂടെയുള്ള വഴിയിൽ ബസുകൾക്കു മാത്രമായിരിക്കും പ്രവേശനം

ചാവക്കാട് റോഡിൽ ബസ്‌സ്റ്റാൻഡിലേക്കുള്ള പ്രവേശനഭാഗത്ത് മാക്സ്‌വെല്ലിനു മുന്നിൽ ബസുകൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിർത്താൻ പാടില്ല. ബസുകൾ സ്റ്റാൻഡിനുള്ളിൽ മാത്രം നിർത്തണമെന്ന നിർദേശവും കർശനമാക്കും.

കുണ്ടുവക്കടവ് റോഡിൽ അമ്പാടി ബിൽഡിങ്ങിനു മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതിന്‌ ക്രമീകരണമേർപ്പെടുത്തും.

ഓട്ടോറിക്ഷകൾക്കും ടാക്സി വാഹനങ്ങൾക്കും പഞ്ചായത്ത് ഐ.ഡി. കാർഡ് നൽകും.

ഈ കാർഡുള്ള വാഹനങ്ങളെ മാത്രമേ പഞ്ചായത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക്ചെയ്യാൻ അനുവദിക്കൂ.