മേൽപ്പാലത്തിൽ യന്ത്രഗോവണിയും വേണം
ഷൊർണൂർ : റെയിൽവേ സ്റ്റേഷനിൽ രണ്ടാം മേൽപ്പാല നിർമാണം എങ്ങുമെത്തിയില്ല. റെയിൽവേ സ്റ്റേഷനിൽ ആദ്യം പണിത മേൽപ്പാലം മൂന്നുവർഷത്തോളമായി പൊളിച്ചിട്ടിരിക്കുകയാണ്. രണ്ടാമതായി പണിത മേൽപ്പാലം മാത്രമാണ് നിലവിൽ യാത്രക്കാർക്ക് ആശ്രയം. പൊളിച്ചിട്ടിരിക്കുന്ന സ്ഥലത്ത് പുതിയ മേൽപ്പാലം നിർമിക്കാൻ പദ്ധതിയുണ്ടെങ്കിലും നിർമാണം ആരംഭിക്കാൻ പോലുമായിട്ടില്ല.
ഏഴ് പ്ലാറ്റ്‌ഫോമുകളുള്ള റെയിൽവേ സ്റ്റേഷനിൽ രാപകൽ വ്യത്യാസമില്ലാതെ യാത്രക്കാരുണ്ടാകും. ഇവർക്ക് പ്രവേശന കവാടത്തിലെത്താനും പ്രവേശന കവാടത്തിൽനിന്ന് ആവശ്യമായ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാനും ഒരു മേൽപ്പാലം മാത്രമാണുള്ളത്. ഒരു മേൽപ്പാലം മാത്രമായതോടെ പ്രായമായവരും കുട്ടികളുമായെത്തുന്ന രക്ഷിതാക്കളുമെല്ലാം ബുദ്ധിമുട്ടിലാണ്.
യാത്രക്കാർക്ക് കയറേണ്ട ബോഗികൾ നിലവിലുള്ള മേൽപ്പാലത്തിൽനിന്നു ദൂരെയാണെങ്കിൽ യാത്രക്കാരെല്ലാം ഏറെദൂരം നടക്കേണ്ടതായി വരും. പ്രവേശനകവാടത്തിൽനിന്ന് ആവശ്യമായ പ്ലാറ്റ്‌ഫോമുകളിലേക്കെത്താൻ ബാറ്ററി കാറുണ്ടെങ്കിലും എല്ലായാത്രക്കാർക്കും ഇതിന്റെ സൗകര്യവും ഉപയോഗിക്കാനാവാറില്ല. ഒരാൾക്ക് 20 രൂപവീതം നൽകണം.
മേൽപ്പാലത്തിൽ ലിഫ്റ്റ് സൗകര്യമുണ്ടെങ്കിലും നാലേ അഞ്ചോ പേർക്കുമാത്രമാണ് ഒരു സമയം ഉപയോഗിക്കാനാവുക. പ്ലാറ്റ്‌ഫോമുകളിലേക്കിറങ്ങാനും കയറാനും തന്നെ അൻപതോളം ചവിട്ടുപടികളുണ്ട്.
മേൽപ്പാലത്തിലേക്ക് കയറാൻ യന്ത്രഗോവണി എന്നതും യാത്രക്കാരുന്നയിക്കുന്ന ആവശ്യമാണ്.
മറ്റെല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും മേൽപ്പാലത്തിലേക്ക് യന്ത്രഗോവണികൾ നിർമിച്ചപ്പോൾ ഷൊർണൂരിൽമാത്രം നിർമിച്ചില്ല. മാത്രമല്ല, രണ്ടാം മേൽപ്പാല നിർമാണം തുടങ്ങാത്തതും യാത്രാബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് പരാതി. ഇക്കാര്യം യാത്രക്കാരുമായുള്ള, റെയിൽവേ ഡിവിഷൻ റെയിൽവെ മാനേജർ പങ്കെടുത്ത സംവാദപരിപാടിയിലും യാത്രക്കാർ ഉന്നയിച്ചിരുന്നു.
Published: 30 Oct 2026, 03:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented