മണ്ണാർക്കാട് : മണ്ണാർക്കാട്-ചിന്നത്തടാകം റോഡിൽ തെങ്കര ചിറപ്പാടംമുതലുള്ള നവീകരണപ്രവൃത്തികൾ ആനമൂളിയെത്തുംമുൻപേ വീണ്ടും നിലച്ചു. നിലവിൽ ഒരാഴ്ചയിലധികമായി ഒരു പ്രവൃത്തികളും നടക്കുന്നില്ലെന്ന് കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർ അറിയിച്ചു. കരാറുകാരന്റെ സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് അറിയുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രവൃത്തികൾ എത്രയുംവേഗം പുനരാരംഭിക്കണമെന്നും അടുത്തമാസത്തോടെ ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കണമെന്നും കരാറുകാരന് നിർദേശം നൽകിയതായും അറിയിച്ചു.
ആദ്യറീച്ചിലുള്ള എട്ടുകിലോമീറ്റർ ദൂരത്തിലെ 1.5 കിലോമീറ്റർ ദൂരം റോഡ് നവീകരണമാണ് ഇടയ്ക്കുവെച്ച് നിർത്തിയും മന്ദഗതിയിലും നീങ്ങിക്കൊണ്ടിരിക്കുന്നത്. റോഡിന്റെ ഉപരിതലമൊരുക്കൽ പ്രവൃത്തികളാണ് പൂർത്തിയാക്കേണ്ടത്. ഇതിൽ ആനമൂളി പെട്രോൾപമ്പുവരെയുള്ള ഒരുകിലോമീറ്ററിലധികം ദൂരം റോഡ് ഉപരിതലമൊരുക്കൽ പൂർത്തിയായതിനുശേഷം പിന്നീടിതുവരെ പണികൾ തുടങ്ങിയിട്ടില്ല.
ഈ മാസം 25-ന് ആദ്യഘട്ട ടാറിങ് പ്രവൃത്തികൾ തുടങ്ങാനാകുമെന്നാണ് കരാറുകാരൻ അറിയിച്ചിരുന്നതെങ്കിലും പ്രവൃത്തികൾ മുന്നറിയിപ്പില്ലാതെ നിർത്തുകയായിരുന്നു. ഇനിയും 250 മീറ്റററിലധികംദൂരം റോഡ് പൊളിച്ച് മെറ്റൽ നിരത്തി ഉപരിതലം പരുവപ്പെടുത്തേണ്ടതുണ്ട്. ഇതിനുശേഷം ജി.എസ്.ബി.യിട്ട് മിശ്രിതമൊഴിച്ച് പണികൾ തുടങ്ങുകയുംവേണം. ചിറപ്പാടംമുതൽ ആനമൂളിവരെയുള്ള ആദ്യഘട്ട ടാറിങ് പൂർത്തിയായതിനുശേഷം അഴുക്കുചാലുകളുടെ പ്രവൃത്തിയും നടത്തേണ്ടതുണ്ട്.
കരാറുകാരനെ മാറ്റിയാൽ അവശേഷിക്കുന്ന പ്രവൃത്തികൾക്കായി പുതിയ ദർഘാസ് ക്ഷണിച്ച് ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോഴേക്കും കാലതാമസം വരുമെന്നതിനാലാണ് നിലവിലുള്ള കരാറുകാരനെക്കൊണ്ടുതന്നെ പണികൾ പൂർത്തീകരിക്കാൻ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2023 ഓഗസ്റ്റിലാണ് ആദ്യറീച്ചിന്റെ പ്രവൃത്തികൾ തുടങ്ങിയത്. ഇതിനകം പത്തിലധികംതവണയെങ്കിലും പ്രവൃത്തികൾ നിർത്തിവെക്കുകയുമുണ്ടായി. 44 കോടിരൂപ ചെലവിലാണ് നിർമാണപ്രവൃത്തികൾ നടത്തിവരുന്നത്.
പത്താംവളവിലെ കലുങ്കുനിർമാണം പൂർത്തിയായി
അട്ടപ്പാടി ചുരത്തിലെ പത്താംവളവിൽ റോഡിനു നടുവിൽ ഗർത്തമുണ്ടായ ഭാഗത്ത് പുതിയ കലുങ്കുനിർമാണം പൂർത്തിയായി. പഴയ കലുങ്കിന്റെ ഒരുഭാഗത്തെ വലിയ പൈപ്പ് മാറ്റിയാണ് ഇവിടെ കോൺക്രീറ്റ് സ്ലാബ് നിർമിച്ചത്.
മറുവശത്തെ കോൺക്രീറ്റ് സ്ലാബുമായി ഇത് ബന്ധിപ്പിക്കുകയും ചെയ്തു. ചുരം നവീകരണപ്രവൃത്തികൾ നടത്തുന്ന കരാർ കമ്പനിയാണ് കലുങ്കിന്റെ പ്രവൃത്തികളും പൂർത്തിയാക്കിയത്. ഗതാഗതനിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്.
കോൺക്രീറ്റ് സ്ലാബിൽ വെള്ളം നനയ്ക്കുന്ന പ്രവൃത്തികൾ ഒരാഴ്ചയിലധികം വേണ്ടിവരും. ഇതിനുശേഷമേ ഈ ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുക്കൂ.
Published: 30 Oct 2026, 03:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented