മൂന്നുകോടി രൂപയുടെ പദ്ധതിയിൽ ജലസേചനവകുപ്പ് നടപടി തുടങ്ങി
ഒറ്റപ്പാലം : വെള്ളംകയറുന്നത് തടയാൻ ഒറ്റപ്പാലത്തെ രണ്ട് തോടിന്റെ ഭാഗത്തും സംരക്ഷണഭിത്തി കെട്ടും. വെള്ളംകയറൽ പ്രശ്നവും സ്ഥലത്തിന്റെ വശമിടിയുന്ന പ്രശ്നവും നേരിട്ടിരുന്ന കണ്ണിയംപുറം തോട്ടിലും പാർക്ക് നിർമിക്കാനായി സ്ഥലം കണ്ടെത്തിയ ഈസ്റ്റ് ഒറ്റപ്പാലം കിഴക്കേ തോടിനുമാണ് സംരക്ഷണഭിത്തി കെട്ടുന്നത്. ഇതിനായി ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതിരേഖ തയ്യാറാക്കാൻ തുടങ്ങി.
സംസ്ഥാനസർക്കാർ ബജറ്റിൽ മൂന്നുകോടിരൂപ ഉൾപ്പെടുത്തിയാണ് ഭിത്തി കെട്ടുന്നത്. കണ്ണിയംപുറം തോട്ടിൽ കുഴിക്കാട്ടിൽ അയ്യപ്പൻകാവുമുതലുള്ള പ്രദേശത്താണ് സംരക്ഷണഭിത്തി കെട്ടുന്നത്. കണ്ണിയംപുറം വായനശാല, തോട്ടക്കര പോസ്റ്റോഫീസ് എന്നീ വാർഡുകളുടെ പ്രദേശത്തുള്ള തോടിന്റെ 700 മീറ്ററാണ് ഭിത്തികെട്ടുക.
സ്ഥിരം വെള്ളംകയറൽ ഭീഷണി നേരിടുന്ന ഗാന്ധിനഗർ പ്രദേശത്തുൾപ്പെടെ ഇരുവശത്തും സംരക്ഷണഭിത്തിയൊരുങ്ങും. ഗാന്ധിനഗറിൽ തോടിനോടുചേർന്ന് നിരന്തര മണ്ണിടിച്ചിലുണ്ടായി അപകടസാഹചര്യമുള്ള ആലപ്പറമ്പിൽ കെ.എം. വാസുദേവന്റെ വീടുൾപ്പെട്ട പ്രദേശത്തും ഭിത്തി കെട്ടും.
ശക്തമായ മഴപെയ്താൽ പ്രദേശങ്ങളിൽ വെള്ളംകയറി വീട് മാറിത്താമസിക്കേണ്ട സ്ഥിതിയായിരുന്നു. വെള്ളപ്പൊക്ക കാലത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഭിത്തികെട്ടണമെന്ന ആവശ്യവും നിരന്തരമായി ഉയരുന്നുണ്ട്. ഒപ്പം റോഡരികിൽ മണ്ണിടിയുന്ന പ്രശ്നവുമുണ്ട്. ഭിത്തി കെട്ടിയാൽ പ്രശ്നപരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കിഴക്കേ തോട്ടിൽ നിലവിൽ പാലത്തിനുസമീപത്തായാണ് കുട്ടികളുടെ പാർക്കിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. തോടിന് കുറുകേ കടക്കാൻ ഒരു തൂക്കുപാലമുൾപ്പെടെ നിർമിക്കുന്നുണ്ട്. ഇതിനൊരുവശത്ത് ഭിത്തിപണിയും. 250 മീറ്റർ നീളത്തിലാണ് ഇവിടെ ഭിത്തിപണിയുക. ഇത് പാർക്കിനും ഗുണകരമാകും.
ഇരുതോട്ടിലും മൂന്നുമീറ്ററോളം ഉയരത്തിൽ ഭിത്തികെട്ടാനാണ് ലക്ഷ്യം. ഇതിനായി ജലസേചന വകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചിരുന്നു. ഉടൻ പദ്ധതിരേഖ തയ്യാറാക്കി സമർപ്പിക്കാനാണ് ലക്ഷ്യം.
Published: 30 Oct 2026, 03:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented