പാറഖനനത്തിനുശേഷം പാറമടകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ഉപേക്ഷിക്കുന്നത് അപകടഭീഷണിഉയർത്തുന്നു
പട്ടാമ്പി : പാറഖനനത്തിനുശേഷം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ഉപേക്ഷിക്കുന്ന പാറമടകൾ അപകടക്കയങ്ങളാകുന്നു. നിയമപ്രകാരം ഖനനം കഴിഞ്ഞ പാറമടകൾ സുരക്ഷിതമായി മൂടുകയോ ജലാശയങ്ങളായി നിലനിർത്തുകയോ വേണം. ഈ മാർഗങ്ങളും ഫലപ്രദമായി നടപ്പാവുന്നില്ല.
തിരുമിറ്റക്കോട് അകിലാണത്ത് ഉപേക്ഷിക്കപ്പെട്ട ക്വാറി മൂടുന്ന ജോലിയിലേർപ്പെടുമ്പാഴാണ് ഒരു കുടുംബത്തിന് അവരുടെ അത്താണി നഷ്ടമായത്. ചാത്തനൂർ ചാലാച്ചി വീട്ടിൽ കുഞ്ഞറമുവിന്റെ മകൻ അബു താഹിറാണ്, ഓടിച്ചിരുന്ന ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്കു മറിഞ്ഞ് മരിച്ചത്.
2017-ൽ തൃത്താല മേഴത്തൂരിൽ ഉപേക്ഷിക്കപ്പെട്ട ക്വാറിയിൽ കുളിക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളായ രണ്ടു കുട്ടികൾ മരിച്ചിരുന്നു. ദേശീയപാതയ്ക്കായി തൃത്താല മേഖലയിൽനിന്നാണ് വലിയ അളവിൽ മണ്ണ് കൊണ്ടുപോയിരുന്നത്.
ഉപയോഗശൂന്യമാവുന്ന പാറമടകളിൽ മഴക്കാലമായാൽ രൂക്ഷമായ വെള്ളക്കെട്ടും രൂപപ്പെടും.
അപകടക്കുഴിയറിയാതെ കുട്ടികളും യുവാക്കളും ഇവിടെയിറങ്ങി അപകടത്തിൽപ്പെടുന്ന സംഭവങ്ങളും ഒട്ടേറെയാണ്. തൃത്താല മേഖലയിൽ ഒട്ടേറെ കുന്നുകളുണ്ട്.
ഇവിടെയൊക്കെ മണ്ണെടുപ്പും നടക്കുന്നുണ്ട്. ഏറെ പാറമടകളുമുണ്ട്.
ഈ മേഖലകളിൽ പാറ പൊട്ടിച്ച ശേഷവും മണ്ണെടുത്ത ശേഷവും സുരക്ഷിതമാർഗങ്ങളൊരുക്കാത്ത നിലയിലാണ്.
മഴക്കാലത്ത് ഉയർന്ന പ്രദേശങ്ങളിലെ ക്വാറികളിലെ വെള്ളം താഴേക്ക് ഒലിച്ചെത്തുന്നതും പ്രശ്നമാണ്. പാറമടകൾ മണ്ണിട്ടുമൂടുമ്പോൾ ആവശ്യത്തിന് സുരക്ഷാസംവിധാനം ഒരുക്കാത്തതും പ്രശ്നമാണ്.
ശരിയായി സംരക്ഷിച്ച് വേലികെട്ടിത്തിരിച്ചാൽ ഇവയെ അതതു പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള വൻകിട മഴവെള്ളസംഭരണികളാക്കി മാറ്റാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു.
Published: 31 Oct 2026, 03:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented