വിശദപരിശോധന വേണമെന്ന് വിദഗ്ധസംഘം

To advertise here,

പാലക്കാട്: സംസ്ഥാനസർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ വിദഗ്ധസംഘം അട്ടപ്പാടിയിലെ ഊരുകളിൽ നടത്തിയ പ്രാഥമികപരിശോധനയിൽ കുട്ടികളിൽ തൂക്കക്കുറവും പോഷകാഹാരക്കുറവും കണ്ടെത്തി. വരുംദിവസങ്ങളിലും പരിശോധന നടത്തി ആവശ്യമുള്ള കുട്ടികളെ വിശദപരിശോധനയ്ക്ക് ആശുപത്രികളിലെത്തിക്കും. ചീരക്കടവ്, ഒമ്മല, ഗോഞ്ചിയൂർ ജനകീയാരോഗ്യകേന്ദ്രങ്ങളിലും അതിനോടുചേർന്ന ഊരുകളിലുമാണ് വ്യാഴാഴ്ച മൂന്നുസംഘമായി തിരിഞ്ഞ് ഡോക്ടർമാർ എത്തിയത്.

ഊരുകളിൽനിന്ന് കുട്ടികളെയും അമ്മമാരെയും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് പലപ്പോഴും ശ്രമകരമാണെന്ന് ആശാവർക്കർമാർ വിദഗ്‌ധസമിതിയെ അറിയിച്ചു. വീടുകളിൽ പോഷകാഹാരങ്ങൾ ഉണ്ടാക്കുന്നത് കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇവർ സമിതിയെ അറിയിച്ചു.

അട്ടപ്പാടിയിലെ ശിശുമരണങ്ങളെത്തുടർന്നാണ് ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ഹരികുമാറിന്റെ നേതൃത്വത്തിൽ പത്ത് ഡോക്ടർമാരടങ്ങിയ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചത്. എൻ.എച്ച്.എം. ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. ജോയ് ജോണുമായി ബന്ധപ്പെട്ട് പഠനം നടത്താനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ശനിയാഴ്ച മന്ത്രിമാരായ കെ. മുരളീധരനും കെ.എ. തുളസിയും അട്ടപ്പാടിയിൽ എത്തുന്നതിനുമുൻപ് പ്രാഥമികപഠനം പൂർത്തിയാക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

വ്യാഴാഴ്ച അഗളി കുടുംബാരോഗ്യകേന്ദ്രം, കോട്ടത്തറ താലൂക്ക് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. ആദ്യപരിശോധനയിൽ ആശുപത്രികളിലെ സൗകര്യങ്ങൾ തൃപ്തികരമാണെന്ന് സമിതിയംഗങ്ങൾ പറഞ്ഞു. ഷോളയൂരിൽ കുഞ്ഞ് മരിച്ച കുടുംബത്തെയും സന്ദർശിച്ചു.

ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. അനിത, എൻ.എച്ച്.എം. ജില്ലാതല പ്രോഗ്രാം കോഡിനേറ്റർ ഡോ. റിയാസ്, കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ, അഗളി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ, അഗളി ഹെൽത്ത് സൂപ്പർവൈസർ ശിവാനന്ദൻ എന്നിവർ സമിതിക്ക് വിവരങ്ങൾ കൈമാറി. വെള്ളിയാഴ്ചയും സമിതി സന്ദർശനം തുടരും.