പറമ്പിക്കുളത്ത് ഭക്ഷ്യസുരക്ഷാ കമ്മിഷൻ സന്ദർശനംനടത്തി

To advertise here,

പാലക്കാട് : പറമ്പിക്കുളത്തെ കച്ചിത്തോട് ഉന്നതിയിൽ അങ്കണവാടി അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ. പറമ്പിക്കുളത്തെ ഉന്നതികളിലെ സന്ദർശനത്തിടെയായിരുന്നു കമ്മിഷൻ അറിയിച്ചത്. വിവിധ വകുപ്പുകൾ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പറമ്പിക്കുളം മേഖലയിലെ സുങ്കം, അഞ്ചാംകോളനി, എർത്ത് ഡാം എന്നീ ഉന്നതികൾ, തൂണക്കടവ് ഗവ. ട്രൈബൽ വെൽഫെയർ എൽ.പി. സ്കൂൾ, അങ്കണവാടികൾ, കുടുംബശ്രീ കരകൗശല യൂണിറ്റ്, റേഷൻകടകൾ എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.

കച്ചിത്തോട് കോളനിയിൽ സഞ്ചരിക്കുന്ന റേഷൻകട അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മിഷൻ അറിയിച്ചു. കുട്ടികൾ സ്കൂളുകളിലേക്കും അങ്കണവാടികളിലേക്കും കൃത്യമായി എത്തുന്നുണ്ടോയെന്നും അവിടങ്ങളിൽ നൽകുന്ന ഭക്ഷണത്തിന്റെയും മറ്റ് സേവനങ്ങളുടെയും നിലവാരവും വിലയിരുത്തി. ഉറവംപാടി കോളനിയിലെ താത്കാലിക അധ്യാപികയ്ക്ക് വേതനംലഭിക്കാത്ത സാഹചര്യം പരിശോധിക്കുമെന്നും അറിയിച്ചു. അഞ്ചാംകോളനി അങ്കണവാടിയിൽ വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യം പരിശോധിക്കാൻ മുതലമട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

കമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ, കമ്മിഷൻ അംഗം മുരുകേഷ് ചെറുനാലി എന്നിവർ നേതൃത്വംനൽകി. ജില്ലാ സപ്ലൈ ഓഫീസർ എ.എസ് ബീന, ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസർ മുസ്തഫ, ജൂനിയർ സൂപ്രണ്ട് രഞ്ജിനി, ശിശുവികസന വകുപ്പ്, ട്രൈബൽ വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, ഫോറസ്റ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പോലീസും പങ്കെടുത്തു.