മുൻകരുതൽ എടുക്കുന്നതിൽ അധികൃതർക്ക് വീഴ്‌ചയെന്ന് പരാതി

To advertise here,

തിരുപ്പൂർ : കാങ്കയത്തിന് സമീപം മഴയത്ത് മരം മുറിഞ്ഞുവീണ് 53-കാരി മരിച്ചു. കാങ്കയം റെഡ്‌ഡിപാളയം നിവാസി പെരുമാളിന്റെ ഭാര്യ മരിയാളാണ് (53) മരിച്ചത്. കടയിൽ പാൽ വാങ്ങാൻ പോയപ്പോൾ ശക്തമായ കാറ്റോടുകൂടി മഴ പെയ്തതിനാൽ മരിയാൾ പുളിമരച്ചുവട്ടിൽ അഭയം തേടുകയായിരുന്നു. അപ്പോഴാണ് മരം ഒടിഞ്ഞ് അവരുടെ മേൽ വീണത്.

സംഭവംകണ്ട് ഓടിക്കൂടിയവർ കാങ്കയം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളം ഒഴുകിപ്പോകുന്നതിനുള്ള മതിയായ സംവിധാനങ്ങളുടെ അഭാവം കാരണം പൊങ്കലൂർ, ഊത്തുക്കുഴി, പല്ലടം പ്രദേശങ്ങളിൽ പലയിടങ്ങളിലായി വെള്ളിയാഴ്ചയും ശനിയാഴ്ചയും വൻതോതിലുള്ള വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഗതാഗതത്തെ സാരമായി ബാധിച്ചതുകൂടാതെ ഓവുചാൽ ചെളിയും മാലിന്യവും കൊണ്ട് അടഞ്ഞതിനാൽ പരിസരങ്ങളിലെ വീടുകളിലേക്കും വെള്ളം കയറിയതായി പരാതിയുയർന്നിട്ടുണ്ട്.

തിരുപ്പൂർ നഗരത്തിലൂടെ കടന്നുപോകുന്ന നൊയ്യൽ നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തിരുപ്പൂർ അനൈപാളയത്ത് നദിക്കുകുറുകെയുള്ള തറപ്പാലം വെള്ളത്തിൽ മുങ്ങി.

ജില്ലയിൽ പല സ്ഥലങ്ങളിലും രണ്ടുദിവസമായി ശക്തമായ മഴ പെയ്തെങ്കിലും അമരാവതി, തിരുമൂർത്തി അണക്കെട്ട് പ്രദേശങ്ങളിൽ നേരിയതോതിലുള്ള മഴമാത്രമാണ് ലഭിച്ചത്. രണ്ട് അണക്കെട്ടിലേക്കുമുള്ള നീരൊഴുക്കും വളരെ കുറഞ്ഞ അളവിൽ തുടരുന്നു.