ചെർപ്പുളശ്ശേരി : പമ്പിങ് സ്റ്റേഷനും പമ്പ് സെറ്റുകളും ഒരുങ്ങി. ശുദ്ധീകരണശാലയോടുകൂടിയ കൂറ്റൻ ജലസംഭരണിയും അവസാന ഘട്ടത്തിലെത്തി. എന്നാൽ, നാല് തദ്ദേശസ്ഥാപനങ്ങളിൽ വേനലിൽ കുടിവെള്ളം ഉറപ്പാക്കണമെങ്കിൽ തൂതപ്പുഴയിൽ തടയണയൊരുങ്ങണം.
കാറൽമണ്ണ പാപ്പറമ്പ് കടവിൽ കഴിഞ്ഞവർഷം ഡിസംബറിൽ തുടങ്ങിയ കോൺക്രീറ്റ് തടയണ നിർമാണം ഇപ്പോൾ നിലച്ച നിലയിലാണ്.മഴയെത്തിയപ്പോൾ പുഴയിൽ വെള്ളംകയറിയതോടെയാണ് തടയണനിർമാണം നിലച്ചത്. തടയണ നിർമാണം വേഗം പുനരാരംഭിക്കാത്തപക്ഷം പദ്ധതി ഈ വേനലിൽ നടപ്പാക്കുന്നതിന് തിരിച്ചടിയാണ്.
65 ശതമാനം പ്രവൃത്തിയാണ് ഇപ്പോൾ തടയണയിൽ പൂർത്തിയായിട്ടുള്ളത്.ചെർപ്പുളശ്ശേരി നഗരസഭയിലും തൃക്കടീരി, അനങ്ങനടി, ചളവറ ഗ്രാമപ്പഞ്ചായത്തുകളിലേക്കുമായുള്ള
ചെർപ്പുളശ്ശേരി സമഗ്ര കുടിവെള്ളപദ്ധതിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ജലഅതോറിറ്റി സ്ഥിരംതടയണ വേണമെന്ന് തീരുമാനിച്ചത്. ഇതേത്തുടർന്ന് 6.9 കോടി രൂപയുടെ അടങ്കലിൽ ചെറുകിട ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് തടയണ നിർമാണം.
മണൽനിറച്ച ചാക്കുകൾകൊണ്ട് വെള്ളം കെട്ടിനിർത്തിയശേഷം പുഴയുടെ മധ്യഭാഗത്ത് താത്കാലിക ഓവുപാലങ്ങൾ നിർമിച്ച് അതിലൂടെ വെള്ളം ഒഴുക്കിവിട്ടുകൊണ്ടാണ് തടയണയുടെ അടിത്തറ കോൺക്രീറ്റ് പണി പൂർത്തിയാക്കിയത്.രണ്ടേകാൽമീറ്റർ വീതമാണ് തടയണയുടെയും ഷട്ടറുകളുടെയും ഉയരം. 101 മീറ്റർ നീളത്തിലും ഏഴരയടിയോളം ഉയരത്തിലുമാണ് സംഭരണശേഷി.
വെള്ളം കെട്ടിനിർത്തുന്ന തടയണയുടെ ഇരുകരയിലും 200 മീറ്റർ നീളത്തിലും തടയണയിൽനിന്ന് വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്ത് ഇരുകരയിലും 90 മീറ്റർ നീളത്തിലും കോൺക്രീറ്റ് പാർശ്വഭിത്തികൾ നിർമിച്ചുകഴിഞ്ഞു.
സമയബന്ധിതമായി നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ കാലവർഷം തുടങ്ങി. പുഴയിൽ നീരൊഴുക്ക് ക്രമാതീതമായി വർധിച്ചതോടെ നിർമാണപ്രവൃത്തികൾ നിർത്തിവെക്കേണ്ടിവന്നു. തടയണയിൽ കെട്ടിനിർത്തുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ വെള്ളം തുറന്നുവിടുന്നതിനുമായി 10 ഷട്ടറുകളാണ് സ്ഥാപിക്കുകയെന്നും ചെറുകിട ജലസേചനവകുപ്പ് അധികൃതർ അറിയിച്ചു. കാറൽമണ്ണ പാപ്പറമ്പ് കടവിലെ പമ്പിങ് സ്റ്റേഷൻവരെയും പന്നിയംകുറുശ്ശിയിലെ ശുദ്ധീകരണശാലയോടുകൂടിയ കൂറ്റൻ ജലസംഭരണിവരെയും വൈദ്യുതലൈനുകൾ വലിച്ചു കഴിഞ്ഞു. എത്രയുംവേഗം പണി പുനരാരംഭിക്കാതിരുന്നാൽ ബൃഹദ്കുടിവെള്ള പദ്ധതിയെ ആകെ ബാധിക്കും.
Published: 17 Oct 2026, 03:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented