കോട്ടുവള്ളി : കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രഷീലാ ബെന്നി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്നും ഇറങ്ങിപ്പോയി. തുടർന്ന് പഞ്ചായത്ത് ഓഫീസിനുമുൻപിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കഴിഞ്ഞ എട്ടിനുചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്നും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായുള്ള പടലപ്പിണക്കത്തേത്തുടർന്ന് പ്രസിഡന്റ് ഇറങ്ങിപ്പോയ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നാരോപിച്ചാണ് എൽ.ഡി.എഫ്. അംഗങ്ങൾ ശനിയാഴ്ചചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്നും ഇറങ്ങിപ്പോയത്.

To advertise here,

വെള്ളിയാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിലും പ്രസിഡന്റിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ നടപടിയെക്കുറിച്ച് വിശദീകരിക്കണമെന്നും എൽ.ഡി.എഫ്. അംഗങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. വ്യക്തമായ മറുപടി ലഭിക്കാതെ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗം ചേരാനാകില്ലെന്ന നിലപാടിൽ എൽ.ഡി.എഫ്. അംഗങ്ങൾ ഉറച്ചുനിന്നതോടെ കമ്മിറ്റി കൂടാനാകാതെ പിരിയുകയായിരുന്നെന്നും എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. സതീശൻ പറഞ്ഞു. തുടർന്നാണ് ശനിയാഴ്ച വീണ്ടും കമ്മിറ്റി യോഗം ചേർന്നത്.

ഈ യോഗത്തിൽ വെള്ളിയാഴ്ച ചേർന്ന കമ്മിറ്റിയുടെ മിനിറ്റ്‌സ് വായിക്കാൻ എൽ.ഡി.എഫ്. അംഗങ്ങൾ ആവശ്യപ്പെട്ടു. കമ്മിറ്റി കൂടാതിരിക്കാനുണ്ടായ കാരണങ്ങൾ അറിയണമെന്ന ആവശ്യവും ഉന്നയിച്ചു. എന്നാൽ മിനിറ്റ്‌സ് വായിക്കാൻ പ്രസിഡന്റും ഭരണപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് എൽ.ഡി.എഫ്. അംഗങ്ങൾ കമ്മിറ്റി യോഗത്തിൽനിന്നും ഇറങ്ങിപ്പോന്നതെന്ന് എൽ.ഡി.എഫ്. നേതാക്കൾ പറഞ്ഞു.

പഞ്ചായത്തിനു മുൻപിൽ എൽ.ഡി.എഫ്. അംഗങ്ങൾ നടത്തിയ കുത്തിയിരിപ്പുസമരത്തിൽ പി.കെ. സോമൻ, എ.ജി. മുരളി, കെ.എസ്. ഷാജി, കെ.കെ. സതീശൻ, എൻ.എസ്. മനോജ്, രമാ ശിവശങ്കരൻ, കെ.വി. രവീന്ദ്രൻ, കെ.എം. ജോർജ്, എ.വി. പത്മൻ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് കമ്മിറ്റി യോഗം തടസ്സപ്പെടുത്തുന്ന നടപടി അപലപനീയം-പ്രസിഡന്റ്

പഞ്ചായത്ത് കമ്മിറ്റി യോഗം തടസ്സപ്പെടുത്തുന്ന എൽ.ഡി.എഫ്. നടപടി അപലപനീയമാണെന്ന് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രഷീലാ ബെന്നി പ്രസ്താവനയിൽ അറിയിച്ചു. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിന്നും പ്രസിഡന്റ് ഇറങ്ങിപ്പോയന്ന എൽ.ഡി.എഫ്. അംഗങ്ങളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ ഏഴിനുനടന്ന വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗ തീരുമാനങ്ങൾ അംഗീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുവേണ്ടിയാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്റെ ആവശ്യപ്രകാരം അടിയന്തര കമ്മിറ്റി വിളിച്ചു ചേർത്തിരുന്നത്. കമ്മിറ്റിയോഗത്തിലെ അജൻഡ ചർച്ചചെയ്ത് തീരുമാനമെടുത്ത് യോഗം പിരിഞ്ഞശേഷം കമ്മിറ്റി ഹാളിൽനിന്ന് താഴെ ഓഫീസ് മുറിയിലേക്ക് എത്തുകയായിരുന്നു. ഇക്കാര്യമുന്നയിച്ച് വെള്ളിയാഴ്ച നടന്ന കമ്മിറ്റി യോഗത്തിൽ നിന്നും എൽ.ഡി.എഫ്. അംഗങ്ങൾ വിട്ടുനിൽക്കുകയാണുണ്ടായത്.

ശനിയാഴ്ച ചേർന്ന യോഗത്തിലും എൽ.ഡി.എഫ്. അംഗങ്ങൾ ഇറങ്ങിപ്പോയി. പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുക്കേണ്ടതും ജനങ്ങൾക്ക് ലഭ്യമാകേണ്ട ആനൂകൂല്യങ്ങൾ നൽകേണ്ടതുമായ കമ്മിറ്റിയോഗം തടസ്സപ്പെടുത്തുന്ന എൽ.ഡി.എഫ്. അംഗങ്ങളുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രസിഡന്റ് ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റുമായി യാതൊരു അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നും യോജിച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുമയ്യയും പ്രസ്താവനയിൽ അറിയിച്ചു.