കൊല്ലങ്കോട് : ഗതാഗതത്തിരക്കേറെയുള്ള കൊല്ലങ്കോട് -പുതുനഗരം പ്രധാനപാതയിലാണ് ഊട്ടറ റെയിൽവേ ഗേറ്റ്. ഇവിടെ ഗേറ്റ് അടയ്ക്കുമ്പോഴുണ്ടാകുന്ന ഗതാഗത തടസ്സത്തിന് പരിഹാരമായി ഒരു മേൽപ്പാലം പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഒരുദിവസം ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ട്രാഫിക് വോള്യം ഒരു ലക്ഷത്തിൽ ത്താഴെയാണെന്ന കാരണംപറഞ്ഞായിരുന്നു അടുത്തകാലം വരെയും പദ്ധതി പരിഗണിക്കപ്പെടാതെ കിടന്നത്. എന്നാൽ, പുതിയ കണക്കുപ്രകാരം ഇവിടുത്തെ ട്രാഫിക് വോള്യം ഒന്നേകാൽലക്ഷത്തോളം വെഹിക്കിൾ യൂണിറ്റാണെന്ന് കണക്കാക്കിയതോടെയാണ് മേൽപ്പാലത്തിന് അധികൃതർ പച്ചക്കൊടി വീശിയത്.
ഊട്ടറ പുഴപ്പാലത്തിനും റെയിൽവേ മേൽപ്പാലത്തിനുമായി ഒരുമിച്ചുള്ള നിർമാണാനുമതിയാണ് സർക്കാരിൽനിന്ന് ലഭിച്ചത്. ഇതേത്തുടർന്ന് 8.71 കോടിരൂപ ചെലവിൽ പുഴപ്പാലത്തിനും റെയിൽവേ മേൽപ്പാലത്തിനുമായി 1.25 ഹെക്ടർ സ്ഥലം ഇതിനകം സർക്കാർ ഏറ്റെടുക്കുകയും ഉടമകൾക്ക് നഷ്ടപരിഹാരംനൽകി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പുഴപ്പാലത്തിന്റെ പണി അറുപതു ശതമാനത്തോളം കഴിഞ്ഞെങ്കിലും മേൽപ്പാലംപണി സർവേ നടത്തി കല്ലിട്ടതല്ലാതെ ഇപ്പോഴും അനിശ്ചിതമായി നീളുകയാണ്.
ഊട്ടറ മേൽപ്പാലം നിർമാണം റെയിൽവേയുടെ വർക്ക് പ്ലാനിൽ ഇതുവരെ ഉൾപ്പെടാതിരുന്നതാണ് പദ്ധതി വൈകാൻ കാരണമായത്.
ഇപ്പോൾ പദ്ധതി റെയിൽവേയുടെ വർക് പ്ലാനിൽ ഉൾപ്പെടുത്തിയതായുള്ള റയിൽവേയുടെ അറിയിപ്പ് ചെന്നൈ ഓഫീസിൽനിന്നും ലഭിച്ചതായി റെയിൽവേ ബ്രിഡ്ജസ് വിഭാഗം എറണാകുളം എൻജിനിയർ മാതൃഭൂമിയോട് പറഞ്ഞു.
പുതുതായി സമർപ്പിക്കുന്ന ജനറൽ അറേൻജ്മെന്റ് ഡ്രോയിങ് റെയിൽവേയിൽനിന്ന് അംഗീകാരം കിട്ടുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് പുതുക്കി ടെൻഡർ നടപടിയിലേക്ക് കടക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. പദ്ധതിക്കുള്ള തടസ്സങ്ങളെല്ലാം നീക്കി എത്രയുംവേഗം മേൽപ്പാലം യാഥാർഥ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. രോഗികളുമായെത്തുന്ന ആംബുലൻസ്, അഗ്നിരക്ഷാസേനയുടെ വണ്ടികൾ തുടങ്ങിയവയുൾപ്പെടെ പലപ്പോഴും ഗേറ്റിൽ കുടുങ്ങാറുണ്ടെന്നതാണ് വസ്തുത.
കൊല്ലങ്കോടിന്റെയും മലയോര-അതിർത്തി മേഖലയുടെയും സമഗ്രവികസനത്തിന് സഹായകമാകുന്ന കൊല്ലങ്കോട് -തൃശ്ശൂർ റെയിൽവേ ലൈനിന്റെ നിർമാണം ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. 1938-ൽ ബ്രിട്ടീഷ് ഭരണകാലത്ത് പ്രാഥമിക സർവേയും 1948-ൽ രണ്ടാമത് സർവേയും കഴിഞ്ഞിട്ടുള്ള ഈ പദ്ധതി കഴിഞ്ഞ എട്ടു പതിറ്റാണ്ടായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
2004-ൽ ഈ പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര ബജറ്റിൽ ഒന്നര ക്കോടിരൂപ വകയിരുത്തിയിരുന്നത് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, നാളിതുവരെയും മറ്റുചലനങ്ങളൊന്നും ഉണ്ടാകാത്തത് ജനങ്ങളിൽ വീണ്ടും നിരാശയ്ക്ക് കാരണമായിട്ടുണ്ട്. 56 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി വന്നാൽ മധ്യകേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയുന്നതിനൊപ്പം മലയോര മേഖലയുടെ മുഖച്ഛായതന്നെ മാറുന്നതിനൊപ്പം കൊച്ചിയിൽനിന്നും കൊല്ലങ്കോട്-പൊള്ളാച്ചിവഴി തൂത്തുക്കുടി തുറമുഖത്തേക്കുള്ള ചരക്കുനീക്കത്തിനും എളുപ്പമാർഗമാകും.
(അവസാനിച്ചു)
Published: 17 Oct 2026, 03:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented