വണ്ടി പണിമുടക്കിയാലും പേടിക്കേണ്ട; എം.വി.ഡി. വരും!

To advertise here,

കാക്കനാട് : രാത്രി ദേശീയപാതയിൽ വണ്ടി പണിമുടക്കിയാൽ ഇനി പേടിക്കേണ്ട. ഇരുട്ടിൽ അപകടമുണ്ടായാലും സഹായത്തിന് ആളെത്തും. ഹൈവേയിൽ അപകടം കുറയ്ക്കാനും രാത്രികാല സുരക്ഷ ഉറപ്പാക്കാനും അത്യാധുനിക സജ്ജീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പിന്റെ 24 മണിക്കൂർ പട്രോളിങ് സ്ക്വാഡ്.

എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് സ്ക്വാഡിന്റെ പ്രവർത്തനം. കുമ്പളം മുതൽ കറുകുറ്റി വരെയുള്ള ദേശീയപാതയിൽ മൂന്ന് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥർ കാവലുണ്ടാകും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമാണ് സംഘത്തിലുള്ളത്.

കാറിനുള്ളിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം!

: ദേശീയപാതയിൽ ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന പട്രോളിങ് വാഹനം വെറുമൊരു വണ്ടിയല്ല, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വൻ സജ്ജീകരണങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. വാഹനം പരിശോധിക്കുമ്പോഴും റോഡിലിറങ്ങി നിൽക്കുമ്പോഴും ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ അത്യാധുനിക 'കോളർ ബ്ലിങ്കർ ലൈറ്റുകൾ' ഇവരുടെ വസ്ത്രത്തിൽത്തന്നെയുണ്ടാകും. അപകടസ്ഥലത്ത് മുന്നറിയിപ്പു നൽകാൻ എൽ.ഇ.ഡി. ബ്ലിങ്കർ കോണുകളും വാണിങ് ട്രയാംഗിളുകളും. ഇരുട്ടിൽ വെളിച്ചമെത്തിക്കാൻ ഹൈപവർ ടോർച്ചും പോർട്ടബിൾ എൽ.ഇ.ഡി. ഫ്ലഡ് ലൈറ്റും. ഇതിനുപുറമേ, ബാരിക്കേഡ് ടേപ്പ്, ബാറ്റൺ ലൈറ്റുകൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, ഫയർ എക്സ്റ്റിങ്ഗ്വിഷർ, ടൂൾ കിറ്റ് എന്നിവയുമുണ്ട്. ബാറ്ററി പണിമുടക്കിയാൽ ജമ്പ്‌ സ്റ്റാർട്ടറും ടയറിൽ കാറ്റില്ലാതായാൽ ഇൻഫ്ലേറ്ററും സഹായത്തിനെത്തും.

ഫൈൻ അടിക്കാൻ മാത്രമല്ല, കൈത്താങ്ങാകാനും

:വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല സ്ക്വാഡിന്റെ ദൗത്യം. രാത്രികാല അപകടങ്ങളിൽ വേഗത്തിൽ ഇടപെടുക, തകരാറിലായി വഴിയരികിൽ കുടുങ്ങുന്ന വാഹനങ്ങൾക്ക് സഹായമെത്തിക്കുക, അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് പിന്തുണ നൽകുക എന്നിവയും പ്രധാന ചുമതലകളാണ്.

സ്ഥിരമായി അപകടങ്ങൾ ആവർത്തിക്കുന്ന ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തുന്നതിനും സ്ക്വാഡ് മുൻഗണന നൽകും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ റോഡ് സുരക്ഷാ വിഭാഗം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി, പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കും.

മൂന്ന് ഷിഫ്റ്റ്, വിശ്രമമില്ലാത്ത കാവൽ

: എസ്.സി.എം.എസ്. കോളേജ് പാർക്കിങ് ഗ്രൗണ്ട് കേന്ദ്രീകരിച്ചാണ് പട്രോളിങ് വാഹനവും ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നത്. ഓരോ ഷിഫ്റ്റിലെയും ഉദ്യോഗസ്ഥർ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് വാഹനവും ഉപകരണങ്ങളും ഏറ്റുവാങ്ങുന്നത്.

ഹൈവേയിലെ അപകടസാധ്യതകൾക്ക് സമയക്രമമില്ലാത്തതിനാൽ സ്ക്വാഡിന്റെ സേവനവും സമയപരിധിക്കുള്ളിൽ ഒതുങ്ങില്ല. രാത്രി ഇരുട്ടിൽ അപകടം പതിയിരിക്കുന്ന റോഡുകളിൽ സുരക്ഷയുടെ വെളിച്ചമാകുകയാണ് എം.വി.ഡി.യുടെ 24/7 സ്ക്വാഡിന്റെ ലക്ഷ്യം.