പ്രതിഷേധത്തിന് നാട്ടുകാരിറങ്ങുന്നു

To advertise here,

ഒറ്റപ്പാലം : പണി പാതിയിൽ മുടങ്ങിയ ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിനെക്കൊണ്ട് കുടുങ്ങി പ്രദേശവാസികൾ. പൊളിച്ചിട്ട റോഡിൽനിന്നുള്ള പൊടിശല്യവും നിരന്തരമുണ്ടാകുന്ന അപകടങ്ങളുമാണ് നാട്ടുകാരെ വലയ്ക്കുന്നത്. നിർമാണം പൂർത്തിയാക്കാമെന്ന് വാക്കുപറഞ്ഞ തീയതികൾ അവസാനിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിനിറങ്ങുകയാണ് നാട്ടുകാർ.

ഒക്ടോബർ അഞ്ചിന് പനമണ്ണയിൽ റോഡുപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇത് ചൂണ്ടിക്കാണിച്ച് പനമണ്ണ ജനകീയ കൂട്ടായ്മ ഒറ്റപ്പാലം എം.എൽ.എഭയ്ക്കും സബ് കളക്ടർക്കും പോലീസിനും അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റിനും കരാർകമ്പനിക്കും കത്തുനൽകി.

സെപ്റ്റംബർ ഒന്നിന് പണി പൂർത്തിയാക്കുമെന്നാണ് കരാർകമ്പനിയുൾപ്പെടെ പറഞ്ഞിരുന്നത്. ഇതുകഴിഞ്ഞിട്ട് ഒരുമാസം പൂർത്തിയായി. ഇപ്പോഴും പനമണ്ണമുതൽ ഒറ്റപ്പാലംവരെയുള്ള ഭാഗത്ത്‌ പണി തുടങ്ങിയിട്ടില്ല. പൊടി

ശല്യം മൂലം ആകെ ദുരിതത്തിലാണ് നാട്ടുകാർ. ഇനിയും ഇത് സഹിക്കാനാവില്ലെന്നും ഒക്ടോബർ അഞ്ചിന് രാവിലെ 10-ന് റോഡ് ഉപരോധിക്കുമെന്നുമാണ് കത്തിൽ പറയുന്നത്.

ഒറ്റപ്പാലം-കീഴൂർ റോഡ്, കീഴൂർ റോഡ്-ചെർപ്പുളശ്ശേരി എന്നിങ്ങനെ രണ്ട് പദ്ധതിയായി 78 കോടിരൂപ ചെലവിലാണ് നവീകരണം നടക്കുന്നത്. ഇതിനുമുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ ത്തുടർന്ന് കിഴൂർറോഡ് മുതൽ അനങ്ങനടി പഞ്ചായത്തോഫീസ് വരെയുള്ള പ്രദേശം ടാർ ചെയ്തിരുന്നു.

എന്നാൽ, പഞ്ചായത്തോഫീസ് മുതൽ ഒറ്റപ്പാലംവരെയുള്ള ഭാഗത്തെ റോഡുപണി ഇപ്പോഴും തുടങ്ങിയിട്ടില്ല. കുടിവെള്ളപൈപ്പ് മാറ്റുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമെന്നതാണ് സ്ഥിതി.