ഷൊർണൂർ : കൊച്ചിൻപാലത്തിന്റെ രണ്ട് തൂണുകൾ നിലനിർത്തി ചില്ലുപാലം നിർമിക്കാനുള്ള നഗരസഭയുടെ പദ്ധതിക്ക് കൗൺസിൽ അംഗീകാരം. പാലം പൂർണമായും പൊളിച്ചു നീക്കണമെന്ന സർക്കാർ ഉത്തരവ് ലഭിച്ച സാഹചര്യത്തിലാണ് രണ്ട് തൂണും മൂന്ന് സ്പാനും നിലനിർത്തണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.
നിലനിർത്തിയാൽ തുടർന്നുണ്ടാകുന്ന ബലപ്പെടുത്തലുകളും അറ്റകുറ്റകുറ്റപ്പണിയും നഗരസഭ ഏറ്റെടുക്കണമെന്ന പി.ഡബ്ല്യു.ഡി.യുടെ നിർദേശം അംഗീകരിക്കാനും തീരുമാനിച്ചു. പാലത്തിന്റെ രണ്ട് തൂണിലായി മൂന്ന് സ്പാൻ നിലനിർത്തി ഇവിടെ ചില്ലുപാലം നിർമിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയാണ് ലക്ഷ്യം.
നഗരസഭയ്ക്ക് മുന്നിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ താഴത്തെനില ദർഘാസ് ലഭിച്ച വ്യക്തി ഏറ്റെടുക്കാത്തതിനാൽ പുതിയവ്യക്തിക്ക് ഓഫർവഴി നൽകിയതും വലിയ ചർച്ചയായി. ടെൻഡർ ലഭിച്ച വ്യക്തിയെ ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചതിന് ശേഷം ഓഫർ ക്ഷണിക്കണമെന്നായിരുന്നു പ്രതിപക്ഷ കൗൺസിലർ ഇ.പി. നന്ദകുമാറിന്റെ ആവശ്യം. ഏറെ നേരത്തെ വാഗ്വാദങ്ങൾക്കൊടുവിൽ ദർഘാസ് ലഭിച്ച വ്യക്തിയെ ഒഴിവാക്കി ഓഫർ ക്ഷണിക്കാൻ അധ്യക്ഷയെ ചുമതലപ്പെടുത്തി കൗൺസിൽ അംഗീകാരം നൽകി. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയ്ക്ക് 25,000രൂപ നൽകാനും കൗൺസിൽ അനുമതിനൽകി.
ഷൊർണൂർ സഹകരണ അർബൺ ബാങ്കിലെ വായ്പാ ക്രമക്കേട് സംഭവത്തിൽ നഗരസഭ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകിയത് എന്തടിസ്ഥാനത്തിലാണെന്ന് കൗൺസിലിൽ കൗൺസിലർമാരുടെ ചോദ്യം.
പ്രതിപക്ഷ കൗൺസിലർ വി.കെ. ശ്രീകൃഷ്ണനാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ചത്. ഇക്കാര്യത്തിൽ നഗരസഭയ്ക്ക് മറയ്ക്കാനൊന്നുമില്ലെന്നും അനർഹമായ സംഭവമുണ്ടായാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും നഗരസഭാധ്യക്ഷ അഡ്വ. പി. നിർമ്മല പറഞ്ഞു.
തൃശ്ശൂർ ജില്ലയിലുള്ള മൂന്നുപേർക്ക് ഷൊർണൂരിൽ താമസിക്കുന്നെന്ന് കാണിച്ചാണ് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നതെന്ന് വി.കെ. ശ്രീകൃഷ്ണൻ ഉന്നയിച്ചു. 2023-ലും 2025-ലും സർട്ടിഫിക്കറ്റുകൾ നൽകിയതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നഗരസഭയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ്.
അന്വേഷിച്ച് നഗരസഭാ സെക്രട്ടറി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.
Published: 01 Oct 2026, 03:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented