പാലക്കാട് : ക്ഷേത്രമണ്ഡപങ്ങളിലും പവിത്രമായ സരസ്വതീമണ്ഡപങ്ങളിലും രക്ഷിതാക്കളുടെ പ്രാർഥനകളുടെ ദീപംതെളിയിച്ച് കുട്ടികൾക്ക് ആചാര്യർ ആദ്യക്ഷരം കുറിച്ചുനൽകി.

To advertise here,

ഭാഷാപിതാവിന്റെ ദീപ്തസ്മരണകൾ നിലനിൽക്കുന്ന ചിറ്റൂർ തെക്കേഗ്രാമം തുഞ്ചൻ ഗുരുമഠത്തിലും മലയാളത്തിന്റെ ഹാസ്യം, കുഞ്ചൻനമ്പ്യാരുടെ സ്മരണകൾ തുടിക്കുന്ന കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചൻസ്മാരകത്തിലും എഴുത്തിനിരുത്തലിനുള്ള തിരക്കനുഭവപ്പെട്ടു. പാലക്കാട് മണപ്പുള്ളിക്കാവ്, പുത്തൂർ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം, വടക്കന്തറ ശ്രീരാമപുരം വിഷ്ണുക്ഷേത്രം, കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം, ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രം, ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതിക്ഷേത്രം, അയ്യപ്പക്ഷേത്രം, മണ്ണാർക്കാട് ഉദയർകുന്ന് ഭഗവതിക്ഷേത്രം, പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രം, ഞാങ്ങാട്ടിരി ഭഗവതിക്ഷേത്രം, കൊപ്പം മണ്ണിയമ്പത്തൂർ സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തൽ ചടങ്ങുണ്ടായിരുന്നു. മുകാംംബികാ ക്ഷേത്രങ്ങളായ പാറശ്ശേരിയിലും കുഴൽമന്ദം കളപ്പെട്ടിയിലും പ്രത്യേക പൂജകളും എഴുത്തിനിരുത്തലുമുണ്ടായി.

 

ചിറ്റൂർ തുഞ്ചൻ ഗുരുമഠത്തിൽ ആചാര്യൻ ഉപയോഗിച്ചിരുന്ന എഴുത്താണി, ഗ്രന്ഥങ്ങൾ, പാദുകം, സാളഗ്രാമം എന്നിവയ്ക്കും ശ്രീരാമൻ-സീത-സരസ്വതീ വിഗ്രഹങ്ങൾക്കും പ്രത്യേകപൂജ നടത്തിയതിനുശേഷമാണ് വിദ്യാരംഭച്ചടങ്ങുകളാരംഭിച്ചത്. കുട്ടികൾക്ക് തൃമധുരം നൽകി.

പൂജാരി നാരായണൻകുട്ടി കാർമികത്വം വഹിച്ചു. എം. ശിവകുമാർ, ഡോ. എം.എസ്. ദേവദാസ്, സായ്നാഥ് മേനോൻ, ഗോകുൽകൃഷ്ണൻ, ഡോക്ടർ ജയരാമൻ, പ്രസാദ് പുളിക്കൽ, കെ. പ്രേമകുമാരൻ, കെ. കുട്ടികൃഷ്ണൻ എന്നിവരായിരുന്നു ആചാര്യർ. തൊള്ളായിരത്തോളം കുട്ടികൾ ഇവിടെ ഹരിശ്രീ കുറിച്ചു. കാത്തിരിപ്പ് ഒഴിവാക്കാൻ സമയക്രമം നൽകിയിരുന്നു. ചിറ്റൂർ സെൻട്രൽ എൻ.എസ്.എസ്. കരയോഗം നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ

കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചൻനമ്പ്യാർ സ്മാരകത്തിൽ രാവിലെ ഏഴിന് ചടങ്ങുകൾ ആരംഭിച്ചു. രാമചന്ദ്ര പുലവർ, കവി പി.ടി. നരേന്ദ്രമേനോൻ, കെ. പ്രേംകുമാർ എം.എൽ.എ., സ്മാരകം ചെയർമാൻ കെ. ജയദേവൻ, സെക്രട്ടറി എൻ.എം. നാരായണൻ നമ്പൂതിരി, കലക്കത്ത് രാധാകൃഷ്ണൻ, ഷീജ കണ്ണൻ, ഐ.എം. സതീശൻ, എം. രാജേഷ്, എം. ശങ്കരനാരായണൻ, കെ. ശ്രീവത്സൻ, സി.കെ. ശിവദാസ് എന്നിവരായിരുന്നു ആചാര്യൻമാർ.