പഴനി : പഴനിയിൽ നവരാത്രി ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉത്സവത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച പഴനി കോതമംഗലത്തിലുള്ള കോതീശ്വരർ ശിവ ക്ഷേത്രത്തിനുസമീപം വന്നികാസുരനെ വധിക്കുന്ന ചടങ്ങ് നടന്നു. ഉത്സവത്തിന്റെ ഭാഗമായി പഴനിമല ക്ഷേത്രത്തിൽ മുരുകന് വിശേഷാൽ പൂജകളും അഭിഷേകങ്ങളും അലങ്കാരവും ദീപാരാധനയും നടന്നു.
ഉച്ചകാല പൂജ ഉച്ചയ്ക്ക് പന്ത്രണ്ടിനും വൈകീട്ട് നടക്കുന്ന സന്ധ്യാപൂജ ഉച്ചയ്ക്ക് ഒന്നരയ്ക്കും നടന്നു. പിന്നീട് പഴനിമല ക്ഷേത്രത്തിൽനിന്നും വന്നികാസുര വധ ചടങ്ങിനായ് പല്ലക്കിൽ പരാശക്തി വേലും വേറൊരു പല്ലക്കിൽ വന്നികാസുരനെ വധിക്കുന്ന ചടങ്ങിനായി അമ്പുമായി പുലിപ്പാണി പാത്ര സ്വാമികളും പഴനി പെരിയനായകിയമ്മൻ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പെരിയ നായകിയമ്മൻ ക്ഷേത്രത്തിൽനിന്നും മുത്തുക്കുമാര സ്വാമി പരാശക്തി വേലുടൻ സ്വർണക്കുതിര വാഹനത്തിലും പെരുമാൾ ഗരുഡ വാഹനത്തിലും കോതമംഗലം കോതീശ്വരൻ ക്ഷേത്രത്തിലേക്ക് പുറപ്പാട് നടത്തി. ഈ സമയത്ത് പഴനിമല ക്ഷേത്രം, തിരു ആവിനൻകുടി, പെരിയ നായകിയമ്മൻ ക്ഷേത്രങ്ങളിൽ നട അടച്ചു.
രാത്രി കോതീശ്വരർ ശിവക്ഷേത്രത്തിലേക്ക് സ്വർണക്കുതിര വാഹനത്തൽ പരാശക്തി വേലുടൻ മുത്തു കുമാരസ്വാമിയും ഗരുഡ വാഹനത്തിൽ പെരുമാളും എഴുന്നള്ളിയതിനുശേഷം ക്ഷേത്രത്തിനുസമീപം സ്ഥാപിച്ച വന്നി മരത്തോട് ചേർത്തുവെച്ച വാഴയിൽ പുലിപ്പാണി പാത്ര സ്വാമികൾ അമ്പ് ചെയ്തു വന്നികാസുര വധ ചടങ്ങ് നടത്തി.
രാത്രി പരാശക്തി വേൽ വീണ്ടും പഴനിമല ക്ഷേത്രത്തിലെത്തി വിശേഷാൽ പൂജകളും ദീപാരാധനയും നടന്നതിനുശേഷം നട അടച്ചു. പഴനി ദേവസ്വം ബോർഡ് ജോയിന്റ് കമ്മിഷണർ (ഇൻചാർജ്) വെങ്കിടേഷും വിവിധ ഹിന്ദു സംഘടനകളിലെ ഭാരവാഹികളും ദേവസ്വം ബോർഡ് അധികൃതരും പങ്കെടുത്തു. പൂജകൾക്ക് പഴനി അമൃതലിംഗ ഗുരുക്കൾ, സെൽവ സുബ്രഹ്മണ്യ ഗുരുക്കൾ എന്നിവർ നേതൃത്വം നൽകി.
Published: 22 Oct 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented