തോടിന്റെ അരികിടിഞ്ഞ് കൃഷിസ്ഥലങ്ങൾ നാശമാകുമെന്ന ആശങ്കയിൽ കർഷകർ
അമ്പലപ്പാറ : ചെറുമുണ്ടശ്ശേരിയിൽ തോട് നവീകരണഭാഗമായി കൈതപ്പൊന്തകളും മരങ്ങളും നശിപ്പിച്ച നിലയിൽ. ചെറുമുണ്ടശ്ശേരിയിലെ കണ്ണമംഗലം തോടരികിലെ 100-ലേറെ കൈതച്ചെടികളാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചത്. ജലസേചനവകുപ്പാണ് തോട് നവീകരണഭാഗമായി ഇവ നശിപ്പിച്ചതെന്ന് കർഷകർ ആരോപിച്ചു.
തുലാവർഷം തുടങ്ങാനിരിക്കേ മണ്ണൊലിപ്പ് തടയുന്ന കൈതച്ചെടികൾ നശിപ്പിച്ചതോടെ തോടിന്റെ അരികിടിഞ്ഞ് കൃഷിസ്ഥലങ്ങൾ നാശമാകുമെന്ന ആശങ്കയിലാണ് കർഷകർ.
കഴിഞ്ഞവർഷം മഴക്കാലത്തിന് മുൻപായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് സംരക്ഷണപ്രവൃത്തി ചെയ്തിരുന്നു. ഏകദേശം ഒന്നരലക്ഷം രൂപയ്ക്കടുത്ത് ചെലവഴിച്ച് വട്ടക്കുണ്ട് മുതൽ കുന്നത്തൊടിവരെയാണ് നവീകരിച്ചിരുന്നത്. തോട്ടിലെ തടസ്സം നീക്കി, തോട്ടിലേക്ക് ചാഞ്ഞുകിടന്നിരുന്ന കൈതച്ചെടികളും മറ്റ് മരച്ചില്ലകളും വെട്ടിനീക്കിയായിരുന്നു നവീകരണം. തോടിന്റെ അരിക് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചാക്കിൽ മണ്ണുനിറച്ച് അതിൽ കൈത ച്ചെടികളും നട്ടിരുന്നു. മറ്റ് ഭാഗങ്ങളിൽ കൈതച്ചെടികൾ വെട്ടി കുറ്റികൾ നിർത്തുകയുമാണ് പതിവ്.
ഇത്തരത്തിൽ വളർന്നതും നേരത്തേയുണ്ടായിരുന്നതും ഉൾപ്പെടെയാണ് നശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞദിവസമാണ് ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ ക്രാലി തോടും കണ്ണമംഗലം തോടും ചേരുന്നഭാഗത്ത് തോട്ടിലെ തടസ്സം നീക്കുന്നതിന്റെ ഭാഗമായി വൃത്തിയാക്കിയത്. മൂന്നുദിവസത്തോളംനീണ്ട പ്രവൃത്തിയിൽ ഏകദേശം അരക്കിലോമീറ്ററിലാണ് തോടും തോടിന്റെ അരികും വൃത്തിയാക്കിയിരുന്നത്.
ഇതിന്റെ ഭാഗമായി തോടിന്റെ അരികിൽനിന്നിരുന്ന കൈതച്ചെടികൾ കൂട്ടത്തോടെ പിഴുതുകളഞ്ഞെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം മഴപെയ്തപ്പോൾ തോടിന്റെ ഒരുഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതായും കർഷകർ ആരോപിക്കുന്നു.
രണ്ടാംവിള കൃഷിയിറക്കിയ നാലേക്കർ കൃഷിയിടത്തിന് ഇത് ഭീഷണിയാണെന്ന് കർഷകർ പറയുന്നു. മറ്റുകൃഷികൾ ചെയ്യുന്ന സ്ഥലങ്ങൾക്കും ഭീഷണിയുണ്ട്. ഇതിനെതിരേ ജില്ലാ കളക്ടറെയും കൃഷിഭവനെയും സമീപിക്കാനൊരുങ്ങുകയാണ് കർഷകർ. അതേസമയം തോട്ടിൽ വീണ മരവും തോടിന്റെ ഇരുവശത്തും മണ്ണുമൂടി കാടുപിടിച്ചുകിടന്ന ഭാഗവും വൃത്തിയാക്കുകയാണ് ചെയ്തതെന്ന് ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു.
Published: 20 Oct 2026, 02:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented