പെരുവണ്ണാമൂഴി : പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ തൊഴിലാളികൾക്കിടയിലേക്ക് കാട്ടാനയെത്തിയത് പരിഭ്രാന്തി പരത്തി.
ചൊവ്വാഴ്ച രാവിലെ 6.30-ഓടെ എസ്റ്റേറ്റിലെ ബി ഡിവിഷനിൽപ്പെട്ട 2005 ഏരിയയിൽപ്പെട്ട റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ജോലിക്കിടെയാണ് കാട്ടാനയെത്തിയത്. മുതുകാട് സ്വദേശി ടി.കെ. ഉഷ ജോലി ചെയ്യുന്നതിന് തൊട്ടടുത്താണ് പിന്നിലൂടെ ആന വന്നത്. പേടിച്ച് നിലവിളിച്ച് ഉഷയടക്കമുള്ള തൊഴിലാളികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
കുത്തനെയുള്ള സ്ഥലം ഓടിക്കയറിയാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. ഉഷയ്ക്ക് രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് തളർച്ച അനുഭവപ്പെട്ടതിനാൽ ചക്കിട്ടപാറയിലെ ക്ലിനിക്കിൽ ചികിത്സതേടി.
ബി ഡിവിഷനിൽപ്പെട്ട 2000, 2005, 22 ഏരിയകളിൽ സ്ഥരമായി കാട്ടാനകളെത്തുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഈ മേഖലയിലെ ഒട്ടേറെ റബ്ബർമരങ്ങൾ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. വലിയ നഷ്ടമാണ് എസ്റ്റേറ്റിൽ ഇതുമൂലം സംഭവിക്കുന്നത്. രാത്രിയിലാണ് സ്ഥിരമായി ആനകൾ എത്താറുള്ളതെങ്കിലും ചില അവസരങ്ങളിൽ പകലുംആനകളെത്താറുണ്ട്. അടുത്തിടെ പകൽസമയത്ത് ആനക്കൂട്ടം എസ്റ്റേറ്റിലെത്തിയിരുന്നു.
പുതുതായി റബ്ബർമരങ്ങൾ നടുന്ന സ്ഥലങ്ങളിൽ സോളാർ തൂക്കുവേലി നിർമിക്കാൻ പ്ലാന്റേഷൻ കോപ്പറേഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, നേരത്തേ റബ്ബർമരങ്ങളുള്ള സ്ഥലത്ത് എല്ലായിടത്തും സോളാർവേലി നിർമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വനമേഖലയോട് ചേർന്നാണ് പേരാമ്പ്ര എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. അതിനാൽ ആനകൾ എളുപ്പത്തിൽ എസ്റ്റേറ്റിലേക്ക് എത്തുകയാണ്.
ഓടിരക്ഷപ്പെട്ട തൊഴിലാളി ടി.കെ. ഉഷയെ ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റത്തിൽ സന്ദർശിച്ചു. വന്യമൃഗശല്യത്തിനെതിരേ നടപടി വേണമെന്നും പട്രോളിങ് ഊർജിതമാക്കണമെന്നും പേരാമ്പ്ര എസ്റ്റേറ്റ് മാനേജർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. സോളാർ തൂക്കുവേലി നിർമാണം വേഗത്തിൽ തുടങ്ങുമെന്ന് മാനേജർ ഉറപ്പുനൽകിയതായി പ്രസിഡന്റ് വ്യക്തമാക്കി.
Published: 22 Oct 2026, 02:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented