വടകര : പൂവാടൻ ഗേറ്റ് അടിപ്പാതയുടെ അനുബന്ധറോഡിൽ മേൽക്കൂര നിർമാണം തുടങ്ങി. നിലവിൽ അടിപ്പാതയിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ട്.
ഉറവയുണ്ടെങ്കിലും മേൽക്കൂര പണിതാൽ വലിയൊരു അളവുവരെ മഴവെള്ളം അടിപ്പാതയിലേക്ക് എത്താതെ വഴിതിരിച്ചുവിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പലപ്പോഴും മഴക്കാലത്ത് ഇതുവഴി യാത്രചെയ്യാൻകഴിയാത്ത സ്ഥിതിയാണ്. ഈ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരംകാണാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
നേരത്തേ ഉണ്ടായിരുന്ന എസ്റ്റിമേറ്റിൽ മേൽക്കൂര ഉണ്ടായിരുന്നെങ്കിലും അടിപ്പാത നിർമാണത്തിലെ അധികചെലവ് കാരണം മേൽക്കൂരയും വൈദ്യുതീകരണവും ഒഴിവാക്കുകയായിരുന്നു. അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓട്ടോമാറ്റിക് പമ്പിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത് ചിലസമയങ്ങളിൽ പരാജയപ്പെടുന്നതോടെ പാത പൂർണമായും വെള്ളം നിറയുന്ന സ്ഥിതിയാണ്. വെള്ളം ഒഴിവാക്കുന്നതിന്റെ ഭാഗമായി അടിപ്പാതയ്ക്കടുത്ത് ഒരു കിണർ നിർമിച്ചിട്ടുണ്ട്. അടിപ്പാതയിലെത്തുന്ന വെള്ളം ഈ കിണറ്റിലേക്ക് ഒഴുകിയെത്തും. കിണറിന്റെ നിശ്ചിത ലെവലിൽ വെള്ളമെത്തിയാൽ വെള്ളം ഓട്ടോമാറ്റിക്കായി പമ്പുചെയ്ത് സമീപത്തെ ഓവുചാലിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്.
അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുതലാണ്. മാത്രമല്ല, പ്രദേശത്ത് ശക്തമായ ഉറവയുമുണ്ട്. പമ്പുചെയ്ത് ഒഴിവാക്കുന്നതിനെക്കാൾ കൂടുതലായി വെള്ളം കിണറ്റിലേക്ക് ഒഴുകിയെത്തിയാൽ സ്ഥിതി രൂക്ഷമാകും. മാത്രമല്ല വൈദ്യുതിബന്ധം ഇല്ലാതായാൽ പെട്ടെന്നുതന്നെ പാതയിൽ വെള്ളം ഉയരുന്ന സ്ഥിതിയാണ്. ഇതാണ് അടിപ്പാതയിൽ വെള്ളമുയരാൻ കാരണം. വെള്ളത്തിന്റെ ഒഴുക്ക് കുറയുകയും ഓട്ടോമാറ്റിക് പമ്പിങ് സംവിധാനം കൃത്യമായി പ്രവൃത്തിക്കുകയും ചെയ്താലേ ഇതുവഴി ഗതാഗതവും കാൽനടയാത്രയും സാധ്യമാകൂ. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ അളവ് കുറയ്ക്കാനുള്ള ഒരു മാർഗമാണ് മേൽക്കൂര സ്ഥാപിക്കൽ. മേൽക്കൂര സ്ഥാപിച്ചാലും അനുബന്ധ റോഡിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് മാത്രമേ കുറയൂ.
Published: 22 Oct 2026, 02:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented