ദേശാടനപ്പക്ഷികൾ എത്തുന്നതിനുമുൻപായി നീക്കാൻ പദ്ധതി

To advertise here,

തിരുപ്പൂർ : തിരുപ്പൂർ നഞ്ചരായൻകുളം പക്ഷിസങ്കേതത്തിലെ കുളവാഴകൾ നീക്കംചെയ്യുന്ന ജോലി വേഗത്തിലാക്കി വനം വകുപ്പും ജില്ലാ ഭരണകൂടവും. 320 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കുളത്തിൽ ഏതാണ്ട് 100 ഏക്കറോളം വിസ്തൃതിയിലാണ് കുളവാഴകളുള്ളത്. വെട്രിയെന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ വനംവകുപ്പ് സമീപദിവസങ്ങളിൽ തുടങ്ങിയ, കുളവാഴ നീക്കംചെയ്യുന്ന ജോലി ദേശാടനപ്പക്ഷികളുടെ വരവിനുമുൻപായി നവംബർ ആദ്യവാരത്തിനുള്ളിൽ തീർക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ആനമല കടുവ സങ്കേതത്തിന്റെ ഫീൽഡ് ഡയറക്ടറുമായ ഡി. വെങ്കടേഷും ജില്ലാ കളക്ടർ ഡോ. എസ്.എൻ. മനീഷും ശനിയാഴ്ച പക്ഷിസങ്കേതത്തിൽ പരിശോധന നടത്തി പുരോഗതി വിലയിരുത്തി.

കുളവാഴ നീക്കംചെയ്യുന്നത് വെള്ളത്തിലൂടെ ഇരതേടുന്ന ദേശാടനപ്പക്ഷികൾക്ക് ഏറെ ഗുണകരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജലപ്പരപ്പിൽ ഇടതൂർന്ന പടലങ്ങളായി വളരുന്ന ഈ അധിനിവേശസസ്യം പക്ഷികൾ ആശ്രയിക്കുന്ന ആവാസവ്യവസ്ഥകളെ ഗുരുതരമായി ബാധിക്കുന്നതാണ്.

ഇത് മുഴുവനായി നീക്കംചെയ്തുകഴിഞ്ഞാൽ ദേശാടനപ്പക്ഷികൾക്കായി വെള്ളത്തിനുള്ളിലുള്ള ഇരകളും ഭക്ഷണസ്രോതസ്സും മെച്ചപ്പെടുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.