നാരായൺഗഞ്ച്: ബംഗ്ലാദേശിൽ 'ഡൊണാൾഡ് ട്രംപ്' എന്ന് പേരുള്ള വൈറൽ പോത്തിനെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കി ദേശീയ മൃഗശാലയിലേക്ക് മാറ്റി. ഈ പോത്തിന്റെ വെളുത്ത നിറത്തിലുള്ള നെറ്റിയും മുടിയുടെ പ്രത്യേക രീതിയിലുള്ള ചീകലുമാണ് 'ഡൊണാൾഡ് ട്രംപ്' എന്ന പേര് വീഴാനും വൈറലാകാനും കാരണമായത്. ഈ പോത്തിന്റെ വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്.

To advertise here,

ഏകദേശം 700 കിലോഗ്രാം ഭാരമുള്ള 'ഡൊണാൾഡ് ട്രംപ്' എന്ന ഈ പോത്തും അതിന്റെ വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് സുരക്ഷാ കാരണങ്ങളും പൊതുജനങ്ങളുടെ താൽപര്യവും മുൻനിർത്തി സർക്കാർ ഈ മൃഗത്തെ വിലയ്ക്കെടുത്തത്. പോത്തിനെ ഈ പെരുന്നാളിന് ബലിനൽകും എന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാർത്തകൾ.

ഈ തീരുമാനം മാറ്റിയാണ്, അപൂർവ്വമായ ആൽബിനോ പോത്തിനെ സംരക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്. 38-കാരനായ സിയാ ഉദ്ദിൻ മൃദ എന്ന ഉടമ ഈ പോത്തിനെ നേരത്തെ വിറ്റിരുന്നു. എന്നാൽ പൊതുജനങ്ങളുടെ താൽപര്യം പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥർ അവസാന നിമിഷം ഇടപെടുകയായിരുന്നു.

അവർ ഈ മൃഗത്തെ വാങ്ങി ധാക്കയിലെ ബംഗ്ലാദേശ് ദേശീയ മൃഗശാലയിലേക്ക് മാറ്റി. ബലി നൽകുന്നതിന് പകരം അവിടെ ഇതിനെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ഇതിനൊപ്പം 'ബെഞ്ചമിൻ നെതന്യാഹു' എന്ന് പേരിട്ട മറ്റൊരു കൂറ്റൻ പോത്തും സമാനമായ രീതിയിൽ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് പോത്തിനെ രക്ഷിച്ചതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വൈറലായതോടെ നിരവധിയാളുകൾ ഈ പോത്തിനെ കാണാനെത്താൻ തുടങ്ങി, ഇത് പലവിധ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാക്കി. ഈ പ്രശ്‌നങ്ങളിൽനിന്ന് മൃഗത്തെ സംരക്ഷിക്കുന്നതിനും സന്ദർശകർക്ക് അതിനെ സുരക്ഷിതമായി കാണുന്നതിനും വേണ്ടിയുള്ള ഒരു പോംവഴി എന്ന നിലയിലാണ് പോത്തിനെ ഏറ്റെടുത്തത് എന്ന് മൃഗശാല അധികൃതർ അറിയിച്ചു. പോത്തിനെ ഇപ്പോൾ പ്രത്യേക എൻക്ലോസറിലാണ് പാർപ്പിച്ചിരിക്കുന്നത്.

അൽബിനോ പോത്തുകൾ സ്വഭാവത്തിൽ വളരെ ശാന്തരാണെന്നും പ്രകോപിപ്പിക്കാത്തിടത്തോളം അവ അക്രമാസക്തരാകാറില്ലെന്നും ഉടമ മൃദ പറഞ്ഞു. പോത്തിന്റെ തലയിലെ മുടി കണ്ട് തന്റെ അനുജനാണ് തമാശയായി ഇതിനെ ഡൊണാൾഡ് ട്രംപ് എന്ന് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോത്തിനെ നേരിട്ട് കണ്ടവരും ഈ സാമ്യം ശരിവെക്കുന്നു.