
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ ലികുഡുമായി നടത്താനിരുന്ന ചർച്ച റദ്ദാക്കി ഐസൻകോട്ടിന്റെ യാഷർ പാർട്ടി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിലെ എല്ലാ പാർട്ടികളുമായും ചർച്ചകൾ നടത്തുന്നതിനുള്ള ഐസൻകോട്ടിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ലികുഡുമായുള്ള യോഗം നിശ്ചയിച്ചിരുന്നതെന്ന് യാഷർ അറിയിച്ചു. എന്നാൽ 26-ാമത് നെസെറ്റിന്റെ ആദ്യദിവസമുണ്ടായ നെതന്യാഹുവിന്റെ പെരുമാറ്റം കാരണം അത് റദ്ദാക്കിയതായും പാർട്ടി വ്യക്തമാക്കി.
'സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നടത്തിയ ഭിന്നിപ്പുണ്ടാക്കുന്ന പ്രസംഗം, നെസെറ്റിലെ സത്യപ്രതിജ്ഞാ ചടങ്ങിനെ അപമാനിച്ച സംഭവം, കൂടാതെ നെതന്യാഹുവിന്റെ ഭരണത്തിൻ കീഴിൽ അവശേഷിക്കുന്ന രാഷ്ട്രീയ മര്യാദകൾ പോലും തകർക്കപ്പെട്ട സാഹചര്യം എന്നിവ കണക്കിലെടുത്ത്, ലികുഡ് പ്രതിനിധികളുമായി നാളെ നടത്താനിരുന്ന ചർച്ചകൾ റദ്ദാക്കാൻ 'യാഷർ' ചെയർമാൻ ഗാദി ഐസൻകോട്ട് നിർദ്ദേശിച്ചു' യാഷർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
നെസെറ്റിന്റെ ആദ്യദിവസം തീവ്രമായ പ്രസംഗമാണ് നെതന്യാഹു നടത്തിയിരുന്നത്. ദേശീയ ഐക്യ സർക്കാരിന് ആഹ്വാനം ചെയ്ത നെതന്യാഹു അറബ് പാർട്ടികളിലെ അംഗങ്ങൾ ഇസ്രായേലിന്റെ നാശം ആഗ്രഹിക്കുന്നവരും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുമാണെന്നും ആരോപിക്കുകയുണ്ടായി.
ഐക്യം ഇസ്രായേലിന് പ്രധാനപ്പെട്ട ഒരു മൂല്യമാണ്, ഇസ്രായേലി ഐക്യം ഇസ്രായേലിന്റെ ദേശീയ സുരക്ഷയുടെ ഒരു ഘടകമാണെന്നും ഐസൻകോട്ടിന്റെ പാർട്ടി ഇതിനോട് പ്രതികരിച്ചു. നെതന്യാഹുവിന് ഐക്യം ആവശ്യമില്ല. അദ്ദേഹത്തിന് എല്ലാ കാലത്തും സ്വന്തം നിലനിൽപ്പാണ് പ്രധാനമെന്നും യാഷർ വ്യക്തമാക്കി. നെതന്യാഹുവിന്റെ പ്രസംഗത്തിനെതിരെ ഐസൻകോട്ടും രൂക്ഷമായി പ്രതികരിച്ചു.
നെതന്യാഹുവിന്റെ വിദ്വേഷം നിറഞ്ഞ പ്രസംഗം അദ്ദേഹം അധികാരത്തിന് അയോഗ്യനാണെന്ന ബോധം കൂടുതൽ ഉറപ്പിക്കുന്നുവെന്ന് ഐസൻകോട്ട് പറഞ്ഞു. അധികാരമൊഴിയുന്ന പ്രധാനമന്ത്രിയുടെ ഭ്രാന്തവും ഭിന്നിപ്പിക്കുന്നതും വിദ്വേഷം നിറഞ്ഞതും ലജ്ജാകരവുമായ പ്രസംഗം ഞാൻ ഇരുന്ന് കേട്ടു. 26-ാമത് നെസെറ്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങെന്ന ഔദ്യോഗിക അവസരത്തെ അദ്ദേഹം ചൂഷണം ചെയ്യുകയാണ് ചെയ്തത്' ഐസൻകോട്ട് എക്‌സിൽ കുറിച്ചു.
ഒരു ദേശീയ അടിയന്തര സർക്കാർ രൂപീകരിക്കുമെന്ന് യാഷർ ചെയർമാൻ ആവർത്തിച്ചു. നെതന്യാഹുവിന്റെ ഭരണം ഇസ്രയേലിനെ ഭിന്നിപ്പിക്കുകയും അതിന്റെ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിൽ രൂപീകരിക്കാൻ പോകുന്ന തന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ പിന്തുണയ്ക്കാൻ ഐസൻകോട്ട് നേരത്തെ ലുകുഡ് പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ രൂപീകരണത്തിന് ഇസ്രയേൽ പ്രസിഡന്റ് തിരഞ്ഞെടുത്ത ഐസൻകോട്ടിന് 28 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പാർട്ടികളുമായുള്ള അദ്ദേഹത്തിന്റെ ചർച്ച.
ഇതിനിടെ നെതന്യാഹുവിന്റെ വിശ്വസ്തൻ തങ്ങളെ സമീപിച്ചിരുന്നതായി അറബ് പാർട്ടികളിലൊന്നായ റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസ് വെളിപ്പെടുത്തി. തങ്ങൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാനാണ് നെതന്യാഹുവിന്റെ വിശ്വസ്തൻ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് നേതാവ് യഹ്യ സിൻവാറിന് നെതന്യാഹുവുമായ ബന്ധമുണ്ടെന്ന ആരോപണവും അബ്ബാസ് നേരത്തെ ഉയർത്തിയിരുന്നു. നെതന്യാഹു ഒരിക്കൽ തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും നുണ പരിശോധനയ്ക്ക് താൻ തയ്യാറാണെന്നും അബ്ബാസ് പറഞ്ഞു.
Content Highlights: Yashar Party cancelled talks with Likud over Netanyahu's divisive speech at the 26th Knesset., Eisenkot criticized Netanyahu's remarks against Arab parties and termed him unfit for power., Eisenkot has 28 days to form a new government following the President's mandate.
Published: 11 Nov 2026, 01:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented