ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കുന്നതിനിടെ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവയുടെ ലോഞ്ചറുകളും സൂക്ഷിച്ചിരിക്കുന്ന പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (IRGC) ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഐആർജിസിയുമായി ബന്ധമുള്ള തസ്‌നീം (Tansim) ന്യൂസ് ഏജൻസിയാണ് ഇസ്ലാമിക് ഗാർഡിന്റെ എയറോസ്‌പേസ് വാരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഈ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
ഇറാനിയൻ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദൊല്ലാഹി, ഐആർജിസി എയറോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവി എന്നിവരുടെ സാന്നിധ്യത്തിലാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്. മിസൈലുകളുടെയും ഡ്രോണുകളുടെയും ഉത്പാദന ശൃംഖലകൾ ഭൗമോപരിതലത്തിലുള്ള കേന്ദ്രങ്ങളിൽ നിന്ന് ഭൂഗർഭ സങ്കേതങ്ങളിലേക്ക് മാറ്റിയതായും ഐആർജിസി വെളിപ്പെടുത്തി. മിസൈൽ സിറ്റി വെറുമൊരു ആയുധ സംഭരണശാലകളല്ല, മറിച്ച് മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ കൂടിയാണെന്ന് ഐർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹെബ്ബിയും കമാൻഡർ മൂസവിയും വ്യക്തമാക്കി.
മുൻപ് 3,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ കൈവശമുണ്ടായിരുന്നതായി കണക്കാക്കിയിരുന്നെങ്കിലും യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം ഇത് 2,000-ൽ താഴെയായി കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ 90 ശതമാനത്തോളവും ഇപ്പോഴും പൂർണ്ണമായോ ഭാഗികമായോ പ്രവർത്തനക്ഷമമാണ്. ഇതിനിടെയാണ് പുതിയ വീഡിയോ വന്നിരിക്കുന്നത്. മിസൈൽ, ഡ്രോൺ ലോഞ്ചറുകളിൽ 60 ശതമാനത്തോളം കേടുപാടുകൾ കൂടാതെ ശേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു
യുഎസ് ഉപരോധവും നാവിക ഉപരോധവും തുടരുന്ന സാഹചര്യത്തിൽ സ്വന്തം പ്രതിരോധശേഷി തെളിയിക്കുകയാണ് ഈ നീക്കത്തിന് പിന്നിൽ. ആവശ്യമെങ്കിൽ മേഖലയിലും അതിനപ്പുറമുള്ള ശത്രുക്കളുടെ കേന്ദ്രങ്ങൾ ആക്രമിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഐആർജിസി കമാൻഡർ മൂസവി മുന്നറിയിപ്പ് നൽകി.
Content Highlights: Iran's IRGC reveals a new underground missile city, showcasing ballistic and cruise missiles, amid ongoing tensions with the United States.
Published: 11 Nov 2026, 01:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented