ഇസ്ലാമാബാദ്/സന: സൗദി അറേബ്യയെ പിന്തുണച്ച് ഹൂതികൾക്കെതിരെ നിലയുറപ്പിച്ച പാകിസ്താന് നേരിട്ടുള്ള മുന്നറിയിപ്പുമായി യെമനിലെ ഹൂതി ഭരണകൂടം. സൗദി അറേബ്യയ്ക്ക് സൈന്യം, ആയുധങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ അല്ലെങ്കിൽ ലൊജിസ്റ്റിക് പിന്തുണ എന്നിവ നൽകരുതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ പാർലമെന്റ് പാകിസ്താനോട് ആവശ്യപ്പെട്ടു. സൗദിയുടെ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്ന ഏത് രാജ്യവും ഗുരുതരമായ നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഹൂതികൾ വ്യക്തമാക്കിയത്.

To advertise here,

യെമനിലെ സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാനും പാകിസ്താന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങൾ പാകിസ്താൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ മുൻകൈയിൽ രൂപംകൊണ്ട മക്ക പ്രതിരോധ കരാറിനെ (Makkah Defence Pact) വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

സൗദിയുമായുള്ള കരാർ ഒരു പ്രതിരോധ സംവിധാനം മാത്രമാണെന്നാണ് പാകിസ്താൻ വാദിക്കുന്നത്. എങ്കിലും സൗദി അറേബ്യയെയും രണ്ട് വിശുദ്ധ മസ്ജിദുകളെയും സംരക്ഷിക്കുമെന്ന് പാക് സൈനിക നേതൃത്വം ഉറപ്പുനൽകിയിട്ടുമുണ്ട്. യെമനിലെ ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ആക്രമണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സൗദിക്ക് സൈനികരേയും ആയുധങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറുന്ന സാഹചര്യം ഉണ്ടായാൽ അത് നേരിട്ടുള്ള പ്രകോപനമായി ഹൂതികൾ കണക്കാക്കും. പശ്ചിമേഷ്യൻ സംഘർഷം ഇനിയും കൂടുതൽ വ്യാപിച്ചാൽ പാകിസ്താൻ സൈനികർ ഹൂതികളുടെ നേരിട്ടുള്ള ആക്രമണ ലക്ഷ്യമായി മാറാനും സാധ്യതയുണ്ട്.

മേഖലയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും സൗദിയുടെ സാമ്പത്തിക സഹായവും സ്വാധീനവുമാണ് ഇസ്ലാമാബാദ് ലക്ഷ്യമിടുന്നത്. അസിം മുനീറിന്റെ ഈ സൗദി അനുകൂല നീക്കം ഇറാൻ പിന്തുണയുള്ള സേനകളുമായി നേരിട്ടുള്ള യുദ്ധത്തിലേക്ക് പാകിസ്താനെ വലിച്ചിഴച്ചേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനുമായുള്ള ബന്ധം വഷളാകാനും ഇത് കാരണമായേക്കും.