എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ്ങുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുൻ ആക്ടിങ് യുഎസ് അറ്റോർണി ജൂൺ കിം ജൂൺ ഹ്യൂനിന്റെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് എൻവിഡിയ. അമേരിക്കയിലെ ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റിന്റെ മുൻ ആക്ടിങ് യുഎസ് അറ്റോർണിയായ കിമ്മിനെയും പ്രമുഖ യുഎസ് നിയമസ്ഥാപനമായ വാച്ച്‌ടെൽ, ലിപ്റ്റൺ, റോസൻ ആൻഡ് കാറ്റ്‌സിനെയും അന്വേഷണത്തിന്റെ ചുമതല ഏൽപ്പിച്ചതായി എൻവിഡിയയുടെ സ്വതന്ത്ര ഡയറക്ടർമാർ അറിയിച്ചു.

To advertise here,

2021-ൽ അന്നത്തെ ന്യൂയോർക്ക് ഗവർണറായിരുന്ന ആൻഡ്രൂ ക്യൂമോയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ നടന്ന സ്വതന്ത്ര അന്വേഷണത്തിന് നേതൃത്വം നൽകിയത് കിമ്മായിരുന്നു. പൊതുമേഖലയിലെ അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിച്ച് കിമ്മിന് മുൻപരിചയമുണ്ട്. ഫെഡറൽ പ്രോസിക്യൂട്ടറായിരിക്കെ ക്യൂമോയുടെ അടുത്ത അനുയായി ജോസഫ് പെർകോക്കോ ഉൾപ്പെട്ട കേസുകളും ന്യൂയോർക്ക് സ്റ്റേറ്റിന്റെ സാമ്പത്തിക വികസന പദ്ധതിയായ 'ബഫലോ ബില്യണുമായി' ബന്ധപ്പെട്ട അഴിമതിയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

പ്രമുഖ അമേരിക്കൻ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) സിഇഒ ജെൻസൻ ഹുവാങ്ങും ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്ങും തമ്മിലുള്ള ബന്ധത്തിലൂടെ അമേരിക്കൻ നിരോധനങ്ങൾ മറികടന്ന് ശതകോടികൾ മൂല്യമുള്ള എഐ ചിപ്പുകൾ ചൈനയിലേക്ക് എത്തിയെന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. എൻവിഡിയയുടെ ഉപഭോക്തൃ സ്ഥാപനമായ മെഗാസ്പീഡിന്റെ പ്രതിനിധിയാണ് ആലീസ് ഹുവാങ്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്.

2023 മുതൽ ഏകദേശം 7.5 ശതകോടി ഡോളർ മൂല്യമുള്ള എൻവിഡിയ എഐ ചിപ്പുകൾ ചൈനീസ് കമ്പനികൾ വഴി കടത്താൻ ഈ ബന്ധം വഴിയൊരുക്കിയതായി 'ദി ഇൻഫർമേഷൻ' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയുടെ കയറ്റുമതി വിലക്ക് നിലനിൽക്കുന്ന 2,40,000-ത്തോളം എച്ച്100 (H100), എച്ച്200 (H200) ചിപ്പുകൾ ചൈനയിലേക്ക് എത്തിക്കാൻ ആലീസ് ഹുവാങ് സഹായിച്ചതായാണ് റിപ്പോർട്ട്.

അതേസമയം, വിദേശ രഹസ്യാന്വേഷണ ഏജൻസി ജെൻസൻ ഹുവാങ്ങിനെ ലക്ഷ്യമിട്ടിട്ടുണ്ടോയെന്ന് എഫ്ബിഐ പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്. നിലവിൽ കമ്പനിയുടെ രഹസ്യവിവരങ്ങളോ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോർന്നതിന് തെളിവുകളില്ലെന്നാണ് എൻവിഡിയയുടെ നിലപാട്. അന്വേഷണവുമായി സഹകരിക്കാൻ ഹുവാങ് സമ്മതിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.