വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എല്ലാ ദിവസവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫോൺ വിളിക്കുന്നതായി റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

To advertise here,

‘യുദ്ധം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹു എല്ലാ ദിവസവും ട്രംപിനെ വിളിക്കാറുണ്ട്. യുദ്ധത്തോട് താൽപര്യമില്ലാത്ത, വൈറ്റ് ഹൗസിന് അകത്തും പുറത്തുമുള്ളവർ ഈ നീക്കത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ്. സംഘർഷം വഷളാക്കാതെ ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്നാണ് ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ ട്രംപിനോട് പറയുന്നത്. സൈനിക നടപടികൾ പുനഃരാരംഭിക്കാൻ ട്രംപിനെ പ്രേരിപ്പിക്കാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങളിൽ അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾക്ക് ആശങ്ക വർധിച്ചുവരുന്നുണ്ട്’, റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഇറാനെതിരായ ആക്രമണം പുനഃരാരംഭിക്കാൻ നെതന്യാഹുവിന് താൽപര്യമുണ്ടെങ്കിലും ഇക്കാര്യത്തിന് ട്രംപിനെ പ്രേരിപ്പിക്കാൻ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നാണ് ഇസ്രയേൽ വൃത്തങ്ങൾ പറയുന്നത്.

അതേസമയം, അമേരിക്കയും ഇറാനും തമ്മിൽ താത്കാലിക ധാരണയിലെത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനിയുമായി ചർച്ച നടത്തിയതിനു പിന്നാലെ, ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.