വാഷിങ്ടൺ: നിയമാനുസൃതമായ സൈനിക നടപടികൾ നടപ്പാക്കിയതിന്റെ പേരിൽ തന്നെ ഇംപീച്ച് ചെയ്യാനാകില്ലെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാൻ യുദ്ധം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട്  തനിക്കെതിരേ നടക്കുന്ന ഇംപീച്ച്‌മെന്റ് നീക്കത്തെ പ്രതിരോധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

സ്വന്തം പോരാളികളെ അമേരിക്ക ശിക്ഷിക്കുന്നെന്ന സന്ദേശമാണ് ഇംപീച്ച്മെന്റ് നീക്കത്തിലൂടെ യുഎസിന്റെ ശത്രുക്കൾക്ക് ലഭിക്കുകയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയ് മാസത്തിനുശേഷം ഇതാദ്യമായാണ് ഹെഗ്‌സെത്ത് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്.

തന്നെ പുറത്താക്കാനുള്ള ഈ നീക്കം, നിയമാനുസൃതവും വിജയകരവുമായ സൈനികനടപടി നടത്തിയതിന്റെ പേരിൽ അമേരിക്ക സ്വന്തം സൈനികരെയും നേതൃത്വത്തെയും ശിക്ഷിക്കുകയാണെന്ന സന്ദേശമാണ് ശത്രുക്കൾക്ക് നൽകുക. അമേരിക്കൻ റിപ്പബ്ലിക്കിന്റെ 250 വർഷത്തെ ചരിത്രത്തിൽ, നിയമാനുസൃതമായ സൈനിക നടപടികൾ നടപ്പാക്കിയതിന്റെ പേരിൽ ഒരു യുദ്ധകാര്യ സെക്രട്ടറിയോ പ്രതിരോധ സെക്രട്ടറിയോ ഇതുവരെ ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടിട്ടില്ലെന്നും പീറ്റ് ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു. 

സ്ഥാനമൊഴിയുന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി തോമസ് മസ്സിയാണ് ഹെഗ്‌സെത്തിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടിക്ക് തുടക്കംകുറിച്ചിട്ടുള്ളത്. കെന്റക്കിയിൽനിന്നുള്ള പ്രതിനിധിയാണ് മസ്സി. ഇറാൻ യുദ്ധം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹെഗ്‌സെത്തിനെതിരേ ഇംപീച്ച്‌മെന്റ് നീക്കം നടക്കുന്നത്.

അതൃപ്തനും പരാജിതനുമായ ഒരു കോൺഗ്രസ് പ്രതിനിധി നടത്തുന്ന വ്യക്തിപരമായ ആക്രമണമാണ് ഇതെന്നും മസ്സിയെ ഉന്നമിട്ട് ഹെഗ്‌സെത്ത് പറഞ്ഞു. ഇത് പ്രഹസനമാണ്. അത് എല്ലാവർക്കും അറിയാം, അദ്ദേഹം കൂട്ടിച്ചേർത്തു.

റൊണാൾഡ് റീഗന്റെ ഭരണകാലത്ത് ലെബനനിലും ബിൽ ക്ലിന്റണിന്റെ കാലത്ത് കൊസോവോയിലും ബരാക്ക് ഒബാമയുടെ ഭരണകാലത്ത് ഇറാഖിലും സിറിയയിലും നടന്ന സൈനിക നടപടികളും ഇതേ മേഖലകളിൽ ജോ ബൈഡന്റെ കാലത്തു നടന്ന സൈനിക നടപടികളും ഹെഗ്സെത്ത് പരാമർശിച്ചു.