ടെൽ അവീവ്: ഇസ്രയേൽ മുൻ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ. കാവൽ പ്രധാനമന്ത്രിയായ നെതന്യാഹു, ചൊവ്വാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സാറയും ബെന്നറ്റും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാകുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

To advertise here,

നെതന്യാഹുവിന് ഖത്തറുമായുള്ള ബന്ധത്തെക്കുറിച്ചും ഒക്ടോബർ ഏഴിലെ ആക്രമണത്തെക്കുറിച്ചും ഉത്തരംവേണമെന്ന ആവശ്യമുന്നയിച്ച് ബെന്നറ്റ്, നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ ഇസ്രയേൽ സുരക്ഷാവകുപ്പ് മന്ത്രി ഇതാമർ ബെൻ ഗിവിർ, ബെന്നറ്റിനെതിരേ രംഗത്തെത്തി. നാണമില്ലാത്ത മനുഷ്യനെന്നും യാതൊരു വിലയുമില്ലാത്തയാൾ എന്നും ബെന്നറ്റിനെ ഗിവിർ ആക്ഷേപിച്ചു. ഇതിലേക്ക് സാറ കൂടി പങ്കാളിയായതോടെ വാക്കേറ്റം കടുത്തു.

നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയായ ബെന്നെറ്റിനെ സാറ കടന്നാക്രമിക്കുകയായിരുന്നു. ‘നിങ്ങൾ അറബ് ജോയിന്റ് ലിസ്റ്റിനൊപ്പമാണ് ഇരിക്കുന്നത്. നിലവാരമില്ലാത്ത മനുഷ്യാ, നിങ്ങൾക്ക് നാണമില്ലേ. നാണംകെട്ട മനുഷ്യൻ’ എന്നിങ്ങനെയാണ് ബെന്നെറ്റിനെ സാറ ആക്ഷേപിച്ചത്.

ഇസ്രയേലിലെ അറബ് ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ജോയിന്റ് ലിസ്റ്റ്. തിരഞ്ഞെടുപ്പിന് ശേഷം ഇസ്രയേൽ പാർലമെന്റ് ആദ്യമായി സമ്മേളിച്ചപ്പോഴായിരുന്നു ഈ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.