വാഷിംഗ്ടൺ: പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ (Nvidia) സിഇഒ ജെൻസൻ ഹുവാങും ചൈനീസ് ചാര വനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങും തമ്മിലുള്ള ബന്ധം മൂലം ശതകോടികൾ മൂല്യമുള്ള എഐ ചിപ്പുകൾ ചൈനയിലേക്ക് എത്താൻ കാരണമായെന്ന് റിപ്പോർട്ട്. 2023 മുതൽ ഏകദേശം 7.5 ശതകോടി ഡോളർ മൂല്യമുള്ള എൻവിഡിയ എഐ ചിപ്പുകൾ ചൈനീസ് കമ്പനികൾ വഴി കടത്താൻ ഈ ബന്ധം വഴിയൊരുക്കിയതായി 'ദി ഇൻഫർമേഷൻ' (The Information) പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

To advertise here,

അമേരിക്കയുടെ കയറ്റുമതി വിലക്ക് നിലനിൽക്കുന്ന 2,40,000-ത്തോളം എച്ച്100 (H100), എച്ച്200 (H200) ചിപ്പുകൾ ചൈനയിലേക്ക് എത്തിക്കാൻ ആലീസ് ഹുവാങ് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് കമ്പനികൾക്ക് അത്യാധുനിക എഐ പ്രൊസസറുകൾ ലഭ്യമാകുന്നത് തടയുന്നതിനായി അമേരിക്ക കടുത്ത കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചിപ്പുകൾ കയറ്റി അയക്കുന്നതിനായി ചൈന, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവ കേന്ദ്രീകരിച്ച് ആലീസ് ഹുവാങ്, അവരുടെ സഹോദരി, ഭർത്താവ് കാങ് വെയ് എന്നിവർ ചേർന്ന് രൂപീകരിച്ച കമ്പനികളുടെ ശൃംഖലകൾ ആണ് ഉപയോഗിച്ചത്.

ചൈന ആസ്ഥാനമായി 2023 ജൂണിൽ പ്രവർത്തനം ആരംഭിച്ച ഷാങ്ഹായ് സെഞ്ച്വറി ലിറ്റോങ് ഈ കമ്പനിയാണ് ശൃംഖലയുടെ പ്രധാന കേന്ദ്രബിന്ദുവായി പ്രവർത്തിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. 2023 ഒക്ടോബറോടെ എൻവിഡിയയുടെ 'മുൻഗണനാ ക്ലൗഡ് പങ്കാളി' (preferred cloud partner) പദവി സ്വന്തമാക്കിയ ഈ കമ്പനി വഴി ഏകദേശം 750 കോടി ഡോളർ മൂല്യമുള്ള എൻവിഡിയ ചിപ്പുകൾ ചൈനയിലേക്കെത്തി. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ മെഗാസ്പീഡ് ഇന്റർനാഷണൽ ആണ് മറ്റൊരു കമ്പനി. എൻവിഡിയയുടെ ഔദ്യോഗിക ക്ലൗഡ് പങ്കാളിയായ മെഗാസ്പീഡ് വഴി 2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഏകദേശം 460 കോടി ഡോളറിന്റെ ചിപ്പുകൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. 2023 മാർച്ച് മാസത്തിലാണ് ആലീസ് ഹുവാങ് കമ്പനിയുടെ നിയന്ത്രണ അധികാരമുള്ള ഓഹരി ഉടമയായത്. ഇതിന് പുറമെ മെഗാസ്പീഡിന്റെ ഇന്തോനേഷ്യൻ ഉപകമ്പനി ഗിഗാബൈറ്റിന്റെ ഉപകമ്പനിയായ ഗിഗ കമ്പ്യൂട്ടിംഗ് ഉൾപ്പെടെയുള്ള വിതരണക്കാരിൽ നിന്ന് H100 പ്രൊസസറുകൾ അടക്കമുള്ള ഹാർഡ്വെയറുകൾ 2024-നും 2026-നും ഇടയിൽ ഇറക്കുമതി ചെയ്തു. 2023 മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ ആലീസ് ഹുവാങ് മെഗാസ്പീഡിന്റെ ഇന്തോനേഷ്യൻ ഉപകമ്പനിയുടെ ഡയറക്ടറായും മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലേക്ക് എഐ ചിപ്പുകൾ ഇറക്കുമതി ചെയ്യുന്നത് യുഎസ് കയറ്റുമതി നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമല്ലെങ്കിലും, ചിപ്പുകൾ വഴിതിരിച്ചുവിടുന്ന ശൃംഖലയുടെ ഭാഗമായാണ് ഈ നീക്കം കണക്കാക്കുന്നത്. ഈ കമ്പനികൾക്ക് പുറമെ സ്പീഡ്മാട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം 200 കോടി ഡോളർ മൂല്യമുള്ള എഐ ചിപ്പുകൾ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ആലീസ് ഹുവാങ് മുൻപ് പങ്കാളിയും സീനിയർ എക്‌സിക്യൂട്ടീവുമായി പ്രവർത്തിച്ചിരുന്ന ചൈനീസ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ഷാങ്ഹായ് ഹെക്‌സി ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റും ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻവിഡിയ സിഇഒയുമായുള്ള വ്യക്തിബന്ധവും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വിചാറ്റിൽ പങ്കുവെച്ചാണ് ആലീസ് ബിസിനസ്സ് വിപണിയിൽ വിശ്വാസ്യത നേടിയത്. ചിപ്പുകളുടെ ലഭ്യത ഉറപ്പാക്കാൻ ഈ അടുപ്പം സഹായിച്ചതായി ഇവർ അവകാശപ്പെട്ടിരുന്നു. ആലീസ് ഹുവാങുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും സമ്മതിച്ചിട്ടുണ്ട്.