ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക ചുമതല ലഭിച്ചതോടെ പദവികൾ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ട്. നെസെറ്റിലെ പ്രധാന പദവികൾ പങ്കിടുന്നതിനായി പ്രതിപക്ഷ നേതാക്കളായ നഫ്താലി ബെനറ്റ്, യെയർ ഗോലാൻ, അവിഗ്ഡോർ ലീബർമാൻ, യെയർ ലാപിഡ് എന്നിവരുമായി താൻ കരാറിലെത്തിയതായി ഐസൻകോട്ട് വ്യക്തമാക്കി.
മുൻ മന്ത്രി മതാൻ കഹാനയെ നെസെറ്റ് സ്പീക്കർ സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹൗസ് കമ്മിറ്റി ചെയർമാനായി റോയി ഫോൾക്മാനെയും വിദേശകാര്യ-പ്രതിരോധ സമിതി അധ്യക്ഷനായി മുൻ പ്രതിരോധ മന്ത്രി കൂടിയായ അവിഗ്ഡോർ ലീബർമാനെയും ധനകാര്യ സമിതി അധ്യക്ഷയായി ലിറാൻ അവിസാർ ബെൻ-ഹോറിനെയും നാമനിർദേശം ചെയ്തതായി ഐസൻകോട്ട് വ്യക്തമാക്കി.
ഒക്ടോബർ 27-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നണിക്കോ ഐസൻകോട്ടിന്റെ സഖ്യത്തിനോ കേവലഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. ഇസ്രയേലിന്റെ ബേസിക് ലോ സെക്ഷൻ 8 പ്രകാരം സർക്കാർ ഉണ്ടാക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമുണ്ട്. ആവശ്യമെങ്കിൽ പ്രസിഡന്റിന് ഇത് 14 ദിവസം കൂടി നീട്ടിനൽകാം. സർക്കാർ രൂപീകരണത്തിനായി 67 അംഗങ്ങളുടെ പിന്തുണ ലഭിച്ചതായാണ് ഐസൻകോട്ട് പ്രസിഡന്റിനെ അറിയിച്ചത്. വിരുദ്ധ ചേരിയിലുള്ള രണ്ട് അറബ് പാർട്ടികൾ ഉൾപ്പെടെ ഐസൻകോട്ടിനെ പിന്തുണച്ചു. 46 അംഗങ്ങൾ മാത്രമാണ് നെതന്യാഹുവിനെ പിന്തുണച്ചത്.
പ്രസിഡന്റിൽനിന്ന് ചുമതല ലഭിച്ചതുകൊണ്ട് മാത്രം ഐസൻകോട്ടിന് പ്രധാനമന്ത്രി പദവി ഉറപ്പാക്കാൻ കഴിയില്ല. 120 അംഗങ്ങളുള്ള നെസെറ്റിൽ ഭൂരിപക്ഷം തികയ്ക്കാൻ 61 സീറ്റുകൾ ആവശ്യമാണ്. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള നാല് പാർട്ടികളുടെ സഖ്യത്തിന് 48 സീറ്റുകളാണുള്ളത്. ഇതിൽ അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ 'യാഷർ' 21 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ പാർട്ടിയായി.
അതേസമയം, 27 സീറ്റുകൾ നേടിയ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് 53 സീറ്റുകളുണ്ട്. അതിനാലാണ് രണ്ട് പ്രധാന ക്യാമ്പുകൾക്ക് പുറത്തുള്ള പാർട്ടികളുമായുള്ള ചർച്ചകൾ നിർണായകമാകുന്നത്.
Published: 10 Nov 2026, 03:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented