
സുഡാനിലെ പ്രശ്നബാധിത നഗരത്തില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ | Photo : AFP
ഖാര്‍ത്തൂം: ആഭ്യന്തര സംഘർഷം മൂർച്ഛിച്ച സുഡാനിലെ ദാര്‍ഫറിന് കിഴക്കുള്ള കോര്‍ദോഫാന്‍ മേഖലയിലെ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നുമായി 36,000-ത്തിലധികം ജനങ്ങൾ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. എല്‍ ഫാഷര്‍ നഗരം സർക്കാരിനെ എതിർക്കുന്ന വിമത സൈനിക സംഘമായ ആർഎസ്എഫ് പിടിച്ചടക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവവികാസം.
സുഡാനിലെ ദാര്‍ഫര്‍ പ്രവിശ്യകള്‍ക്കും കിഴക്കുള്ള ഖാര്‍ത്തൂം-നദീതട ഹൃദയഭൂമിക്കും ഇടയിലുള്ള തന്ത്രപ്രധാന പ്രദേശമായ മധ്യ കോര്‍ദോഫാന്‍ മേഖല 2023 ഏപ്രില്‍ മുതല്‍ കടുത്ത ആഭ്യന്തര സംഘർഷത്തിലൂടെ കടന്നുപോവുകയാണ്.
സുഡാന്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും(ആർഎസ്എഫ്) തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് ജനങ്ങള്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 26-നും 31-നും ഇടയില്‍ നോര്‍ത്ത് കോര്‍ദോഫാനിലെ അഞ്ച് പ്രദേശങ്ങളില്‍നിന്ന് ഏകദേശം 36,825 പേര്‍ പലായനം ചെയ്തതായി യുഎന്നിന്റെ കുടിയേറ്റ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
നോര്‍ത്ത് കോര്‍ദോഫാനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആര്‍എസ്എഫിന്റെയും സൈന്യത്തിന്റെയും സാന്നിധ്യത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായി പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നോര്‍ത്ത് കോര്‍ദോഫാന്‍ സംസ്ഥാനത്തിന്റെ തലസ്ഥാനവും, ദാര്‍ഫറിനെ ഖാര്‍ത്തൂമുമായി ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക്‌സ്, കമാന്‍ഡ് കേന്ദ്രവും, വിമാനത്താവളവുമുള്ള എല്‍ ഒബെയ്ദ് പിടിച്ചടക്കാനായി സൈന്യവും ആര്‍എസ്എഫും പോരാട്ടത്തിലാണ്.
നോര്‍ത്ത് ദാര്‍ഫറിലെ എല്‍ ഫാഷര്‍ നഗരത്തില്‍ ആര്‍എസ്എഫ് നടത്തിയ കൂട്ടക്കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെട്ടിക്കിടക്കുന്ന രക്തവും മൃതദേഹങ്ങളുടെ കൂമ്പാരവും ഉപഗ്രഹ ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
എസ്എഎഫിന്റെ സിക്സ്ത് ഡിവിഷന്‍ ആസ്ഥാനവും 157-ാം ആര്‍ട്ടിലറി ബ്രിഗേഡും ഉള്‍പ്പെടെ എല്‍ ഫാഷറിലെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ആര്‍എസ്എഫ് പിടിച്ചടക്കിയിട്ടുണ്ട്. ഒക്ടോബര്‍ 27-ന് ആര്‍എസ്എഫ് വാഹനങ്ങളും ടാങ്കുകളും ഇവിടെ വിന്യസിച്ചിരിക്കുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്.
നഗരത്തിന്റെ അതിര്‍ത്തി ഭിത്തിക്ക് മുകളിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ വിമതര്‍ വെടിവെച്ചിടുകയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളും പ്രാദേശിക റിപ്പോര്‍ട്ടുകളും രേഖപ്പെടുത്തുന്നു.
എല്‍ ഫാഷറിന്റെ പതനത്തോടെ സുഡാനിലെ സായുധകലാപം വിനാശകരമായ തരത്തിലേക്ക് മാറുകയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. 2023 ഏപ്രിലിലാണ് സുഡാനീസ് സായുധ സേനാ നേതാവ് ജനറല്‍ അബ്ദേല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും ആര്‍എസ്എഫ് കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മില്‍ പിണങ്ങുന്നത്.
ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ സ്വര്‍ണ്ണ ഉത്പാദകരായ സുഡാനിലെ സ്വര്‍ണ്ണമാണ് ആര്‍എസ്എഫിന് ഇന്ധനം നല്‍കുന്നത്. ദാര്‍ഫറിലെ ഈ ഖനികള്‍ നിയന്ത്രിക്കുന്ന ആര്‍എസ്എഫ് യുഎഇയിലേക്ക് കടത്തി കോടികള്‍ സമ്പാദിക്കുന്നു. പകരം ആയുധങ്ങളും ഡ്രോണുകളും സംഘടിപ്പിക്കുന്നു.
Content Highlights: Over 36,000 people have fled Kordofan region in Sudan due to escalating conflict between SAF and RSF. Reports detail heavy fighting and humanitarian crisis.
Published: 03 Nov 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented