
കോര്‍ഡോഫാനിലെ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍| Photo: Video screengrab
ഖാർത്തൂം: തെക്കന്‍ സുഡാനിലെ നഴ്‌സറി സ്‌കൂളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 43 കുട്ടികള്‍ ഉള്‍പ്പെടെ 79 പേര്‍ കൊല്ലപ്പെട്ടു. കോര്‍ഡോഫാന്‍ സംസ്ഥാനത്തെ കലോജിയിലാണ് സംഭവം. സുഡാനില്‍ വിമതസൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് (ആര്‍എസ്എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
'സുഡാനിലെ സാധാരണക്കാര്‍ക്കെതിരേ ഭീകരരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് നടത്തുന്ന വംശഹത്യ അപലനീയമാണ്. 43 കുട്ടികളും ആറ് സ്ത്രീകളുമടക്കം 79 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ സഹായിക്കാന്‍ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു’- മന്ത്രാലയം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍നിന്ന് പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ എല്‍-ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. അതോടൊപ്പം തന്നെ കൂട്ടക്കൊലകളും അരങ്ങേറി. പതിനായിരക്കണക്കിനാളുകള്‍ ജീവനുംകൊണ്ട് പലായനം ചെയ്തു. വലിയ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയാണ് ആര്‍എസ്എഫ് കൊല്ലപ്പെട്ടവരെ സംസ്‌കരിച്ചത്. അതേസമയം, കൂട്ടക്കൊലയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ ആര്‍എസ്എഫ് ശ്രമിച്ചവെന്ന് യേല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഹ്യൂമാനിറ്റേറിയന്‍ റിസര്‍ച്ച് ലാബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നഥാനിയേല്‍ റെയ്മണ്ട് അല്‍ ജസീറയോട് പറഞ്ഞു. ഗാസയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ 10 ദിവസത്തിനുള്ളില്‍ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്ന് റെയ്മണ്ട് കൂട്ടിച്ചേര്‍ത്തു. റിസര്‍ച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ കൂട്ടക്കൊലയുടെ തെളിവുകള്‍ പുറത്തുവന്നിരുന്നു. മൃതദേഹങ്ങളുടെ കൂമ്പാരങ്ങളും നഗരത്തില്‍ പലയിടത്തും രക്തച്ചാലുകളും ചിത്രങ്ങളില്‍ തെളിഞ്ഞിരുന്നു.
ആര്‍എസ്എഫ് നഗരം പിടിച്ചെടുത്തതിനുശേഷം 70,000-ത്തിലധികം ആളുകള്‍ നഗരത്തില്‍നിന്നുംസമീപ പ്രദേശങ്ങളില്‍നിന്നും പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. വിചാരണയില്ലാത്ത കൊലപാതകങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, കൂട്ടക്കൊലകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദൃക്‌സാക്ഷികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു.
എല്‍ ഫാഷറിന്റെ പതനത്തോടെ സായുധകലാപം സുഡാനിലെ മറ്റു പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 2023 ഏപ്രിലില്‍ സുഡാനീസ് സായുധ സേന നേതാവ് ജനറല്‍ അബ്ദേല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും ആര്‍എസ്എഫ് കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മില്‍ പിണങ്ങിയതിന് പിന്നാലെയാണ് നരവേട്ട രൂക്ഷമായത്.
ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ സ്വര്‍ണ്ണ ഉത്പാദകരായ സുഡാനിലെ സ്വര്‍ണ്ണമാണ് ആര്‍എസ്എഫിന് ഇന്ധനം നല്‍കുന്നത്. ദാര്‍ഫറിലെ ഈ ഖനികള്‍ നിയന്ത്രിക്കുന്ന ആര്‍എസ്എഫ് കോടികള്‍ സമ്പാദിക്കുന്നു. പകരം ആയുധങ്ങളും ഡ്രോണുകളും സംഘടിപ്പിക്കുന്നു.
Content Highlights: Horrific drone attack on a nursery in Sudan claims 50 lives, including 33 children. RSF blamed for the atrocity. Uncover the grim details and escalating violence.
Published: 06 Dec 2025, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented