
യുക്രൈൻ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിവെച്ച തിരിച്ചടിയും കൂടുതൽ മൂർച്ചയേറി മുന്നേറിക്കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു ലോകം 2025 ജനുവരിയിലേക്ക് നടന്നു കയറിയത്.
പരിഹരിക്കാനാവാത്ത യുദ്ധങ്ങൾ സമ്മാനിച്ച തീരാദുരിതവും കൂടുതൽ കൂടുതൽ ചൂടുപിടിക്കുന്ന കാലാവസ്ഥയും കൊണ്ട് ലോകം ലക്ഷ്യമില്ലാതെ ഓടിക്കഴിഞ്ഞപ്പോൾ പുതുവർഷം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഒരു വർഷത്തിനിപ്പുറം ലോകം 2026-ലേക്ക് കാലെടുത്തുവെക്കുമ്പോൾ കൂടുതൽ സങ്കീർണമായ, പുതിയ യുദ്ധമുഖങ്ങൾ രൂപപ്പെടുന്ന മറ്റൊരു പുതുവർഷത്തിലേക്ക് കടക്കുകയാണ് ലോകം.
ഇതിനിടെ, ഒരുനേരത്തെ വിശപ്പടക്കാൻ കാലിത്തീറ്റ ഭക്ഷണമാക്കുന്ന സുഡാനികളെ കണ്ടു, ശവപ്പറമ്പ് പോലും നാണിക്കുന്ന വിധത്തിലായിപ്പോയ ഗാസയെ കണ്ടു, കിറുക്കൻ തീരുമാനങ്ങൾ കൊണ്ട് ലോകത്തിന്റെ പരിഹാസ കഥാപാത്രമാകുന്ന ട്രംപിനെ കണ്ടു, സർവം കീഴടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക മുന്നേറ്റത്തിന്റെ ശക്തിയറിഞ്ഞു.
- നാലാം വർഷത്തിലേക്ക് കടക്കുന്ന യുക്രൈൻ യുദ്ധം, തീരുമോ പ്രതിസന്ധികൾ
കഴിഞ്ഞ നാല് വർഷത്തോളമായി യുക്രൈൻ എന്ന രാജ്യത്തിന് മരണമണി മുഴക്കിക്കൊണ്ട് റഷ്യ നടത്തിയ അധിനിവേശം അതിന്റെ ഏറ്റവും നിർണായകമായ അവസ്ഥയിലൂടെ കടന്നുപോയ വർഷം കൂടിയായിരുന്നു 2025. ഈ വർഷം ആദ്യം ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ രണ്ടാമതും അധികാരമേറ്റെടുത്ത് നടത്തിയ പ്രധാന പ്രസ്താവനകളിലൊന്ന് ദിവസങ്ങൾക്കുള്ളിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു. ഇതിന്റെ ഭാഗമായി പല തവണ പുടിനുമായും സെലെൻസ്‌കിയുമായും ചർച്ചകൾ നടത്തി. പക്ഷെ ഒരു ചർച്ചയും യുദ്ധം അവസാനിപ്പിക്കാനുള്ള മറുമരുന്നായി മാറിയില്ല.
ഒടുവിൽ റഷ്യയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് രാജ്യങ്ങൾക്ക് മേൽ 50- 60 ശതമാനം ചുങ്കം ചുമത്തി ശിക്ഷിക്കുന്ന ട്രംപിനെയും ലോകം കണ്ടു. യുദ്ധം അവസാനിപ്പിക്കാൻ 28 ഇന കരാർ പട്ടിക ട്രംപ് അവതരിപ്പിച്ചെങ്കിലും ഇത് അംഗീകരിക്കാൻ യുക്രൈനും അവരെ പിന്തുണക്കുന്ന യൂറോപ്യൻ രാജ്യങ്ങളും തയ്യാറായില്ല. ഒടുവിൽ ഈ വർഷം അവസാനിക്കുമ്പോൾ പുതുക്കിയ 20 ഇന കരാർ പട്ടിക സെലൻസ്‌കി തന്നെ മുന്നോട്ടുവെച്ചിരിക്കുകയാണ്. ഇതിനോട് അമേരിക്കയും റഷ്യയും എങ്ങനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടെ നാറ്റോയിൽ അംഗമാവാനുള്ള തങ്ങളുടെ ദീർഘകാല ആവശ്യത്തിൽനിന്ന് പുറകോട്ട് പോയിരിക്കുകയാണ് യുക്രൈൻ. മാത്രമല്ല, മറ്റൊരു പ്രധാന ആവശ്യമായ ഡോൺബാസ് മേഖല റഷ്യയ്ക്ക് വിട്ടുകൊടുക്കുകയെന്ന ആവശ്യം ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് ശേഷമാവാമെന്ന വാദവും മുന്നോട്ടുവെച്ചിരിക്കുന്നു.
- ലോകമനസാക്ഷി കണ്ണടച്ച ഗാസ,കാലിത്തീറ്റ ഭക്ഷണമാക്കുന്ന സുഡാൻ
അപ്രതീക്ഷിതമായ ഒരു പ്രകോപനം ഒരു രാജ്യത്തെയൊന്നാകെ ശവപ്പറമ്പ് പോലെയാക്കി മാറ്റിയതിന്റെ നേർക്കാഴ്ചയായിരുന്നു 2023 ഒക്ടോബറിന് ശേഷം ഗാസയിൽ നിന്നുണ്ടായത്. ഇതിന് താൽക്കാലിക ശമനമുണ്ടായ വർഷമായിരുന്നു 2025.
ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തിൽ 1195 പേർ കൊലപ്പെട്ടപ്പോൾ അതിന് പകരംവീട്ടി ഇസ്രയേൽ ഗാസയിൽ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് 70,000-ൽ അധികം ആളുകളാണ്. 171,000-ൽ ആളുകൾക്ക് പരിക്കേറ്റു. ഒപ്പം ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടു. പട്ടിണിയും ദുരിതവും രോഗങ്ങളും മാത്രം ബാക്കിയായി.
ഹമാസിന്റെ ഉന്മൂലനമാണ് ലക്ഷ്യമെന്ന് ഇസ്രയേൽ വാദിച്ചിരുന്നെങ്കിലും നവജാത ശിശുക്കളടക്കമുള്ള എത്രയോ കുഞ്ഞുങ്ങളാണ് യുദ്ധത്തിൽ ചിതറിത്തെറിച്ചുപോയത്. ഇതിനിടെ 2023 നവംബറിലും 2025 ജനുവരിയിലുമായി രണ്ട് തവണ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഈ വർഷത്തെ വെടിനിർത്തൽ താൽക്കാലിക ആശ്വാസമാണ് ഗാസക്കാർക്ക് സമ്മാനിച്ചത്. ഗാസയെ ഇസ്രയേൽ ആക്രമിച്ചതിന് പിന്നാലെ ഹിസ്ബുള്ള- ഇസ്രയേൽ പ്രശ്‌നവും രൂക്ഷമായിരുന്നു. ചെങ്കടലിലൂടെയുള്ള കപ്പലുകൾക്കെതിരേ ആക്രമണം നടത്താൻ ഹൂതി വിമതരെ പ്രേരിപ്പിച്ചത് ഇതാണ്. നിരവധി കപ്പലുകൾ മുങ്ങി. ഇത് ലോകത്താകമാനമുള്ള ഇന്ധനപ്രതിസന്ധിക്കും കാരണമായി.
സുഡാനിലെ ആഭ്യന്തര കലാപവും യുദ്ധം മനുഷ്യരാശിക്ക് സമ്മാനിച്ച ദുരന്തത്തിന്റെ നേർചിത്രമായിരുന്നു. ലോകരാജ്യങ്ങൾ പക്ഷെ അവരുടെ പ്രതിസന്ധിയെ, മനുഷ്യാവകാശ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിച്ചു. 2023 ഏപ്രിൽ മുതൽ ആരംഭിച്ച ആഭ്യന്തര കലാപം അതിന്റെ സർവശക്തിയും കാണിച്ച വർഷമായിരുന്നു 2025. രാജ്യത്തെ നിർണായകമായ എൽഫാഷർ നഗരം പിടിച്ചെടുത്തതായി സർക്കാരിനെ എതിർക്കുന്ന വിമത സൈനിക സംഘമായ ആർഎസ്എഫ് അവകാശപ്പെട്ടതോടെ സുഡാൻ ഇക്കാലമത്രയും കാണാത്ത പലായനത്തിന് സാക്ഷിയായി. രണ്ടര വർഷത്തിനിടെ ഒന്നരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ഒന്നരക്കോടി ആളുകൾ ആട്ടിയോടിക്കപ്പെട്ടു.
കർത്തൂം, ഡാർഫർ പോലുള്ള നഗരങ്ങളെല്ലാം പ്രേതനഗരങ്ങളായി. 2025 മധ്യത്തോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയിറക്കപ്പെടലിന് ഇരയാകുന്ന രാജ്യമായി സുഡാൻ മാറി. പത്ത് ലക്ഷത്തോളം ആളുകളാണ് ഭക്ഷ്യസുരക്ഷയുടെ പ്രതസന്ധി അനുഭവിച്ചത്. കുഞ്ഞുങ്ങൾക്കിടയിലെ പോഷകാഹാരക്കുറവ് അഭൂതപൂർവമായി വർധിച്ചതോടെ വിശപ്പടക്കാൻ കാലത്തീറ്റ ഭക്ഷണമാക്കേണ്ട ഗതികേടിലേക്കും ഒരു രാജ്യം പോയി.
ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഓർമ മാത്രമായിപ്പോയി. തങ്ങളും മനുഷ്യരാണെന്ന ചിന്തപോലും ഇല്ലാത്തവരായി ജനങ്ങൾ മാറി.
- ഇറാൻ ഇസ്രയേൽ സംഘർഷം ട്രംപിന്റെ '12 ദിന യുദ്ധം'
പശ്ചിമേഷ്യയെ ആശങ്കയിലാക്കി പോയവർഷം ഇസ്രയേൽ-ഇറാനുമായി യുദ്ധത്തിലേർപ്പെട്ടെങ്കിലും 12 ദിവസത്തിനുള്ളിൽ തന്നെ വെടിനിർത്തലുണ്ടായി. 2025 ജൂൺ 13-ാം തീയതി ഇറാനിലെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലൂടെയായിരുന്നു യുദ്ധമാരംഭിച്ചത്. ഇറാന്റെ കൈവശം അറുപത് ശതമാനം സമ്പുഷ്ടീകരിച്ച നാനൂറിലധികം കിലോഗ്രാം യുറേനിയമുണ്ടെന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ റിപ്പോർട്ട് കാട്ടിയായിരുന്നു ഇസ്രയേൽ പോർവിമാനങ്ങൾ ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ബോംബ് വർഷിച്ചത്. പുതിയ ആണവക്കരാറുണ്ടാക്കാൻ അമേരിക്ക ഇറാനു നൽകിയ അറുപത് ദിവസത്തെ കാലാവധി അവസാനിച്ചത് ജൂൺ 12 ന് ആയിരുന്നു.
ജൂൺ 21 ന് ഇറാനിലെ ആണവ നിലയങ്ങളിൽ ബങ്കർ ബസ്റ്റർ ബോബുകളിട്ട് അമേരിക്കയും യുദ്ധത്തിൽ പങ്കുചേർന്നു. ആണവ നിലയങ്ങളെ തകർത്തതായും ഇറാന്റെ ആണവായുധ നിർമാണശേഷിയെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയതായും അന്നുതന്നെ ട്രംപ് പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് ജൂൺ 23-ന് ട്രംപ് സമ്പൂർണമായ വെടിനിർത്തലും പ്രഖ്യാപിച്ചത്. 610 ഇറാനികളാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 28 ഇസ്രയേലികളും കൊല്ലപ്പെട്ടു. വലിയ നാശനഷ്ടവുമുണ്ടായി. ഇതിന് ശേഷമാണ് ഇസ്രയേൽ-ഇറാൻ യുദ്ധത്തെ 12 ദിന യുദ്ധമെന്ന് ട്രംപ് തന്നെ പേരിട്ടത്. 1967-ലെ ആറുദിന യുദ്ധത്തിന്റെ സ്മരണയുണ്ടാക്കുന്ന പേരായിരുന്നു 12 ദിന യുദ്ധം.
- നേപ്പാളിൽ നിന്നുവന്ന ജെൻസി പ്രക്ഷോഭം
സോഷ്യൽമീഡിയ നിരോധനത്തിൽ തുടങ്ങി അഴിമതി, സാമ്പത്തിക സമത്വം എന്നിവയെല്ലാം ഉയർത്തി നേപ്പാൾ സർക്കാരിനെതിരേ നടന്ന ജെൻസി പ്രക്ഷോഭം ലോകത്തെമ്പാടും പുതിയൊരു പോരാട്ടത്തിനുള്ള തുടക്കം കൂടിയായിരുന്നു. 1996-നും 2010 നും ഇടയിൽ ജനിച്ച യുവജനങ്ങൾ(ജെൻ സി) വിഭാഗക്കാർ നേതൃത്വം കൊടുത്ത പ്രക്ഷോഭം അണമുട്ടിയാൽ ചേരയും കടിക്കുമെന്ന ചൊല്ലുപോലെ അധികാര വർഗങ്ങൾക്കെതിരേയുള്ള പുതിയ സമരമാർഗം കൂടിയായി. 2025 സെപ്തംബർ 8-ന് ആയിരുന്നു നേപ്പാളിലെ ജെൻസി പ്രക്ഷോഭം. സമാധാനമായി തുടങ്ങിയ സമരം അടിച്ചമർത്താൻ തുടങ്ങിയതോടെ അക്രമത്തിലേക്ക് കലാശിച്ചു.
ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെ 26 സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതായിരുന്നു സമരത്തിന്റെ പ്രധാന കാരണം. ഇത് പിന്നീട് മറ്റ് വിഷയങ്ങളിലേക്കും കടന്നു. പതിനായിരിക്കണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകാരികൾ പാർലമെന്റ് കവാടത്തിന് മുകളിൽ വരെ കയറി, പാർലമെന്റ് മന്ദിരത്തിന് തീയിട്ടു. സമരത്തെ തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്കും ആഭ്യന്തര മന്ത്രിക്കും രാജിവെക്കേണ്ടി വന്നു. മുൻ പ്രധാനമന്ത്രി ഝലാൽ നാൽ ഖനാലിന്റെ ഭാര്യ റബി രാജ്യലക്ഷ്മി ചിത്രാകറിനെ പ്രക്ഷോഭകാരികൾ തീയിട്ട് കൊന്നു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വീടുകൾക്ക് തീയിട്ടു. ദിവസങ്ങൾ നീണ്ട പ്രക്ഷോഭത്തിൽ 25 പേരാണ് മരിച്ചത്, 700-ഓളം പേർക്ക് പരിക്കേറ്റു. പ്രധാനമായും നേപ്പാളിൽ തുടങ്ങിയ പ്രക്ഷോഭ മാതൃക പിന്നീട് വിവിധ രാജ്യങ്ങളിലേയും ജെൻ സി പ്രക്ഷോഭമായി മാറി.
യുദ്ധങ്ങൾക്കും മനുഷ്യക്കുരുതിക്കുമപ്പുറം കാലാവസ്ഥയും അതിന്റെ ഏറ്റവും വലിയ ഭീകരാവസ്ഥ കാണിച്ചുതന്ന കാലം കൂടിയാണ് കഴിഞ്ഞുപോയത്. ഏഷ്യൻ രാജ്യങ്ങളായിരുന്നു പ്രധാനമായും കാലാവസ്ഥാ ദുരന്തത്തിന്റെ ഇരകൾ. ഡിറ്റ് വാ, സെൻയാർ ചുഴലിക്കാറ്റുകൾ ആഞ്ഞ് വീശിയപ്പോൾ ശ്രീലങ്കയും ഇൻഡൊനേഷ്യയും മലേഷ്യയും തായ്‌ലൻഡുമെല്ലാം കാലാവസ്ഥാ ദുരന്തത്തിന്റെ ഭീകരതയറിഞ്ഞു.നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ മഴയ്ക്കായിരുന്നു ഈ രാജ്യങ്ങൾ സാക്ഷിയായത്. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ഇന്ത്യയിൽ മാത്രം 4419 മരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ ഈ വർഷം ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. 1.74 കോടി ഹെക്ടർ കൃഷി സ്ഥലങ്ങൾ തകർന്ന് തരിപ്പണമായി. ഡിറ്റ് വാ, സെൻയാർ ചുഴലിക്കാറ്റിൽ പെട്ട് ശ്രീലങ്കയിലും തായ്‌ലൻഡിലും ഇൻഡൊനേഷ്യയിലും മലേഷ്യയിലുമായി 1600 മരണവും റിപ്പോർട്ട് ചെയ്തു.
ലോസ് ആഞ്ജലീസിലെ തീപ്പിടിത്തം; 2025 തുടക്കം മുതൽക്ക് തന്നെ അമേരിക്ക ഏറ്റവും വലിയ കാട്ടുതീയെ അഭിമുഖീകരിച്ചായിരുന്നു ആ വർഷം തുടങ്ങിയത്. 20000 കോടി ഡോളറിന്റെ നഷ്ടമാണ് ലോസ് ആഞ്ജലീസിലെ തീപ്പിടിത്തത്തിൽ ഉണ്ടായത്. 24 പേർ മരിച്ചു. 1.8 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഹോളിവുഡ് താരങ്ങളുടെ വീടുകൾ ഉൾപ്പെടെ അഗ്നിക്കിരയായി. ജനുവരി എട്ടിന് പടർന്ന് പിടിച്ച തീ 40,000 ഏക്കറിലേറെയുള്ള പ്രദേശങ്ങളിലേക്കാണ് പടർന്നത്. അപാർട്‌മെന്റുകളും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളുമടക്കം പതിനായിരത്തിലേറെ കെട്ടിടങ്ങളും കത്തിനശിച്ചു.
മ്യാൻമർ, അഫ്ഗാസിനസ്താൻ ഭൂമികുലുക്കം; 2025 മെയ്മാസം മ്യാൻമറിലുണ്ടായ ഭൂമികുലുക്കവും കാലാവസ്ഥാ ദുരന്തത്തിന്റെ നേർക്കാഴ്ചയായിരുന്നു. റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിൽ ഏകദേശം 3000 പേരാണ് കൊല്ലപ്പെട്ടത്. തായ്‌ലന്റ്, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളിലെല്ലാം ഇതിന്റെ പ്രതിഫലനവുണ്ടായി. സമാനമായി അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂമി കുലുക്കത്തിലും ഏകദേശം 2000-ൽ അധികം ആളുകൾ മരിച്ചു.
ഇതിനിടെയാണ് അതിതീവ്ര കാലാവസ്ഥയെ തുടർന്ന് ലോകത്തിന്റെ കാലാവസ്ഥാ സുചികയെന്നറിയപ്പെടുന്ന ആർട്ടിക്കിലും അന്റാർട്ടിക്കയിലുമെല്ലാം അനുഭവപ്പെടുന്നു മഞ്ഞുരുകൽ. ഈ വർഷത്തെ ഏറ്റവും വലിയ മഞ്ഞുരുകലിന് ഇപ്പോൾ ആർട്ടിക്ക് സാക്ഷ്യം വഹിക്കുകയാണ് എന്നാണ് പുതിയ ആർട്ടിക്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ആഴ്ചകളും മാസങ്ങളുമെടുത്ത് സ്വാഭാവികമായി ഉരുകുന്ന മഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇന്ന് ഇവിടെനിന്ന് അപ്രത്യക്ഷമാവുന്നു. പുനർനിർമാണവും നടക്കുന്നില്ല. മഞ്ഞുരുകൽ കൃത്യമായി നടക്കുകയും മഞ്ഞിന്റെ തിരിച്ചുള്ള ഉത്പാദനം കുറയുകയും ചെയ്യുന്നത് ആർട്ടിക്കിനെ സംബന്ധിച്ച് മരണമണിയുടെ തുടക്കമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
Content Highlights: Explore the devastating conflicts, climate disasters, and political shifts of 2025. From Gaza to Ukraine and Sudan, witness a world grappling with war and environmental crisis.
Published: 29 Dec 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented