
സുഡാന്‍ ആഭ്യന്തരയുദ്ധം രണ്ടര വര്‍ഷം പിന്നിട്ടിരിക്കുന്നു. സൈന്യവും അർധ സൈനിക വിഭാഗവും തമ്മില്‍ അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം ലോകത്തിലെ തന്നെ ഏറ്റവും വലിയ പലായനത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. സൈനികമേധാവി അബ്ദേൽ ഫത്താ അൽ ബുർഹാനും ആർ.എസ്.എഫ്. തലവൻ മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിലുള്ള അധികാരത്തർക്കത്തെത്തുടർന്ന് 2023 ഏപ്രിലിലാണ് യുദ്ധം തുടങ്ങിയത്. ഇതുവരെ യുദ്ധത്തില്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചെന്നാണ് യുഎന്‍ കണക്ക്. കൂട്ടക്കുരുതിക്കൊപ്പം രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 95 ലക്ഷത്തിലധികം ആളുകള്‍ക്ക് ജനിച്ച മണ്ണും വീടും വിട്ട് രക്ഷപ്പെട്ടോടേണ്ടി വന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ പട്ടിണിയിലായി.
സഹാറ മരുഭൂമിയോട് ചേര്‍ന്നുനില്‍ക്കുന്ന ഭൂപ്രദേശമാണ് സുഡാന്‍. പട്ടിണിക്കും ക്ഷാമത്തിനും പലായനത്തിനുമൊപ്പമാണ് സുഡാനെ ലോകം എല്ലായ്‌പ്പോഴും ചേര്‍ത്തുവായിച്ചിരുന്നത്. എണ്ണശേഖരമുണ്ടെങ്കില്‍ പോലും അതിദരിദ്രരാണ് ലോകത്തിന് മുന്നിലെ സുഡാന്റെ ചിത്രം. എന്നാല്‍, രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികള്‍ പരിഹരിക്കാനുതകുന്നത്രയും വിഭവങ്ങളാല്‍ സമ്പന്നമാണ് ഈ രാജ്യം. എണ്ണ, സ്വര്‍ണ്ണം, കൃഷിഭൂമി എന്നിവയുള്‍പ്പെടെയുള്ള വലിയ പ്രകൃതിവിഭവങ്ങളാണ് രാജ്യത്തുള്ളത്. ഇത് അവിടുത്തെ ജനങ്ങളെ പോറ്റാനും അസ്ഥിരതയകറ്റാനും സഹായിക്കും. എന്നാല്‍, ദീര്‍ഘകാലമായി തുടരുന്ന ആഭ്യന്തരസംഘര്‍ഷങ്ങളും വിഭവങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളും അതിനെ തടയിടുകയാണ്.
സുഡാനും അധികാരവും
സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാന്‍ നയിക്കുന്ന സൈന്യമാണ് പ്രധാന അധികാരി. രാജ്യത്തിന്റെ പല മേഖലങ്ങളും ഇവരുടെ അധീനതയിലാണുള്ളത്. വടക്ക്, കിഴക്ക് സുഡാന്റെ ഭൂരിഭാഗം പ്രദേശങ്ങളും അല്‍ ബുര്‍ഹാന്‍ നയിക്കുന്ന സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇതിൽ ഉൾപ്പെടുന്ന മേഖലകളാണ് തലസ്ഥാനമായ ഖാർത്തൂം, നൈൽ നദിക്കരയിലെ മറ്റ് പ്രധാന നഗരങ്ങൾ, ചെങ്കടലിലെ തന്ത്രപ്രധാനമായ പോർട്ട് സുഡാൻ എന്നിവ. എന്നാല്‍, സൈന്യത്തില്‍നിന്ന് അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് അർധ സൈനിക വിഭാഗമായ ആര്‍എസ്എഫ്. 2023 മുതലാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായത്.
പടിഞ്ഞാറന്‍ മേഖലകളാണ് അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫ് നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. 18 മാസത്തോളം നീണ്ട ഉപരോധത്തിന് ശേഷം ഒക്ടോബറില്‍ പ്രധാന നഗരങ്ങളിലൊന്നായ ദാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഫാഷര്‍ പിടിച്ചെടുത്തതോടെ ദാര്‍ഫറിന്റെ എല്ലാ മേഖലകളും ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലായി. അതിര്‍ത്തി ത്രികോണ മേഖലയും ഇവരുടെ അധീനതയിലാണ്. സുഡാന്‍, ലിബിയ, ഈജിപ്തി അതിര്‍ത്തി പ്രദേശമായ ഇത് വ്യാപാരത്തിനും കൈമാറ്റത്തിനുമുള്ള നിര്‍ണായക മേഖലയാണ്. കോര്‍ദോഫാന്‍ മേഖലയുടേയും അല്‍ ജസീറാഹ് സംസ്ഥാനത്തിന്റെയും 90 ശതമാനം മേഖലയും ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലാണ്.
സ്വര്‍ണഖനികളുടെ നാട്
ആഫ്രിക്കയിലെ പ്രമുഖ സ്വര്‍ണ്ണ ഉത്പാദകരില്‍ ഒന്നാണ് സുഡാന്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വര്‍ണനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 533 ടണ്‍ സ്വര്‍ണ നിക്ഷേപമാണ് സുഡാനില്‍ ഔദ്യോഗികമായി കണ്ടെത്തിയിരിക്കുന്നത്. സാധ്യതയുള്ള മേഖലകളിലെ പ്രാഥമിക പരിശോധന പൂര്‍ത്തിയായത് കൂടി കണക്കിലെടുത്താല്‍ ഇത് 1200 ടണ്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. 2024-ല്‍ മാത്രം 64 ടണ്‍ സ്വര്‍ണമാണ് ഖനനം ചെയ്തത്. 157 കോടി ഡോളർ വരുമാനമാണ് ഇത് രാജ്യത്തിന് നല്‍കിയത്. 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കുകളില്‍ ഖനനം 53 ടണ്‍ കഴിഞ്ഞു.
കിഴക്കന്‍ സുഡാനിലെ ഭൂരിഭാഗം നിക്ഷേപങ്ങളും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം മധ്യ, തെക്കുപടിഞ്ഞാറന്‍ സ്വര്‍ണ്ണ ഖനികള്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എഫ് ആണ്. ചെറുകിട സ്വര്‍ണ ഖനനമാണ് പ്രധാനം. ലക്ഷക്കണക്കിന് ആളുകളാണ് ഈ ഖനന മേഖലയില്‍ ജോലി ചെയ്യുന്നത്. എങ്കിലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് ഇത്തരം ചെറുകിട ഖനനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സുഡാനിലെ സ്വര്‍ണ്ണ ഉത്പാദനം 2024-ല്‍ 64 ടണ്ണായി ഉയര്‍ന്നിരുന്നു. 2022-ലെ 41.8 ടണ്ണില്‍ നിന്ന് 53 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. നിയമപരമായ കയറ്റുമതിയിലൂടെ 157 കോടി ഡോളര്‍ വരുമാനം നേടിയിട്ടുണ്ട്. രാജ്യത്തെ അസ്ഥിരത കാരണം കരിഞ്ചന്ത വ്യാപാരം തുടരുന്നു. ഇതിലൂടെയുള്ള വരുമാനം കണക്കാക്കപ്പെട്ടിട്ടില്ല. ഒബ്‌സര്‍വേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്‌സിറ്റിയുടെ കണക്കനുസരിച്ച് 2023-ല്‍ സുഡാനില്‍നിന്നുള്ള 103 കോടി ഡോളറിന്റെ സ്വര്‍ണ്ണ കയറ്റുമതിയുടെ 99 ശതമാനത്തിലധികവും വാങ്ങിയത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ്. സ്വര്‍ണഖനനത്തില്‍ വലിയ സാധ്യതകളാണ് സുഡാന് മുന്നിലുള്ളതെങ്കിലും ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാവുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നുണ്ട്. ജനങ്ങളുടെ പലായനം തൊഴില്‍ മേഖലയെ ആകെ ബാധിക്കുകയും ചെയ്തു.
സുഡാനും കയറ്റുമതിയും
ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാജ്യമാണ് സുഡാന്‍, ഏകദേശം 19 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 2024-ലെ കണക്കനുസരിച്ച് 5.05 കോടിയാണ് ജനസംഖ്യ. നൈല്‍ നദിക്കരയിലും നഗരങ്ങളിലും കേന്ദ്രീകരിച്ചിരിച്ചാണ് ജനവാസം. എല്‍-ഒബെയ്ദ്, പോര്‍ട്ട് സുഡാന്‍, കസ്സാല, ഗദാരിഫ്, എല്‍-ദേയിന്‍, എല്‍-ഫാഷര്‍, അഡ്-ദമാസിന്‍, ജെനീന, ഗെരൈഡ, അത്ബറ തുടങ്ങിയവയാണ് പ്രധാന നഗരങ്ങള്‍.
എണ്ണ, സ്വര്‍ണ്ണം, എണ്ണക്കുരുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് രാജ്യത്തിന്റെ കയറ്റുമതി. 2024-ല്‍ 1.2 ബില്ല്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയാണ് നടന്നത്. 1.1 ബില്ല്യണ്‍ ഡോളര്‍ സ്വര്‍ണം, 0.9 ബില്ല്യണ്‍ ഡോളര്‍ കന്നുകാലികള്‍, 0.8 ബില്ല്യണ്‍ ഡോളര്‍ എണ്ണക്കുരുക്കള്‍ എന്നിവയ്‌ക്കൊപ്പം ഗം അറബിക് , പരുത്തി, കടലവര്‍ഗങ്ങള്‍, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്. എള്ള്, ഗം അറബിക് എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് സുഡാന്‍. ഗം അറബിക് ആഗോള ഭക്ഷ്യ-പാനീയ വ്യവസായത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗം അറബിക് . ഫാര്‍മസ്യൂട്ടിക്കല്‍സ്, സപ്ലിമെന്റുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്.
സുഡാന്റെ ഭൂമിശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് നൈല്‍ നദിയാണ്. കാര്‍ഷികോത്പന്നങ്ങളുടെ തോത്, കൃഷിയുടെ ഭാവി എന്നിവ നൈല്‍നദിയില്‍ നിന്നുള്ള ജലസേചനത്തേയും ആശ്രയിച്ചിരിക്കുന്നു. വൈറ്റ് നൈല്‍ ഖാര്‍ത്തൂമില്‍വെച്ച് ബ്ലൂ നൈലുമായി സംഗമിച്ച് നൈല്‍ നദിയായി വടക്ക് ഈജിപ്തിലേക്ക് ഒഴുകുന്നു. സുഡാന്റെ പകുതിയോളം (51.4 ശതമാനം) മേച്ചില്‍പ്പുറങ്ങളാണ്. ഇത് രാജ്യത്തിന്റെ തെക്ക് ഭാഗത്തായി വ്യാപിച്ചുകിടന്ന് ഖാര്‍ത്തൂം വരെ നീളുന്നുണ്ട്. കന്നുകാലി വളര്‍ത്തല്‍, മൃഗസംരക്ഷണ വ്യവസായങ്ങള്‍ എന്നിവയെ സഹായിക്കുന്നതിനാല്‍ പുല്‍മേടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഈ പ്രദേശങ്ങളുടെ നിയന്ത്രണം സൈന്യവും ആര്‍എസ്എഫും ഏകദേശം തുല്യമായി പങ്കിടുന്നു.പുല്‍മേടിന്റെ വടക്ക് ഭാഗം 'ഗം അറബിക് ബെല്‍റ്റ്' എന്നാണറിയപ്പെടുന്നത്. റെസിന്‍ ഉത്പാദിപ്പിക്കുന്ന അക്കേഷ്യ മരങ്ങളാണ് ഇവിടെ പ്രധാനമായുള്ളത്. പുതിയവ നട്ടുപിടിപ്പിക്കുകയും ചെയ്യാറുണ്ട്. കൃഷിയിടങ്ങള്‍ കൂടുതലും ബ്ലൂ, വൈറ്റ് നൈല്‍ നദികള്‍ക്കിടയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയാണ് സായുധ സേനയുടെ നിയന്ത്രണത്തിലുള്ള ഗസീറ സംസ്ഥാനം സ്ഥിതിചെയ്യുന്നത്.
സുഡാന്റെ കയറ്റുമതിയുടെ 80 ശതമാനവും ഏഷ്യയിലേക്കും 11 ശതമാനം യൂറോപ്പിലേക്കും 8.5 ശതമാനം യിലെ മറ്റു രാജ്യങ്ങളിലേക്കും ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023-ല്‍ യുഎഇ ആയിരുന്നു സുഡാന്റെ പ്രധാന വ്യാപാര പങ്കാളി. സുഡാന്റെ മൊത്തം കയറ്റുമതിയുടെ 21 ശതമാനമാണ് യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്. ഇതില്‍ ഭൂരിഭാഗവും സ്വര്‍ണമായിരുന്നു. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 17 ശതമാനമാണ് ചൈനയിലേക്കുള്ള കയറ്റുമതി. പ്രധാനമായും പച്ചക്കറി ഉത്പന്നങ്ങളായിരുന്നു ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. സൗദി അറേബ്യ, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും സുഡാന്റെ പ്രധാന വ്യാപാര പങ്കാളികളാണ്. സുഡാന്റെ കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും സംഭാവന ചെയ്യുന്നത് ഈ അഞ്ച് രാജ്യങ്ങളാണ്.
പ്രധാന വരുമാനം പെട്രോളിയം
എണ്ണ കയറ്റുമതിയാണ് സുഡാന്റെ പ്രധാന വരുമാന സ്രോതസ്സ്. 2001-നും 2010-നും ഇടയില്‍ പ്രതിദിന ഉത്പാദനം 2,00,000 ബാരലില്‍ നിന്ന് 5,00,000 ബാരലായാണ് വര്‍ധിച്ചത്. എന്നാല്‍, 2011-ല്‍ സുഡാന്‍ വിഭജിക്കപ്പെട്ടപ്പോള്‍ ഈ കണക്കുകള്‍ തകര്‍ന്നു. സുഡാന്റെ എണ്ണ ശേഖരത്തിന്റെ 75 ശതമാനവും ദക്ഷിണ സുഡാനിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച് 2023-ഓടെ സുഡാന്റെ ക്രൂഡ് ഓയില്‍ ഉത്പാദനം പ്രതിദിനം 70,000 ബാരലായാണ് കുറഞ്ഞത്. ഒബ്‌സര്‍വേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്‌സിറ്റിയുടെ കണക്കനുസരിച്ച് ആ വര്‍ഷവും സുഡാന്റെ പ്രധാന കയറ്റുമതികളിലൊന്ന് ക്രൂഡ് ഓയില്‍ ആയിരുന്നു. 113 കോടി ഡോളര്‍ മൂല്യമുള്ള ഇത് ലോകത്തിലെ 40-ാമത്തെ വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായി സുഡാനെ മാറ്റി. മലേഷ്യ, ഇറ്റലി, ജര്‍മ്മനി, ചൈന , സിംഗപ്പൂര്‍, ഇന്ത്യ എന്നിവരായിരുന്നു സുഡാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താക്കള്‍.
2024-ലെ കണക്കനുസരിച്ച്, സുഡാന്റെ എണ്ണ ശേഖരം 125 കോടി ബാരലും പ്രകൃതിവാതക ശേഖരം 3 ലക്ഷം കോടി ക്യുബിക് അടിയാണെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും സുഡാന്‍ കാര്യമായ അളവില്‍ വാതകം ഉത്പാദിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. സുഡാനിലെ മിക്ക എണ്ണപ്പാടങ്ങളും ദക്ഷിണ സുഡാന്‍ അതിര്‍ത്തിയോടടുത്താണ്. ഇവിടെ ഇരു രാജ്യങ്ങളിലെയും എണ്ണ മേഖലകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ എണ്ണപ്പാടങ്ങളില്‍ പലതും നിലവില്‍ ആര്‍എസ്എഫ് നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മധ്യ, വടക്കന്‍ മേഖലകളിലാണ് അഞ്ച് റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്നത്. ഖാര്‍ത്തൂം റിഫൈനറിയാണ് ഇതില്‍ ഏറ്റവും വലുത്. പ്രതിദിനം 1,00,000 ബാരല്‍ സംസ്‌കരിക്കാനുള്ള ശേഷിയാണ് ഈ റിഫൈനറിക്കുള്ളത്. എസ്എഎഫിന്റെ കൈവശമാണ് ഇതുള്ളത്. പോര്‍ട്ട് സുഡാന്‍ റിഫൈനറിയും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സംഘര്‍ഷം മൂലം ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷത്തില്‍ താറുമാറായ സമ്പദ്ഘടന
സുഡാനില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ഉത്പാദനവും വ്യാപാര മാര്‍ഗ്ഗങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് കൊള്ളയടി വര്‍ധിക്കുന്നതിലേക്കെത്തിച്ചു. ഇത് കയറ്റുമതിയെ സാരമായി തടസ്സപ്പെടുത്തി. കൃഷി, സ്വര്‍ണ്ണം, കന്നുകാലി തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകള്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. കൂടാതെ വിദേശനാണ്യ വരുമാനം കുറയാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാനും ഇത് കാരണമായി.
കര്‍ഷകരെ കുടിയിറക്കുകയും കൃഷിഭൂമി നശിപ്പിക്കുകയും റോഡുകള്‍ സഞ്ചാരയോഗ്യമല്ലാതാക്കുകയും ചെയ്തതിലൂടെ ആഭ്യന്തര സംഘര്‍ഷം കാര്‍ഷിക ഉത്പാദനക്ഷമത തകര്‍ത്തു. ദാര്‍ഫൂര്‍, കോര്‍ഡോഫാന്‍ എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സുഡാന്‍ ഗോള്‍ഡ് റിഫൈനറി പോലുള്ള പ്രധാന സ്ഥാപനങ്ങളും സംഘര്‍ഷത്തില്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ബാങ്കുകള്‍ അടച്ചുപൂട്ടിയിരുന്നു. വിമാനത്താവളം അടച്ചിടുകയും ഷിപ്പിങ് നിര്‍ത്തിവെക്കുകയും ചെയ്തത് കയറ്റുമതി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. പ്രധാന വ്യാപാര പാതകള്‍ സഞ്ചാരയോഗ്യമല്ലാതായതോടെ ചരക്ക് വിതരണവും തടസ്സപ്പെട്ടു. ഇതോടെ സംഘര്‍ഷ മേഖലകളില്‍ സാധനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും പതിവായി.
സംഘര്‍ഷം കാരണം 2023-ല്‍ സുഡാനിലെ മൊത്തം ഔദ്യോഗിക കയറ്റുമതി ഏകദേശം 47.5 ശതമാനമാണ് ഇടിഞ്ഞത്. പ്രത്യേകിച്ച് സ്വര്‍ണ്ണ കയറ്റുമതിയിലെ തടസ്സങ്ങള്‍ മൂലം ഇന്ധനം, ഗോതമ്പ്, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ആവശ്യമായ വിദേശനാണ്യശേഖരത്തേയും ബാധിച്ചു. എണ്ണ, ഗം അറബിക്, എള്ള്, കന്നുകാലികള്‍ തുടങ്ങിയവയുടെ കയറ്റുമതി നിലച്ചതോടെ ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വ്യാപാരം പൂര്‍ണമായും തടസ്സപ്പെട്ടു. എങ്കിലും ഒരു വശത്ത് അനധികൃത ചരക്ക് നീക്കങ്ങള്‍ തടസ്സമില്ലാതെ തുടര്‍ന്നിരുന്നു. സംഘര്‍ഷത്തിന്റെ മറവില്‍ യുഎഇ പോലുള്ള അയല്‍രാജ്യങ്ങളിലേക്കുള്ള സ്വര്‍ണക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അട്ടിമറികളില്‍ തകര്‍ന്ന രാജ്യം
ബ്രിട്ടനില്‍നിന്ന് 1956-ല്‍ സ്വാതന്ത്ര്യം നേടിയതു മുതല്‍ ആഭ്യന്തരയുദ്ധവും സംഘര്‍ഷവും കൊണ്ട് കലുഷിതമായിരുന്നു സുഡാന്‍. സ്വാതന്ത്ര്യത്തിനു ശേഷം ആറു പട്ടാള അട്ടിമറികളാണ് സുഡാനിലുണ്ടായത്. ഫലവത്താവാത്ത അട്ടിമറി ശ്രമങ്ങള്‍ വേറെയും. 2011 വരെ സുഡാന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു. സുഡാനിലെ ഭരണകൂടവും വിഘടനവാദികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായി സുഡാന്‍ രണ്ടായി വിഭജിക്കപ്പെട്ടു. ഇതോടെ ദക്ഷിണ സുഡാന്‍ എന്ന പുതിയ രാജ്യം രൂപീകൃതമായി. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് സുഡാനില്‍ സംഘര്‍ഷങ്ങളും ആരംഭിക്കുന്നത്. 1980-കളില്‍ സംഘര്‍ഷം രൂക്ഷമായി.
2023 ഏപ്രിലിലാണ് സുഡാനില്‍ ഭരണകൂടമെന്ന് അവകാശപ്പെടുന്ന സായുധസേനയും (എസ്.എ.എഫ്) അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും തമ്മില്‍ അധികാരത്തിന് വേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍ ആരംഭിക്കുന്നത്. സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള കിടമത്സരം വര്‍ഷങ്ങള്‍ മൂന്ന് വര്‍ഷത്തോളമാവുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഒന്നരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തിന്റെ മറവില്‍ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായി. പട്ടിണി കാരണം സുഡാനില്‍ ദിവസം നൂറോളം പേരാണ് മരിക്കുന്നത് എന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്. നിലവിലെ സംഘര്‍ഷാവസ്ഥയുടെ തുടക്കം മുതല്‍ രണ്ടു കോടിയിലധികം പേരാണ് സുഡാന്‍ അതിര്‍ത്തി കടന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഒരു കോടിയിലേറെ പേര്‍ ആഭ്യന്തര പലായനത്തിലാണ്. രാജ്യത്തെ 90 ശതമാനം വിദ്യാലയങ്ങളും അടച്ചുപൂട്ടി. തത്ഫലമായി ഒരു കോടിയിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ മണ്ണും പുഴുങ്ങിയ ഇലകളും ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്നുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമാനതകളില്ലാത്ത ക്ഷാമത്തിലൂടെയാണ് സുഡാന്‍ മുന്നോട്ടുപോവുന്നത്.
സുഡാന്റെ സംഘര്‍ഷം സൈന്യവും അര്‍ധസൈന്യവും തമ്മില്‍ മാത്രമല്ല. അതിന് വളവും വെള്ളവും നല്‍കാന്‍ വിദേശശക്തികളുമുണ്ട്. രാജ്യത്തെ സ്വര്‍ണഖനികളാണ് ആര്‍എസ്എഫിന്റെ പ്രധാന വരുമാന സ്രോതസ്സ്. സ്വര്‍ണം കടത്തി പണവും ആയുധങ്ങളുമാക്കുന്നതിന് യുഎഇയുടെ സഹായമുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ആര്‍.എസ്.എഫിന് യു.എ.ഇ. സായുധ സഹായം നല്‍കുമ്പോള്‍ ഇറാനും ഈജിപ്തും സായുധ സൈന്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ആര്‍.എസ്.എഫിന് റഷ്യയുടെ കൂലിപട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കരകയറാനാവുമോ?
സുഡാന് നിലവിലുള്ള പ്രതിസന്ധികളെ മറികടക്കണമെങ്കില്‍ ബഹുമുഖ പദ്ധതികളാണ് നടപ്പാക്കേണ്ടത്. അതില്‍ അടിയന്തരമായി നടത്തേണ്ടുന്ന മാനുഷിക ഇടപെടലുകളും ദീര്‍ഘകാല പദ്ധതികളും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശാശ്വതമായ രാഷ്ട്രീയ പരിഹാരങ്ങളും ആവശ്യമാണ്. ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷ്യ ആവശ്യങ്ങളും വൈദ്യ ആവശ്യങ്ങളും നിറവേറ്റുകയെന്നതാണ്. സഹായം ആവശ്യമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നല്‍കുന്നതിനുള്ള പദ്ധതികളെ ലോകമാകെ പിന്തുണയ്ക്കണം. സ്ത്രീകള്‍, കുട്ടികള്‍, കുടിയിറക്കപ്പെട്ടവര്‍ തുടങ്ങിയ ദുര്‍ബലരായ മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സുഡാനില്‍നിന്ന് കുടിയിറക്കപ്പെട്ട് അഭയാര്‍ത്ഥികളെ സ്വീകരിച്ച അയല്‍രാജ്യങ്ങള്‍ ഇവര്‍ക്ക് സഹായവും വിഭവങ്ങളും നല്‍കണം. ഇത് പ്രദേശിക ബാധ്യതകള്‍ കുറയ്ക്കും.
സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് മുഖ്യം. അതിന് എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള സമവായ ചര്‍ച്ചകളും ഇടപെടലും നടത്തേണ്ടതുണ്ട്. ശാശ്വതമായ സമാധാനമായിരിക്കണം അജണ്ട. വെടിനിര്‍ത്തലാണ് ചര്‍ച്ചയില്‍ ഏറ്റവും ആദ്യം അഭിസംബോധന ചെയ്യേണ്ടത്. അക്രമം അവസാനിപ്പിക്കാനും സാധാരണക്കാരുടെ ദുരിതം കുറയ്ക്കാനും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരണം. സഹായം ഫലപ്രദമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കപ്പെടണം.
രാജ്യത്ത് ഇപ്പോള്‍ മൂന്ന് മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അര്‍ധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആര്‍എസ്എഫ്). യുഎസ് ഉള്‍പ്പെടെയുള്ള മധ്യസ്ഥര്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം യുദ്ധത്തില്‍ ആര്‍എസ്എഫിന്റെ എതിര്‍കക്ഷിയായ സുഡാന്‍ സൈന്യം തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍എസ്എഫ് ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മറ്റുരാജ്യങ്ങളുടെയും സമാധാനശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് മൂന്നുമാസത്തേക്ക് മാനുഷിക ഇടവേള അനുവദിക്കുന്നതെന്ന് ആര്‍എസ്എഫ് മേധാവി മുഹമ്മദ് ഹംദാന്‍ ഡഗാലോ പറഞ്ഞു. ഈ നടപടി തുടര്‍ന്നാല്‍ സംഘര്‍ഷങ്ങളാല്‍ പുകയുന്ന രാജ്യത്തിന് അല്‍പം ആശ്വാസമേകും.
Content Highlights: Explore the ongoing Sudan conflict, its devastating impact, rich resources, and the path towards peace. Understand the humanitarian crisis and economic challenges.
Published: 26 Nov 2025, 04:00 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented