ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം എട്ട് പതിറ്റാണ്ടായി പിന്തുടർന്നുപോന്ന സമാധാന നയങ്ങളിൽ (Pacifism) നിന്ന് ജപ്പാൻ പിന്നോട്ട് പോകുന്നു. അയൽരാജ്യമായ ചൈനയുടെ സൈനിക വളർച്ചയും റഷ്യയുടെ നീക്കങ്ങളും വടക്കൻ കൊറിയയുടെ ആണവ ഭീഷണിയും കണക്കിലെടുത്ത് പ്രതിരോധ സംവിധാനങ്ങൾ അടിമുടി പരിഷ്‌കരിക്കുകയാണ് ജപ്പാൻ. ഇതിന്റെ ഭാഗമായി ജിഡിപിയുടെ ഒരു ശതമാനം മാത്രം പ്രതിരോധത്തിനായി മാറ്റിയിരുന്ന ജപ്പാൻ രണ്ട് ശതമാനമായി ഉയർത്താൻ തീരുമാനിച്ചു. 2027-ൽ ഇത് പ്രാബല്യത്തിൽ വരുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിരോധ ചെലവുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് ജപ്പാൻ എത്തും. 2026-ലേക്ക് മാത്രമായി ഏകദേശം 58 ബില്യൺ ഡോളറിന്റെ റെക്കോർഡ് ബജറ്റാണ് ജപ്പാൻ നീക്കിവെച്ചിരിക്കുന്നത്.

To advertise here,

ശത്രുരാജ്യങ്ങളിലെ സൈനിക താവളങ്ങളെ നേരിട്ട് ആക്രമിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലുകൾ (Long-range counter-strike missiles) ജപ്പാൻ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. പ്രതിരോധം മാത്രം ലക്ഷ്യമിട്ടിരുന്ന ജപ്പാന്റെ മുൻകാല നയങ്ങളിൽനിന്നുള്ള വലിയ മാറ്റമാണിത്. ഇതിന് പുറമെ മാരകായുധങ്ങൾ കയറ്റുമതി ചെയ്യുന്നതിലുണ്ടായിരുന്ന 80 വർഷത്തെ വിലക്കും ജപ്പാൻ നീക്കി. ഇതിലൂടെ ഇന്ത്യ ഉൾപ്പെടെയുള്ള 17 സൗഹൃദ രാജ്യങ്ങളിലേക്ക് ഇനി ജപ്പാന് ആയുധങ്ങൾ കൈമാറാൻ സാധിക്കും. ഇത് മാത്രമല്ല, വിവരശേഖരണത്തിനായി അമേരിക്കയുടെ സിഐഎ മാതൃകയിൽ കേന്ദ്രീകൃത ഇന്റലിജൻസ് ഏജൻസി രൂപീകരിക്കാൻ പ്രധാനമന്ത്രി സനേ തകൈച്ചിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചതും നിർണായക നീക്കമായാണ് വിലയിരുത്തുന്നത്.

ജപ്പാന്റെ ഈ മാറ്റങ്ങൾ ഏറ്റവുമധികം ആശങ്കയിലാക്കുന്നത് ചൈനയേയാണ്. മേഖലയിൽ മറ്റൊരു സൈനികശക്തി ഉയർന്നുവരുന്നതിനെ വളരെ കരുതലോടെയാണ് അവർ വീക്ഷിക്കുന്നത്. ജപ്പാന്റെ നയംമാറ്റത്തെ തങ്ങൾക്കെതിരെയുള്ള നീക്കമായാണ് ചൈന കാണുന്നത്. ജപ്പാന്റെ സൈനിക വളർച്ച മേഖലയിലെ സമാധാനം തകർക്കുമെന്നും രണ്ടാം ലോകമഹായുദ്ധ കാലത്തെ ക്രൂരതകൾ ആവർത്തിക്കപ്പെടുമെന്നും ചൈന ആരോപിക്കുന്നു. ജപ്പാൻ അമേരിക്കയുടെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും ചൈന കുറ്റപ്പെടുത്തി. എന്നാൽ, മാറുന്ന ആഗോള സാഹചര്യത്തിൽ പ്രാദേശികമായ സുസ്ഥിരത ഉറപ്പാക്കാൻ തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് ജപ്പാന്റെ നിലപാട്.

ലോകത്ത് ആണവാക്രമണത്തിന് ഇരയായ ഏകരാജ്യമെന്ന നിലയിൽ ആണവായുധങ്ങളോട് കടുത്ത വിയോജിപ്പ് ജപ്പാനിൽ നിലനിന്നിരുന്നു. എന്നാൽ, ഇപ്പോൾ ആണവായുധങ്ങളുടെ പങ്ക് പുനഃപരിശോധിക്കണമെന്ന തരത്തിലുള്ള ചർച്ചകൾ ജപ്പാൻ ഭരണകൂടത്തിനിടയിൽ നടക്കുന്നത് വലിയ മാറ്റമായി കാണപ്പെടുന്നു. എങ്കിലും, 75% ജപ്പാൻ ജനതയും ആണവായുധങ്ങൾ വേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നവരാണ്.

ആണവായുധങ്ങൾ നിർമിക്കുകയില്ല, അവ കൈവശം വയ്ക്കില്ല, മറ്റ് രാജ്യങ്ങളുടെ ആണവായുധങ്ങൾ ജപ്പാൻ മണ്ണിലേക്ക് കൊണ്ടുവരാനോ താവളമൊരുക്കാനോ അനുവദിക്കില്ല തുടങ്ങിയ മൂന്ന് തത്വങ്ങളിലധിഷ്ഠിതമായിരുന്നു ജപ്പാന്റെ ആണവായുധ നയം.

1967-ൽ രാജ്യത്തിന്റെ സുരക്ഷാ നയത്തിന്റെ ഭാഗമായി രൂപീകരിച്ച ഈ നയം 'ത്രീ നോൺ-ന്യൂക്ലിയർ പ്രിൻസിപ്പിൾസ്' (Three Non-Nuclear Principles) എന്നാണ് അറിയപ്പെട്ടിരുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവാക്രമണത്തിന് ശേഷം സമാധാനത്തിലൂന്നിയ പ്രതിരോധ നയം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ജപ്പാൻ ഈ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നത്. ഈ നയത്തിൽ മാറ്റം വരുമോയെന്നാണ് ലോകം നിരീക്ഷിക്കുന്നത്.