വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ തങ്ങളുടെ ഡ്രോണുകൾ വൻതോതിൽ തകർക്കപ്പെട്ട പശ്ചാത്തലത്തിൽ, അമേരിക്കൻ വ്യോമസേന പുതിയ ഡ്രോൺ പദ്ധതിയുടെ സമയക്രമം വേഗത്തിലാക്കുന്നു. നിലവിലുള്ള എംക്യു-9എ റീപ്പർ (MQ-9A Reaper) ഡ്രോണുകൾക്ക് പകരമായി, ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഡ്രോണുകൾ വികസിപ്പിക്കാനാണ് വ്യോമസേനയുടെ തീരുമാനം. നിലവിലെ റീപ്പർ ഡ്രോണുകളുടെ സേവന കാലാവധി അവസാനിക്കുന്നത് വരെ കാത്തിരിക്കാൻ വ്യോമസേന തയ്യാറാകില്ലെന്നാണ് വിവരം.

To advertise here,

നിലവിൽ യു.എസിന്റെ പക്കൽ ആവശ്യത്തിന് എംക്യു-9എ റീപ്പർ ഡ്രോണുകൾ ലഭ്യമാണെങ്കിലും ആശങ്കാജനകമായ വേഗതയിലാണ് അവ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് യു.എസ് എയർഫോഴ്സിന്റെ ചീഫ് മോഡേണൈസേഷൻ ഓഫീസറായ ലഫ്റ്റനന്റ് ജനറൽ ക്രിസ്റ്റഫർ നീമി വ്യക്തമാക്കി. പദ്ധതി വേഗത്തിലാക്കാൻ എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 2031-ഓടെ 20 ഡ്രോണുകൾ പ്രവർത്തനസജ്ജമാക്കുക എന്ന ലക്ഷ്യത്തിന് പകരം അത് രണ്ടു വർഷത്തിന് മുമ്പ് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മെയ് മാസത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം അമേരിക്കൻ വ്യോമസേനയുടെ പക്കലുള്ള റീപ്പർ ഡ്രോണുകളുടെ എണ്ണം 135 ആയി കുറഞ്ഞിരുന്നു. ഇത് സേനയ്ക്ക് ആവശ്യമായ കുറഞ്ഞ പരിധിയായ 189 ഡ്രോണുകളേക്കാൾ 54 എണ്ണം കുറവാണ്. ഇവ നിർമ്മിക്കുന്ന ജനറൽ അറ്റോമിക്‌സ് കമ്പനി 2025-ൽ എംക്യു-9എ നിർമാണം നിർത്തിവെച്ചിരുന്നു. കൂടുതൽ ആധുനികമായ എംക്യു-9ബി സ്‌കൈഗാർഡിയൻ (MQ-9B SkyGuardian) ഡ്രോണുകൾ വാങ്ങുന്നത് ബജറ്റ് പരിമിതികൾ കാരണം പ്രായോഗികമല്ലെന്നും ലഫ്റ്റനന്റ് ജനറൽ ക്രിസ്റ്റഫർ നീമി കൂട്ടിച്ചേർത്തു.

ഫെബ്രുവരിയിൽ ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങൾക്ക് ശേഷം 24 റീപ്പർ ഡ്രോണുകൾ തകർക്കപ്പെട്ടതായി മുൻപ് കോൺഗ്രഷണൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ചുരുങ്ങിയത് 45 ഡ്രോണുകളെങ്കിലും (ആകെ ഡ്രോണുകളുടെ 25 ശതമാനത്തോളം) അമേരിക്കയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് പിന്നീട് റിപ്പോർട്ട് ചെയ്തത്.

ഈ വൻ നാശനഷ്ടം നേരിടാൻ ചെലവ് കുറഞ്ഞതും, വേഗത്തിൽ വൻതോതിൽ നിർമിക്കാൻ കഴിയുന്നതുമായ 'മാസ്ഡ് മോഡുലാർ എയർക്രാഫ്റ്റ്' (Massed Modular Aircraft - MMA) എന്ന പദ്ധതിക്കാണ് വ്യോമസേന രൂപം നൽകിയിരിക്കുന്നത്. റീപ്പർ ഡ്രോണുകളെപ്പോലെ ആക്രമണം നടത്താനും, വിവരശേഖരണം, നിരീക്ഷണം, ഇലക്ട്രോണിക് യുദ്ധമുറകൾ എന്നിവ നിയന്ത്രിക്കാനും ഈ പുതിയ ഡ്രോണുകൾക്ക് സാധിക്കും. ഒരു എം.എം.എ ഡ്രോൺ നിർമിക്കുന്നതിന് ഏകദേശം 1 കോടി ഡോളറാണ് കണക്കാക്കുന്നത്.

അതേസമയം പൂർണ്ണ സജ്ജീകരണങ്ങളോടെയുള്ള ഒരു റീപ്പർ ഡ്രോണിന് 5 കോടി ഡോളർ വരെ ചെലവ് വരും. ഭാവിയിൽ കുറഞ്ഞത് 180 എം.എം.എ ഡ്രോണുകളെങ്കിലും വ്യോമസേനയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി ജനറൽ അറ്റോമിക്‌സ് കമ്പനി 'വൈൽഡ് ഫയർ' എന്ന പുതിയ രൂപകൽപ്പന ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഈ ഡ്രോൺ പദ്ധതിയുടെ പ്രാഥമിക കരാറുകൾ 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.