
ന്യൂഡൽഹി: അമേരിക്കയുടെ ടാങ്കുവേധ മിസൈലായ ‘ജാവലിൻ’, ഇന്ത്യയിൽ നിർമിക്കാൻ പദ്ധതി തയ്യാറാകുന്നു. ഇതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും യു.എസിന്റെ പ്രതിരോധ ഉപകരണ നിർമാണ സ്ഥാപനങ്ങളായ റേതിയോൺ, ലോക്കീഡ് മാർട്ടിൻ എന്നീ സ്ഥാപനങ്ങളും തമ്മിൽ തിങ്കളാഴ്ച കരാർ ഒപ്പിട്ടു. തിങ്കളാഴ്ചയാണ് കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ ഈ സുപ്രധാന വിവരം പുറത്തുവിട്ടത്.
ഇന്ത്യയും യു.എസും സംയുക്തമായി 5500 മിസൈലുകളും പുനരുപയോഗിക്കാവുന്ന 12,000 ലോഞ്ചിങ് യൂണിറ്റുകളും നിർമിക്കാനാണ് കരാർ. മിസൈലിന്റെ പ്രാഥമിക ഘടകങ്ങൾ അമേരിക്കയിൽ തയ്യാറാക്കിയശേഷം ഇവ കപ്പലിൽ ഇന്ത്യയിലെത്തിച്ച് ഇവിടെവെച്ചാകും ഒന്നിപ്പിക്കുക. ഇതിനായി അമേരിക്കൻ കമ്പനികളുടെ സംയുക്ത സംരംഭമായ 'ജാവലിൻ ജോയിന്റ് വെഞ്ച്വർ' (JJV) ടാറ്റയുമായി സഹകരിച്ച് ജാവലിൻ മിസൈലുകളുടെ അന്തിമ അസംബ്ലിങ്ങിനും ഇന്റഗ്രേഷനുമുള്ള ഫാക്ടറി ഇന്ത്യയിൽ സ്ഥാപിക്കും.
ജാവലിൻ മിസൈൽ
ശത്രുക്കളുടെ യുദ്ധടാങ്കുകളെ അവിടെച്ചെന്ന് നശിപ്പിക്കാനുള്ള മിസൈലാണ് ജാവലിൻ. തൊടുത്തുവിട്ടാൽ സ്വയം ലക്ഷ്യം കണ്ടെത്തി എതിരാളികളുടെ ടാങ്കിനെ തകർക്കും. ഭാരം കുറവായതിനാൽ ഒരു സൈനികന് ഒറ്റയ്ക്ക് തോളിൽവെച്ച് പ്രയോഗിക്കാനാകുമെന്ന പ്രത്യേകതയുണ്ട്. മിസൈൽ വിക്ഷേപിക്കുമ്പോൾ വലിയ സ്ഫോടനമോ പുകയോ ഉണ്ടാകില്ല. അതിനാൽ എതിരാളികളുടെ ശ്രദ്ധയിൽപ്പെടാതെ പ്രയോഗിക്കാം. ഇതിലുള്ള ഇൻഫ്രാറെഡ് ഗൈഡൻസ് സിസ്റ്റം മിസൈലിനെ ലക്ഷ്യത്തിലേക്ക് സ്വയം നയിക്കുന്നതിനാൽ, ഇത് തൊടുത്തുവിട്ടയുടൻ തന്നെ സൈനികർക്ക് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ സാധിക്കുന്നു. സാധാരണയായി 2.5 കിലോമീറ്റർ പ്രഹരപരിധിയുള്ള ഈ മിസൈൽ ടാങ്കുകൾ, മറ്റ് കവചിത വാഹനങ്ങൾ, ബങ്കറുകൾ എന്നിവ നശിപ്പിക്കാൻ ശേഷിയുള്ളതാണ്. ടാങ്കുകളുടെ ദുർബലമായ മുകൾഭാഗം ലക്ഷ്യമിട്ട് കുത്തനെ പതിക്കുന്ന 'ടോപ്പ് അറ്റാക്ക്' (top attack) മോഡും, നേരിട്ട് ലക്ഷ്യത്തിലേക്ക് പതിക്കുന്ന ഡയറക്റ്റ് അറ്റാക്ക് മോഡും ഇതിനുണ്ട്. യുക്രൈൻ-റഷ്യ യുദ്ധത്തിൽ റഷ്യൻ ടാങ്കുകളെ പ്രതിരോധിക്കാൻ യുക്രൈൻ സൈന്യം ഇത് വളരെ വിജയകരമായി ഉപയോഗിച്ചിരുന്നു.
Content Highlights: Tata Advanced Systems has partnered with US defense giants Raytheon and Lockheed Martin to establish a facility in India for assembling and integrating up to 5,500 highly advanced Javelin anti-tank missiles.
Published: 01 Sept 2026, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented