ബീജിങ്: വടക്കുകിഴക്കൻ ചൈനയിലെ തുറമുഖ നഗരമായ ക്വിങ്ദാവോയിലെ കപ്പൽ നിർമാണശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന ചരക്ക് കപ്പലിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ചു. 20 പേരുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. അഞ്ച് പേരെ കാണാതായിരുന്നു. ഇവരുടെ മൃതദേഹങ്ങളും കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 25 ആയി.

To advertise here,

42 പേരാണ് കപ്പലിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 11:15-ഓടെയാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 2:30-ഓടെ തീയണച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈബീരിയൻ പതാകയുള്ള 'ഓഷ്യൻ മെലഡി' (Ocean Melody) എന്ന ബൾക്ക് കാരിയർ കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നിർദേശിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാതാക്കളിൽ ഒന്നായ ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷന്റെ ഭാഗമായ ക്വിങ്ദാവോയിലെ ബെയ്ഹായ് ഷിപ്പ് ബിൽഡിങ് കമ്പനിയിൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു.