ടെഹ്റാൻ: യുഎസ് സേനയ്ക്കെതിരായ തിരിച്ചടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാൻ യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ പുതിയ ഇലക്ട്രോ-ഒപ്റ്റിക്കൽ മിസൈലുകൾ ( electro-optical missiles ) ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള 10 അമേരിക്കൻ കപ്പലുകളെയും ജോർദാനിലെ യുഎസ് സൈനിക താവളത്തെയുമാണ് ഇറാൻ ലക്ഷ്യമിട്ടത്. ക്യാമറകളും ലൈറ്റ് സെൻസറുകളും ഉപയോഗിച്ച് ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്തി ആക്രമിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യയാണ് ഈ മിസൈലുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

To advertise here,

യുഎസ് യുദ്ധക്കപ്പലിന് നേരെ പുതിയ പ്രത്യേക ആന്റി-ഡിസ്‌ട്രോയർ മിസൈൽ പ്രയോഗിച്ചതായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റസായീ സ്ഥിരീകരിച്ചു. ഈ മിസൈൽ പരീക്ഷണം അമേരിക്കക്കാർക്ക് നരകം സൃഷ്ടിച്ചെന്നും അവർ പിൻവാങ്ങിയെന്നും അദ്ദേഹം അവകാശപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന കരാറിനായുള്ള ധാരണ ഉപേക്ഷിച്ചതിനെത്തുടർന്ന്, ഇറാന്റെ സൈനിക തന്ത്രം പ്രതിരോധ തന്ത്രത്തിൽ നിന്ന് ആക്രമണ തന്ത്രത്തിലേക്ക് മാറിയതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് റസായീ വ്യക്തമാക്കി.

ജോർദാനിലെ മുവഫാഖ് സൽതി (അൽ-അസ്രഖ്) വ്യോമസേനാ താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കയുടെ നിരവധി യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു എ-10 തണ്ടർബോൾട്ട് വിമാനത്തിന്റെ ചിറക് തകരുകയും, എട്ടോളം എഫ്-15 വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തെ പ്രതിരോധിക്കാൻ യുഎസ് സേന 30-ലധികം പേട്രിയറ്റ് മിസൈലുകൾ വിക്ഷേപിച്ചു. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വഴി 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണവും തകർത്തതായി ജോർദാൻ സൈന്യവും വ്യക്തമാക്കി

എന്നാൽ ഇറാന്റെ ആക്രമണ ശ്രമങ്ങൾ പരാജയപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ജോർദാനിലെ യുഎസ് താവളത്തിന് നേരെ വന്ന മിസൈലുകൾ പ്രതിരോധ സംവിധാനം വഴി തടഞ്ഞതായും അമേരിക്ക വ്യക്തമാക്കി. ജിപിഎസ് സഹായമില്ലാതെ കൃത്യമായ ആക്രമണം നടത്താൻ ശേഷിയുള്ള ഇറാന്റെ 'കാസിം ബാസിർ' (Qassem Bassir) ബാലിസ്റ്റിക് മിസൈലാണോ ഈ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് നിലവിൽ വ്യക്തമല്ല.

ഖാർഗ് ദ്വീപിന് സമീപമുണ്ടായിരുന്ന ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ യുഎസ് തകർത്തതിന് മറുപടിയായാണ് തങ്ങൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി യുഎസ് താവളങ്ങൾക്കും കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന് തിരിച്ചടിയായി ഇറാന്റെ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡും വ്യക്തമാക്കി. തുടർച്ചയായ ആക്രമണങ്ങൾക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബഹ്റൈനിലെയും കുവൈത്തിലെയും താവളങ്ങൾക്കും എണ്ണക്കപ്പലുകൾക്കും നേരെ കൂടുതൽ ആക്രമണമുണ്ടാകുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകുകയും കപ്പൽ ജീവനക്കാരോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ ആകെ എണ്ണ ഗതാഗതത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ ആഗോള ഊർജ്ജ വിപണിയെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. ആക്രമണങ്ങളെത്തുടർന്ന് ജൂലൈയ്ക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.